നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയ നിര്‍മാണം: ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു
നീലേശ്വരം: നീലേശ്വരത്തെ കായിക പ്രേമികളുടെ ചിരകാല സ്വപ്‌നമായിരുന്ന ഇ.എം.എസ് സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കു വേഗതയേറി. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥ സംഘം പുത്തരിയടുക്കത്തെ സ്ഥലം സന്ദര്‍ശിച്ചു. സ്റ്റേഡിയം നിര്‍മാണത്തിന്റെ തുടര്‍നടപടികള്‍ എങ്ങുമെത്താത്തതു സംബന്ധിച്ചു 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെയാണു പ്രവര്‍ത്തനങ്ങള്‍ക്കു വേഗത കൂടിയത്.
യുവജനക്ഷേമ കാര്യത്തിന്റെ ടെക്‌നിക്കല്‍ വിഭാഗം ചീഫ് എന്‍ജിനിയര്‍ മോഹന്‍കുമാര്‍, എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ ബിജു തുടങ്ങിയവരടങ്ങിയ സംഘമാണു സ്ഥലം സന്ദര്‍ശിച്ചത്. പ്രവര്‍ത്തനങ്ങള്‍ക്കു വേഗത കൂട്ടണമെന്നാവശ്യപ്പെട്ടു നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ പി.പി മുഹമ്മദ്‌റാഫി, കൗണ്‍സലര്‍ പി മനോഹരന്‍ എന്നിവര്‍ തിരുവനന്തപുരത്തു പോയി ബന്ധപ്പെട്ടവരുമായി ചര്‍ച്ചയും നടത്തിയിരുന്നു.
നഗരസഭാ അധികൃതര്‍ നല്‍കിയ പ്ലാന്‍ അനുസരിച്ചു എന്‍ജിനിയറിങ് വിഭാഗം സ്റ്റേഡിയത്തിന്റെ കരട് സ്‌കെച്ച് തയാറാക്കിയിരുന്നു. അതിന്റെ സാധ്യത പരിശോധിക്കാനായിരുന്നു സന്ദര്‍ശനം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം അനുയോജ്യമാണെന്നു സംഘം വിലയിരുത്തി. സ്ഥലത്തിന്റെ അതിര്‍ത്തി സംബന്ധിച്ച വിശദമായ രേഖ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
തുടര്‍ന്നു പി കരുണാകരന്‍ എം.പിയുമായും ചര്‍ച്ച നടത്തി. സംഘത്തോടൊപ്പം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ.കെ.പി ജയരാജന്‍, ഉപാധ്യക്ഷ വി ഗൗരി, സ്ഥിരംസമിതി അധ്യക്ഷരായ പി.പി മുഹമ്മദ്‌റാഫി, ടി കുഞ്ഞിക്കണ്ണന്‍, കൗണ്‍സലര്‍മാരായ പി മനോഹരന്‍, സി.സി കുഞ്ഞിക്കണ്ണന്‍ എന്നിവരും ഉണ്ടായിരുന്നു. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ സ്റ്റേഡിയം നിര്‍മാണത്തിനു അഞ്ചുകോടി രൂപ നീക്കിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."