കൊണ്ടോട്ടി നഗരസഭയിലെ കുടിവെള്ള വിതരണത്തിലെ അനിശ്ചിതത്വം നീങ്ങുന്നു
കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതി പ്രയോജനപ്പെടുത്തിയുള്ള കൊണ്ടോട്ടി നഗരസഭയിലെ കുടിവെള്ള വിതരണത്തിലെ അനിശ്ചിതത്വം നീങ്ങുന്നു. നിലവിലെ തുറക്കല്‍ ചെമ്മലപ്പറമ്പ് ടാങ്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനും ചേപ്പിലക്കുന്ന് ടാങ്കില്‍നിന്ന് ചെമ്മലപ്പറമ്പ് ടാങ്കിലേക്ക് വെള്ളമെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേഗത്തിലാക്കാനും ഇന്നലെ ചേര്‍ന്ന കൊണ്ടോട്ടി നഗരസഭ അടിയന്തര യോഗം തീരുമാനിച്ചു.ഇതിനായി 70 ലക്ഷം രൂപ നഗരസഭ വാട്ടര്‍ അതോറിറ്റിയിലേക്ക് നഗരസഭ അടക്കും. ടെന്‍ഡര്‍ നടപടികള്‍ 15 ദിവസത്തിനകം പൂര്‍ത്തീകരിക്കാനും പ്രവൃത്തികള്‍ വേഗത്തിലാക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
കൊണ്ടോട്ടി മേലങ്ങാടി മുതല്‍ നുഹ്മാന്‍ ജങ്ക്ഷന്‍ വഴി വിമാനത്താവള റോഡിന്റെ താഴെഭാഗം വരെയുള്ള സ്ഥലത്തേക്ക് കുടിവെള്ളത്തിന്റെ പ്രധാന പൈപ്പ്‌ലൈന്‍ കൊണ്ടു പോകുന്നതിന് ചെലവാകുന്ന 60 ലക്ഷം രൂപ എയര്‍പോര്‍ട്ട് അതോററ്റിയും 20 ലക്ഷം രൂപ എം.എല്‍.എ ഫണ്ടും വിനിയോഗിച്ച് പൂര്‍ത്തീകരിക്കും.അതോറിറ്റിയുടെ സി.എസ്.ആര്‍ ഫണ്ട് വിനിയോഗിക്കുന്നതിനായി ജില്ലാ കലക്ടര്‍ മുഖേന നഗരസഭ അപേക്ഷ നല്‍കാനും തീരുമാനിച്ചു.
നഗരസഭാ പരിധിയിലെ മേച്ചേരി മുതല്‍ തുറക്കല്‍ വരെ 1400 മീറ്റര്‍ റോഡും,500 മീറ്റര്‍ മാനുമാസ്റ്റര്‍ റോഡും അടക്കം 1900 മീറ്റര്‍ കുടിവെള്ളത്തിനായി പൈപ്പിടലിന് വാട്ടര്‍ അതോറിറ്റി പൊളിക്കുമ്പോള്‍ റോഡ് അറ്റകുറ്റപ്പണി നടത്താന്‍ വാട്ടര്‍അഹോറിറ്റി തയാറാകണം.ഇതിനുള്ള തുക വാട്ടര്‍ അതോറിറ്റി നഗരസഭയില്‍ അടക്കണം.ഇത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റി നേരത്തെ തന്നെ നഗരസഭയുമായി രേഖാമൂലം ധാരണയുണ്ടാക്കിയതാണ്. നിശ്ചിത തുക നഗരസഭയില്‍ അടക്കുന്ന മുറക്ക് മാത്രം റോഡിന്റെ അരിക് വെട്ടിപ്പൊളിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി നല്‍കിയാല്‍ മതിയെന്നും കൗണ്‍സില്‍ തീരുമാനിച്ചു.
നഗരസഭയെ അവഗണിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വെള്ളമെത്തിക്കാനുള്ള വാട്ടര്‍ അതോറിറ്റിയുടെ ശ്രമത്തിനെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.തുടര്‍ന്ന് നഗരസഭയിടൈ റോഡ് വെട്ടിപ്പൊളിച്ചതിന് ഒരുകോടി എണ്‍പത്തിയാറായിരത്തി അറുപത്തിയഞ്ച് രൂപ നഗരസഭക്ക് നല്‍കണമെന്ന് നഗരസഭ ആവശ്യപ്പെട്ടിരുന്നു. നഗരസഭയിലെ 1,2,3,4,5,37,38,39,40 വാര്‍ഡുകളില്‍ വെള്ളമെത്തിച്ചതിന് ശേഷം വിമാനത്താവളത്തിലേക്ക് വെള്ളം നല്‍കിയാല്‍ മതിയെന്നും ആവശ്യപ്പെട്ടിരുന്നു.
പ്രശ്‌നം കഴിഞ്ഞ ദിവസം ജില്ലാകലക്ടര്‍ അമിത് മീണയുടെ സാന്നിധ്യത്തില്‍ നഗരസഭാ കൗണ്‍സില്‍മാരും വാട്ടര്‍അതോറിറ്റി ഉദ്യോഗസ്ഥരും ചേര്‍ന്ന് യോഗം ചേര്‍ന്ന് പരിഹരിച്ചിരുന്നു.
തുടര്‍ന്നാണ് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനങ്ങള്‍ കൈകൊണ്ടത്. യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.സി ഷീബ അധ്യക്ഷയായി. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.കെ ആയിഷാബി, സ്ഥിരംസമിതി ചെയര്‍മാന്‍ യു.കെ മമ്മദിശ,സി.കെ നാടിക്കുട്ടി, സി.മുഹമ്മദ് റാഫി, ചുക്കാന്‍ ബിച്ചു, മുഹമ്മദ് ഷാ മാസ്റ്റര്‍, സൗദാമിനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."