HOME
DETAILS
MAL
മാതൃകകളില്ലാത്തവനു പിശാചാണു മാതൃക
backup
January 19 2020 | 04:01 AM
നേര്‍വഴിയില്‍നിന്ന് വ്യതിചലിച്ച സമൂഹത്തോട് പ്രവാചകശ്രേഷ്ഠനായ ഹാറൂന്‍ പറഞ്ഞു: ''എന്റെ ജനമേ, ഈ കാളക്കിടാവുവഴി നിങ്ങള്‍ പരീക്ഷണവിധേയരായിരിക്കുകയാണ്. കരുണാമയനായ അല്ലാഹു തന്നെയാണ് നിങ്ങളുടെ രക്ഷിതാവ് തീര്‍ച്ച. അതിനാല്‍ എന്നെ നിങ്ങള്‍ പിന്‍പറ്റുക. എന്റെ കല്‍പന അനുസരിക്കുകയും ചെയ്യുക.''
ശ്രദ്ധിച്ചില്ലേ, സൂക്തത്തിന്റെ അവസാനഭാഗം...
'എന്നെ നിങ്ങള്‍ പിന്‍പറ്റുക. എന്റെ കല്‍പന അനുസരിക്കുകയും ചെയ്യുക..!'
ഞാന്‍ പറഞ്ഞതു കേട്ടാല്‍ മതി എന്നു ഭീഷണിപ്പെടുത്തുകയല്ല ചെയ്തത്. ആദ്യം പറഞ്ഞത് 'എന്നെ പിന്‍പറ്റുക..' പിന്നീടാണ് 'എന്റെ കല്‍പന അനുസരിക്കണമെ'ന്നു പറഞ്ഞത്.
മക്കളോട് നാം 'നീ അവനെ കണ്ടു പഠിക്ക്' എന്നു പറയും. അതു പറയാനുള്ള ചങ്കൂറ്റം എന്തുകൊണ്ട് 'എന്നെ കണ്ടു പഠിക്ക്' എന്നു പറയുന്നിടത്ത് കാണുന്നില്ല..? സത്യത്തില്‍ എന്നെ കണ്ടു പഠിക്ക് എന്ന് സ്വന്തം മക്കളോടു പറയേണ്ട ഉത്തരവാദിത്തമുള്ളവരല്ലേ മാതാപിതാക്കള്‍.
പുണ്യപ്രവാചകനോട് അല്ലാഹു പറഞ്ഞ ഒരു കാര്യമുണ്ട്.. ആലു ഇംറാന്‍ അധ്യായം മുപ്പത്തിയൊന്നാം സൂക്തത്തില്‍ അതിപ്രകാരം കാണാം: ''താങ്കള്‍ പ്രഖ്യാപിക്കുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്നെ പിന്തുടരുക; എന്നാല്‍ അവന്‍ നിങ്ങള്‍ക്ക് സ്‌നേഹം വര്‍ഷിക്കുകയും പാപങ്ങള്‍ പൊറുത്തു തരികയും ചെയ്യും.''
സ്വന്തം മക്കളോട് 'എന്നെ പിന്തുടര്‍ന്നോളൂ; നിങ്ങള്‍ക്ക് സ്വര്‍ഗം കരസ്ഥമാക്കാം' എന്ന് സുധീരം പറയാന്‍ എത്ര മാതാപിതാക്കള്‍ക്കു കഴിയും..? സ്വന്തം ശിഷ്യന്മാരോട് 'എന്നെ പിന്‍പറ്റിക്കോളൂ; എങ്കില്‍ നിങ്ങള്‍ക്കു വിജയിക്കാം' എന്നു പറയാന്‍ എത്ര അധ്യാപകര്‍ക്കു ധൈര്യമുണ്ട്...? സ്വന്തം അനുയായികളോട് 'എന്റെ ജീവിതം കണ്ടു പഠിച്ചാല്‍ നിങ്ങള്‍ വഴിതെറ്റില്ല' എന്നു സ്ഥൈര്യത്തോടെ പറയാന്‍ എത്ര നേതാക്കള്‍ക്കു കഴിയും..?
ഞാന്‍ പറഞ്ഞതനുസരിച്ചോളൂ എന്നു പറയുന്നതിനപ്പുറം എന്നെ പിന്‍പറ്റിക്കോളൂ എന്നു പറയാന്‍ കഴിയുന്ന നിലവാരത്തിലേക്കു വളരുമ്പോഴാണ് ഏതൊരു രക്ഷിതാവും അധ്യാപകനും നേതാവും വിജയിക്കുന്നത്. അതു പറയാന്‍ ധൈര്യമില്ലാത്തതുകൊണ്ടാണ് തല്‍ക്കാലം മറ്റൊരാളെ ചൂണ്ടി അയാളെ പോലെയാകാന്‍ നാം നമ്മുടെ കീഴിലുള്ളവരെ നിര്‍ബന്ധിപ്പിക്കുന്നത്.
ഒരു കവി പാടി:
ഇന്നല്‍ ഫതാ മന്‍ യഖൂലു
ഹാ അന ദാ
ലൈസല്‍ ഫതാ മന്‍ യഖൂലു
കാന അബീ
('ഇതാടാ ഞാന്‍' എന്നു പറയുന്നവനാണ് ആങ്കുട്ടി. അല്ലാതെ 'ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന്' എന്നു പറയുന്നവനല്ല.)
പറയുന്നതൊന്നും മക്കള്‍ കേള്‍ക്കുന്നില്ല എന്നതാണ് നമ്മുടെ പ്രധാന പരാതി. ഈ വഴിക്കുപോയാല്‍ രക്ഷപ്പെടുമെങ്കിലും ഞാനാ വഴിക്കില്ല എന്നു പറയുന്നവനെ വല്ലവരും കേള്‍ക്കുമോ..? തിന്മ വിലക്കുകയും അതേസമയം അതു ചെയ്യുകയും ചെയ്യുന്ന നാം നമുക്കു കീഴിലുള്ളവരോട് പറയാതെ പറയുന്നത് ഇതല്ലേ..
പറയുന്നതു കേള്‍ക്കുകയല്ല; അനുകരിക്കുകയാണു മക്കളും ശിഷ്യന്മാരും അനുയായികളും ചെയ്യുക എന്നോര്‍ക്കണം. അവര്‍ നമ്മെ കേള്‍ക്കുന്നതിനെക്കാള്‍ കാണുകയാണു ചെയ്യുന്നത്. കാഴ്ചയ്ക്കാകട്ടെ കേള്‍വിയെക്കാള്‍ സ്വാധീനമുണ്ടുതാനും. ഹജ്ജിനെ കുറിച്ച് അനേക തവണ കേള്‍ക്കുന്നതിനെക്കാള്‍ ശക്തിയുണ്ടാകും ഒരുതവണ അതു കാണുന്നത്. നിരവധി തവണ കാണുന്നതിനെക്കാള്‍ ശക്തിയുണ്ടാകും ഒരു തവണ അതു ചെയ്യുന്നത്. അനേക തവണ നന്മ പറഞ്ഞുകൊടുക്കുന്നതിനെക്കാള്‍ സ്വാധീനമുണ്ടാവുക ഒരു തവണ ചെയ്തു കാണിക്കുന്നതിനാണ്. ഒരു തവണ ചെയ്തു കാണിച്ചാല്‍ പലതവണ പറഞ്ഞുകൊടുക്കേണ്ട ഗതിയുണ്ടാകില്ല. അവനോട് ഞാന്‍ പറഞ്ഞുപറഞ്ഞ് മടുത്തു എന്നു പരിതപിക്കേണ്ട അവസ്ഥ അതോടെ ഇല്ലാതാകും.
വിദ്യാര്‍ഥികളോട് 'ഞാന്‍ പറഞ്ഞത് മനസിലായില്ലേ' എന്നു ചോദിച്ചാല്‍ മനസിലായവരും മനസിലാകാത്തവരുമുണ്ടാകും. നേരെ മറിച്ച്, 'ഞാന്‍ ചെയ്യുന്നത് കാണുന്നില്ലേ' എന്നു ചോദിച്ചാല്‍ ഇല്ല എന്നുത്തരം പറയുന്നവര്‍ അപൂര്‍വമായിരിക്കും. വാക്കല്ല, പ്രവര്‍ത്തിയാണ് മനുഷ്യന്‍ വേഗം ഉള്‍കൊള്ളുക. അതുകൊണ്ടാണ് വാക്കുകള്‍ക്കു കിട്ടാത്ത സ്വീകാര്യത പ്രവര്‍ത്തികള്‍ക്കു ലഭിക്കുന്നത്.
പ്രസംഗകന്‍ മണിക്കൂറുകളോളം പ്രഭാഷണം നടത്തിയെന്നു കരുതുക. തുടര്‍ന്ന് വേദിയില്‍നിന്നിറങ്ങി അദ്ദേഹം പദവിക്കു നിരക്കാത്ത ചെറിയൊരു അബദ്ധം ചെയ്തു. എങ്കില്‍ മണിക്കൂറുകളോളം നടത്തിയ പ്രസംഗത്തിന്റെ മഹത്വമല്ല, അതിനുശേഷം ചെയ്ത ചെറിയൊരു അബദ്ധത്തെ കുറിച്ചായിരിക്കും ജനങ്ങളുടെ സംസാരം. നിങ്ങളെന്തു പറയുന്നു എന്നതിനപ്പുറം എന്തു ചെയ്യുന്നു എന്നതാണ് ആളുകള്‍ക്കറിയേണ്ടത്. ആദ്യമായി ക്ലാസിലേക്കുവരുന്ന അധ്യാപകനെ കുറിച്ച് കുട്ടികള്‍ക്കറിയേണ്ടത് അയാളുടെ ക്ലാസിനെ കുറിച്ചല്ല, അയാള്‍ എങ്ങനെയാണെന്നാണ്.
വഴികാട്ടി വഴി കാട്ടാന്‍ മാത്രം നിന്നാല്‍ പോരാ, വഴിയെ നടന്ന് കാണിച്ചുകൊടുക്കുകയും വേണം. ചെയ്തു കാണിക്കാന്‍ സന്നദ്ധനല്ലാത്തവന്‍ എങ്ങനെ മറ്റുള്ളവരോട് ചെയ്യാനാവശ്യപ്പെടും..? അതിനയാള്‍ക്ക് ന്യായമായ അവകാശമുണ്ടാകുമോ..?
വാക്കുകള്‍കൊണ്ട് അമ്മാനമാടുന്നവരെയല്ല, സംശുദ്ധരായ മാതൃകകളെയാണ് സമൂഹത്തിനുവേണ്ടത്. മാതൃകകളുണ്ടാകുമ്പോഴേ ഏതൊരു സമൂഹത്തിലും നവോഥാനം സംഭവിക്കുകയുള്ളൂ. പണ്ഡിതന്മാരുടെ ദാരിദ്ര്യമല്ല, മാതൃകകളുടെ അഭാവമാണ് സമൂഹം ഇന്നനുഭവിക്കുന്ന പ്രധാന പ്രതിസന്ധി. അനുകരിക്കാന്‍ മാതൃകകളില്ലാത്ത സമൂഹത്തിന് പിശാചായിരിക്കും മാതൃക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."