കഞ്ചാവ് മാഫിയക്കെതിരേ സമരം ചെയ്തവര്‍ക്കെതിരേ പൊലിസ് നടപടിയെന്ന് ആക്ഷേപം
ചട്ടഞ്ചാല്‍: ടൗണിലും പരിസരപ്രദേശത്തും കഞ്ചാവുമാഫിയകള്‍ വിലസുമ്പോള്‍ അവര്‍ക്കെതിരേ നടപടിയെടുക്കുന്നതിനു പകരം സമരം ചെയ്തവര്‍ക്കെതിരേ കേസെടുത്ത പൊലിസ് നടപടിക്കെതിരേ നാട്ടുകാരില്‍ പരക്കെ പ്രതിഷേധം. കഴിഞ്ഞ ദിവസമാണു നാട്ടുകാര്‍ സംഘടിച്ചു മാഫിയക്കെതിരേ രംഗത്തിറങ്ങിയത്. സ്ഥലത്തെ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചായിരുന്നു മാഫിയകള്‍ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ 19നു രാത്രി പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞു റോഡ് മുറിച്ചുകടക്കുന്നതിനിടെ ചട്ടഞ്ചാല്‍ കുന്നുപാറയിലെ കുഞ്ഞഹമ്മദ് എന്ന കുഞ്ഞാമു (80) കാറിടിച്ചു മരിച്ചിരുന്നു. അപകടംവരുത്തിയ കാര്‍ കഞ്ചാവ് മാഫിയാ സംഘത്തിന്റെതാണെന്ന് ആരോപിച്ചു നാട്ടുകാര്‍ പ്രതിഷേധവുമായി ചട്ടഞ്ചാല്‍ ടൗണില്‍ ഒത്തുകൂടിയിരുന്നു.
ഇടിച്ചകാര്‍ അരകിലോമീറ്റര്‍ ദൂരെ കൊണ്ടുപോയി നിര്‍ത്തി കാറിലുണ്ടായിരുന്ന കഞ്ചാവ് മാറ്റിയതായാണു നാട്ടുകാരുടെ ആരോപണം. റോഡരികില്‍ സ്ഥലം കൈയേറി തട്ടുകടകളുണ്ടാക്കുകയും അതു ചിലര്‍ക്ക് 10,000 മുതല്‍ 12,000 രൂപ വരെ തുകയ്ക്ക് മറിച്ചുകൊടുക്കുകയും ഇതിലൂടെ അനധികൃത മദ്യവില്‍പനയ്ക്കും കഞ്ചാവ് വില്‍പനയ്ക്കും സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. ചട്ടഞ്ചാലില്‍ ചില യുവാക്കള്‍ ചേര്‍ന്നു കഞ്ചാവു വില്‍പനയ്ക്കു സൗകര്യമൊരുക്കിക്കൊടുത്ത നാലു പെട്ടിക്കടകള്‍ തീവച്ച് നശിപ്പിച്ചിരുന്നു. ഇതിന്റെ പേരിലാണ് നാട്ടുകാരെ പ്രതിയാക്കി 30 പേര്‍ക്കെതിരേ പൊലിസ് ജാമ്യമില്ലാ വകുപ്പുകള്‍ അനുസരിച്ച് കേസെടുത്തിരിക്കുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു.
കഞ്ചാവ് മാഫിയാസംഘം പൊലിസിനു മുന്നില്‍ വച്ച് നടത്തിയ അക്രമത്തില്‍ പരുക്കേറ്റ് ചെങ്കള നായനാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വ്യാപാരി വ്യവസായി ഏകോപന സമിതി ചട്ടഞ്ചാല്‍ യൂനിറ്റ് പ്രസിഡന്റ് ഖാദര്‍ കണ്ണമ്പള്ളി(50)യടക്കമുള്ള നാട്ടുകാര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
സമരം ചെയ്ത വ്യാപാരി നേതാവിനെ ആശുപത്രിയില്‍ വച്ച് അറസ്റ്റുചെയ്ത നടപടിയില്‍ പ്രതിഷേധിച്ചു വ്യാപാരികള്‍ ചട്ടഞ്ചാലില്‍ ഹര്‍ത്താല്‍ ആചരിച്ചു. നേരത്തെ ചട്ടഞ്ചാലില്‍ പാക്കറ്റ് ചാരായ വില്‍പനയ്‌ക്കെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തിയ ഖാദര്‍ കണ്ണമ്പള്ളിയെ കള്ളക്കേസില്‍ കുടുക്കാന്‍ പൊലിസും ഒത്താശ ചെയ്തുവെന്നാണു വ്യാപാരികളും നാട്ടുകാരും ആരോപിക്കുന്നത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന പെട്ടിക്കടകള്‍ ഒഴിവാക്കുന്നതിനു പകരം കഞ്ചാവ് മാഫിയാ സംഘത്തിന്റെ പ്രവര്‍ത്തനം സുഗമമാക്കുന്ന പെട്ടിക്കടകള്‍ക്കു സംരക്ഷണം നല്‍കുകയാണ് പൊലിസും ബന്ധപ്പെട്ട അധികൃതരും ചെയ്യുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."