എല്ലാവര്‍ക്കും ഭവനം പദ്ധതി: ഒന്നാംഘട്ട ധനസഹായ വിതരണോദ്ഘാടനം 25ന്
ചാവക്കാട്: നഗരസഭയില്‍ 'എല്ലാവര്‍ക്കും ഭവനം' പദ്ധതിയുടെ ഭാഗമായുള്ള ഒന്നാംഘട്ട ധനസഹായവിതരണോദ്ഘാടനം ഫെബ്രുവരി 25ന് നടക്കുമെന്ന് ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നഗരപ്രദേശങ്ങളിലെ ഭവനരഹിതരായവര്‍ക്ക് ഭവനം നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പെടുത്തിയാണ് സഹായധനം വിതരണം ചെയ്യുന്നത്. 25ന് രാവിലെ 10ന് നഗരസഭ ചത്വരത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ.സി മൊയ്തീന്‍ പദ്ധതിയുടെ ധനസഹായവിതരണം ഉദ്ഘാടനം ചെയ്യും.
കെ.വി അബ്ദുല്‍ഖാദര്‍ എം.എല്‍.എ അധ്യക്ഷനാവും. നഗരസഭയില്‍ പദ്ധതിക്കായി സര്‍വെ നടത്തിയതില്‍ ഭൂരഹിതരും ഭവനരഹിതരുമായി 1721 പേരാണുള്ളത്. ഇതില്‍ സ്വന്തമായി ഭൂമി ഉള്ളവരും എന്നാല്‍ ഭവനരഹിതരുമായ 747 പേരെയാണ് ഒന്നാംഘട്ട പദ്ധതിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്.
മൂന്ന് ഘട്ടങ്ങളായാണ് ഭവന നിര്‍മാണ പദ്ധതി നഗരസഭയില്‍ നടപ്പിലാക്കുന്നത്. ഇതില്‍ ഒന്നാംഘട്ടത്തില്‍ തയ്യാറാക്കിയ വിശദമായ പദ്ധതി രേഖക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. 640 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കുന്നതിനായി മൂന്ന് ലക്ഷം രൂപയാണ് ഓരോ ഗുണഭോക്താവിനും അനുവദിക്കുന്നത്.
പദ്ധതി നടത്തിപ്പിനായി ആകെ ചെലവാകുന്ന തുകയായ 10.6 കോടി രൂപയില്‍ 5.3 കോടി കേന്ദ്രവിഹിതവും 1.7 കോടി സംസ്ഥാന വിഹിതവും 1.8 കോടി നഗരസഭ വിഹിതവുമാണ്. 1.7 കോടിയാണ് ഗുണഭോക്തൃ വിഹിതം.
നഗരസഭ വിഹിതം കണ്ടെത്തുന്നതിനായി ഈ വര്‍ഷത്തെ പദ്ധതി തുകയില്‍ നിന്ന് 56 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സമയബന്ധിതമായി ഏറ്റവും വേഗത്തില്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."