ചാവക്കാട് വടക്കേകാട് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് 21 ഗുണ്ടകള്‍ അറസ്റ്റില്‍
ചാവക്കാട്: സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ഗുണ്ടകള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമായി ചാവക്കാട്, വടക്കേക്കാട് സ്റ്റേഷനുകളില്‍ നിന്നായി 21 പേരെ കരുതല്‍ തടങ്കലിലെടുത്തു. പൊലീസ് അന്വേഷിക്കുന്നത് കെ.ഡി ലിസ്റ്റിലുള്ള 43 പേരെക്കുറിച്ച്. ചാവക്കാട് സര്‍ക്കിള്‍ പരിധിയിലെ ചാവക്കാട്, വടക്കേക്കാട് സ്റ്റേഷന്‍ പരിധികളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് 21പേരെ പിടികൂടിയത്. ഇതില്‍ ചാവക്കാട് പത്തും വടക്കേക്കാട് പിന്നൊന്നും ക്രിമിനലുകളേയാണ് പിടികൂടിയത്. കൊലപാതകം, പിടിച്ചുപറി, തട്ടികൊണ്ട് പോകല്‍, ബലാല്‍സംഗം, ബ്‌ളെയ്ഡ് സംഘങ്ങള്‍, കഞ്ചാവ് കടത്തല്‍ എന്നീ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിടിയിലായവരെല്ലാം അതാത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ.ഡി ലിസ്റ്റില്‍ പെട്ട പ്രതികളാണ്. ഇവരില്‍ തന്നെ ഗുണ്ടാ ലിസ്റ്റില്‍ പെട്ട എട്ട് പേരുമുണ്ട്. ചാവക്കാട് 43 പേരാണ് ലിസ്റ്റിലുള്ളത്. ഇവരുടെ ഇപ്പോഴത്തെ നടപ്പ് പൊലീസ് രഹസ്യമായി അന്വേഷിച്ച് വരുകയാണ്. പൊലീസ് അന്വേഷിക്കുന്ന പല ക്രിമിനലുകളും ഒളിവില്‍ പോയിക്കൊണ്ടിരിക്കുകയാണെന്ന സൂചനയുമുണ്ട്. ഗുണ്ടകള്‍ക്ക് സംരക്ഷണം നല്‍കുന്നവരെക്കുറിച്ചുള്ള വിവരങ്ങളും ഇന്റലിജന്‍സ് ശേഖരിക്കുന്നുണ്ട്. കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ച ഇവരെ പിന്നീട് വിട്ടയച്ചു. കൊച്ചിയില്‍ ചലച്ചിത്ര നടി ആക്രമണത്തിനിരയായ പശ്ചാത്തലത്തിലാണ് ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പ് ഒരുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."