ഉദിനൂര്‍ റെയില്‍വേ ഗേറ്റില്‍ മേല്‍പാലത്തിനുള്ള മണ്ണ് പരിശോധന തുടങ്ങി
തൃക്കരിപ്പൂര്‍: ഉദിനൂര്‍ റെയില്‍വേ ഗേറ്റില്‍ മേല്‍പാലം പണിയുന്നതിനു മുന്നോടിയായുള്ള നടപടി ആരംഭിച്ചു. മേല്‍പാലം നിര്‍മിക്കാന്‍ സ്ഥലം സജ്ജമാണോയെന്ന് പരിശോധിക്കുന്ന ബോറിങ് പ്രവൃത്തി തുടങ്ങി.
വെള്ളാപ്പ് റോഡ്, ബീരിച്ചേരി, രാമവില്യം, ഒളവറ-ഉളിയം ഉദിനൂര്‍ എന്നീ റെയില്‍വേ ഗേറ്റുകള്‍ക്കാണ് തൃക്കരിപ്പൂര്‍ മേഖലയില്‍ മേല്‍പാലമില്ലാത്തത്. ഇവിടെയെല്ലാം ബദല്‍ സംവിധാനം ഒരുക്കി ഈ ഗേറ്റുകളെല്ലാം താമസിയാതെ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായാണ് ഉദിനൂര്‍ റെയില്‍വേ ഗേറ്റില്‍ മേല്‍പാലം പണിയാനുള്ള പരിശോധന. മറ്റു ഗേറ്റുകളിലെല്ലാം മണ്ണുപരിശോധന പൂര്‍ത്തിയാക്കുകയും ബീരിച്ചേരി ഗേറ്റില്‍ സ്ഥലം ഏറ്റെടുക്കുന്നതിനു പ്രാഥമിക നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
നടക്കാവ് ഉദിനൂര്‍ എടച്ചാക്കൈ റോഡിലെ ഉദിനൂര്‍ ഗേറ്റില്‍ സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തില്‍ നാല് ഇടങ്ങളിലായാണ് ബോറിങ് നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍മാണ അനുമതി നല്‍കിയ 36 റെയില്‍വേ മേല്‍പാലങ്ങളില്‍ പെടുന്നതാണ് ബീരിച്ചേരിയും ഉദിനൂരും ഉള്‍പ്പെടെയുള്ളവ. 38 കോടി രൂപയാണ് ഉദിനൂര്‍ പാലം നിര്‍മാണത്തിനു ചെലവ്. പകുതി വീതം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വഹിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത്.
സ്വകാര്യ വ്യക്തികളില്‍നിന്ന് ഏറ്റെടുക്കുന്ന ഭൂമിക്കും കെട്ടിടങ്ങള്‍ക്കുമുള്ള നഷ്ടപരിഹാരത്തുക കൂടി കണക്കായാണു നിര്‍മാണച്ചെലവ്. ഭൂമി ഏറ്റെടുക്കലിലെ തടസ്സങ്ങള്‍ നീക്കാനായാല്‍ സാങ്കേതിക അനുമതി നല്‍കി പണി അധികം വൈകാതെ തുടങ്ങാനാകുമെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ട്.
സൗത്ത് തൃക്കരിപ്പൂരില്‍ ഇളമ്പച്ചി തലിച്ചാലം റെയില്‍വേ ഗേറ്റ് അടച്ചുപൂട്ടി ഒന്നര വര്‍ഷം മുന്‍പു തുറന്നു കൊടുത്ത അടിപ്പാത വെള്ളക്കെട്ടു മൂലം ദയനീയ പരാജയമാകുകയും റെയില്‍വേ ഗേറ്റിലൂടെ കിട്ടി വന്ന യാത്രാസൗകര്യം പോലും നഷ്ടമാകുകയും ചെയ്തതിനാല്‍ മറ്റിടങ്ങളില്‍ അടിപ്പാത പണിതു ഗേറ്റ് അടച്ചുപൂട്ടുന്നതിനെതിരെ ശക്തമായ എതിര്‍പ്പുണ്ട്. മേല്‍പാലം മാത്രമേ പാടുള്ളൂവെന്നാണു ജനങ്ങളുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."