ഇക്കോ ടൂറിസം സര്‍ക്യൂട്ട് പദ്ധതി നിര്‍മാണം സെപ്തംബറില്‍ തുടങ്ങും
തൊടുപുഴ: വാഗമണ്‍ - തേക്കടി - ഇടുക്കി ഇക്കോ ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സെപ്തംബറോടെ ആരംഭിക്കാന്‍ കഴിയത്തക്കവിധം നടപടികള്‍ വേഗത്തിലാക്കാന്‍ ഇതു സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പദ്ധതിയുടെ സാമ്പത്തിക സാങ്കേതിക അനുമതികള്‍ നേരത്തെ ലഭിച്ചിട്ടുള്ളതാണെന്നും ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പാക്കുന്നതോടെ ഈ രംഗത്ത് വന്‍ കുതിച്ചുചാട്ടമാകും ജില്ലായിലുണ്ടാകുക എന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു. പ്രകൃതി സൗന്ദര്യം നിലനിര്‍ത്തിക്കൊണ്ടും ആവാസവ്യവസ്ഥക്ക് കോട്ടമുണ്ടാക്കാതെയും മാത്രമെ പദ്ധതികള്‍ നടപ്പാക്കാവൂ എന്ന് ഇ.എസ് . ബിജിമോള്‍ എം.എല്‍.എ യോഗത്തില്‍ പറഞ്ഞു. പദ്ധതി രൂപരേഖയില്‍ റീലൊക്കേറ്റ് ചെയ്യേണ്ടവ പൂര്‍ത്തിയാക്കി ലൊക്കേഷന്‍ മാപ്പ് തയ്യാറാക്കണമെന്ന് ഡി.റ്റി.പി.സി ചെയര്‍മാനും ജില്ലാ കലക്ടറുമായ ഡോ.എ. കൗശിഗന്‍ നിര്‍ദ്ദേശിച്ചു.
വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാന്‍ ഏല്‍പ്പിച്ചിരുന്ന അക്രഡിറ്റഡ് ഏജന്‍സികളോട് ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു. ജൂണ്‍ 30നകം ഇത് തയ്യാറാക്കി സമര്‍പ്പിക്കണം. 24 മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കണം. ഇതിനാവശ്യമായ സമയക്രമം നിശ്ചയിച്ച് സമയബന്ധിതമായി പദ്ധതി നടപ്പാക്കും. പദ്ധതി നടത്തിപ്പിലെ തടസ്സങ്ങള്‍ ഒഴിവാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് തര്‍ക്കങ്ങളുണ്ടെങ്കില്‍ ജൂണ്‍ 30 ന് മുമ്പ് അത് ജില്ലാ കലക്ടറെ അറിയിക്കണം. ആവശ്യമെങ്കില്‍ സംസ്ഥാനതലത്തില്‍ യോഗം ചേര്‍ന്ന് തര്‍ക്കങ്ങള്‍ പരിഹരിച്ച് പദ്ധതി നടത്തിപ്പ് വേഗത്തിലാക്കുമെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് അറിയിച്ചു.
ഇടുക്കിയിലെ ടൂറിസം മേഖലയുടെ മുഖഛായ തന്നെ മാറ്റാനുതകുന്ന പദ്ധതികളാണ് ടൂറിസം സര്‍ക്യൂട്ട് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. അഡ്വഞ്ചര്‍ പാര്‍ക്ക്, ഇക്കോ ലോഡ്ജുകള്‍, വോക്ക്‌വേകള്‍, ആംഫിതിയേറ്റര്‍, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, ബഗ്ഗിക്കാര്‍ തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജയിംസ്, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഷാജി ജേക്കബ്, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് സുലേഖ ജി.എസ്, പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ബിനു, പഞ്ചായത്ത് മെമ്പര്‍മാര്‍, ഡി.റ്റി.പി.സി സെക്രട്ടറി കെ.വി. ഫ്രാന്‍സിസ്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."