യമനിൽ സൈനിക ട്രെയിനിങ് ക്യാമ്പിന് നേരെ ഹൂതി മിസൈൽ, ഡ്രോൺ ആക്രമണം: 80 സൈനികർ കൊല്ലപ്പെട്ടു
റിയാദ്: ആഭ്യന്തര സംഘർഷം രൂക്ഷമായി നടക്കുന്ന യമനിൽ വിമത വിഭാഗം നടത്തിയ ആക്രമണത്തിൽ എൺപതിലധികം സൈനികർ കൊല്ലപ്പെട്ടു. വിമതരായ ഇറാൻ അനുകൂല ഹൂതികൾ സൈനിക ക്യാംപിനു നേരെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലാണ് യമൻ സൈന്യത്തിന് കനത്ത ആൾ നാശം ഉണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ നൂറ്റി അൻപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ആഭ്യന്തര യുദ്ധം തുടങ്ങി അഞ്ചു വർഷത്തിനിടെ നടക്കുന്ന ഏറ്റവും വലിയ മാരകമായ ആക്രമണമാണ് ശനിയാഴ്ച്ച നടന്നത്. ഹൂതികൾ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ആക്രമണം നടത്തിയതിലൂടെ വെളിപ്പെടുന്നതെന്നു യമൻ പ്രസിഡന്റ് അബ്‌ദുറബ്ബ് മൻസൂർ ഹാദി വ്യക്തമാക്കിയതായി യമൻ വാർത്താ ഏജൻസി സാബ റിപ്പോർട്ട് ചെയ്‌തു.
തലസ്ഥാന നഗരിയായ സൻആയിൽ നിന്നും 170 കിലോമീറ്റർ അകലെ മആരിബ് പ്രവിശ്യയിലെ സെൻട്രൽ മആരിബിലെ സൈനിക ക്യാംപിനു നേരെയാണ് ഡ്രോൺ, മിസൈൽ ആക്രമണം നടന്നത്. വൈകീട്ട് നടക്കുന്ന നിസ്‌കാരതിനിടെ സൈനിക ക്യാംപിലെ വെയർ ഹൗസിനും മസ്‌ജിദിനും നേരെയാണ് ഹൂതികൾ ആക്രമണം നടത്തിയത്. യമൻ വ്യോമ സേനയിലെ ഫോർത്ത് ബ്രിഗ്രേഡ് അംഗങ്ങളും ഗാർഡുകളുമാണ് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ആക്രമണത്തിൽ 83 സൈനികർ കൊല്ലപ്പെട്ടതായും 148 പേരെ പരിക്കുകളോടെ പ്രവേശിപ്പിച്ചതായും മആരിബ് സിറ്റി ആശുപത്രി വൃത്തങ്ങൾ വെളിപ്പെടുത്തി.
സൻആയുടെ വടക്ക് നിഹം മേഖലയിൽ ഹൂത്തികൾക്കെതിരെ സഖ്യ പിന്തുണയുള്ള സർക്കാർ സൈന്യം ശക്തമായ സൈനിക നീക്കം നടത്തിയതിനു തൊട്ടുപിന്നാലെയാണ് ഡ്രോൺ, മിസൈൽ ആക്രമണം ഉണ്ടായത്. എന്നാൽ, ആക്രമണത്തിന് ശേഷവും സൈനിക നീക്കം തുടരുകയാണ്. ഇറാൻ നേതാവ് ഖാസിം സുലൈമാനെ അമേരിക്ക കൊലപ്പെടുത്തിയതിന് ശേഷം പശ്ചിമേഷ്യയിൽ ഉയർന്ന യുദ്ധ സമാന സാഹചര്യം കൂടുതൽ സംഘർഷ ഭരിതമാക്കുന്നതാണ് ഇറാൻ അനുകൂല ഹൂതികളുടെ ഈ പ്രവർത്തനമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഇറാൻ നേതാവ് സുലൈമാനി കൊലപാതകത്തിനുള്ള പ്രതികാരത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കുന്നതായിഗൾഫ് റീസേർച്ച് സെന്റർ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് സെക്യൂരിറ്റി ഡയറക്റ്റ്റർ മുസ്‌തഫ അലാനി പറഞ്ഞു. 2014 ൽ യമനിൽ ആഭ്യന്തര യുദ്ധം രൂക്ഷമായതിനു പിന്നാലെ നടന്ന യുദ്ധത്തിനിടെ നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."