സാമ്പത്തിക സംവരണമെന്ന ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധം
പൊതുതെരഞ്ഞെടുപ്പ് നടക്കാന്‍ കഷ്ടിച്ച് മൂന്നു മാസം മാത്രം ബാക്കിനില്‍ക്കെ, മുന്നോക്കവിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റ നീക്കം കേവലം രാഷ്ട്രീയ ലാഭത്തിനു വേണ്ടി മാത്രമുള്ളതാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം മറ്റൊന്നുമല്ല, ഈ ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കുക എളുപ്പമല്ലെന്നതുതന്നെയാണ്.
50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്ന സുപ്രിംകോടതി ഉത്തരവ് നിലവിലുണ്ട്. നിലവില്‍ ഇത്രയും ശതമാനം സംവരണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. മുന്നോക്കക്കാരിലെ സാമ്പത്തിക പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുക വഴി ഇത് 60 ശതമാനത്തിലെത്തും. ഇങ്ങനെപോയാല്‍ ഇത് നിയമപോരാട്ടത്തിലേക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്. സാമ്പത്തിക സംവരണം സുപ്രിംകോടതി അംഗീകരിച്ചിട്ടില്ലാത്ത നിലയ്ക്ക് അതിനായുള്ള നിയമനിര്‍മാണം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നുള്ളതും ഉറപ്പാണ്.
നാലുവര്‍ഷവും എട്ടുമാസവും ഉറക്കത്തിലായിരുന്ന സര്‍ക്കാര്‍ പൊതുതിരഞ്ഞെടുപ്പിന്റെ 100 ദിവസം മുമ്പ് തോല്‍വി മുന്നില്‍ക്കണ്ട് കൊണ്ടുവന്നതാണ് തീരുമാനമെന്നാണ് പ്രതിപക്ഷവും അഭിപ്രായപ്പെടുന്നത്.
തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ, ഭരണഘടനാ ഭേദഗതി പാസാക്കാനുള്ള സാവകാശമോ അതിലുപരി ഭൂരിപക്ഷമോ ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനില്ല. രാജ്യസഭയില്‍ മാത്രല്ല, ലോക്‌സഭയിലും ഇപ്പോള്‍ ബി.ജെ.പിയ്ക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിയാണ്. ബി.ജെ.പി ശ്രമിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനായതുകൊണ്ടുതന്നെ സഭയില്‍ ഭരണഘടനാ ബില്ലിനെ പ്രതിപക്ഷം പിന്തുണയ്ക്കാനിടയില്ല.
എന്നിരുന്നാലും തെരഞ്ഞെടുപ്പില്‍ ഇക്കാര്യമുന്നയിച്ച് മുന്നോക്കക്കാരുടെ വോട്ടുപിടിക്കാന്‍ ബി.ജെ.പിയ്ക്കാവും. പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാത്തതിനാലാണ് ബില്‍ പാസാക്കാന്‍ കഴിയാതിരുന്നതെന്ന കാര്യമാവും ബി.ജെ.പി ഈ അവസരത്തില്‍ പ്രചാരണത്തിനായി ഉപയോഗിക്കുക.
യു.പിയും ഗുജറാത്തുമടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്നോക്കവിഭാഗങ്ങളുടെ വോട്ട് ബി.ജെ.പിയ്ക്ക് നിര്‍ണായകമാണ്. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും തെരഞ്ഞെടുപ്പില്‍ സവര്‍ണവിഭാഗങ്ങളില്‍ നിന്നും തിരിച്ചടി നേരിട്ടതിനു പിന്നാലെയാണ് സാമ്പത്തിക സംവരണമെന്ന മൂര്‍ച്ചയുള്ള വാള്‍ ബി.ജെ.പി പ്രയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം യു.പിയില്‍ നടന്ന മൂന്ന് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പി പരാജയം രുചിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് നടപ്പാക്കല്‍ എളുപ്പമാകില്ലെന്നറിഞ്ഞിട്ടും മോദി സര്‍ക്കാര്‍ സാമ്പത്തിക സംവരണമെന്ന തന്ത്രം പ്രയോഗിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."