സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവില്‍ ഗോവിന്ദനും ജയന്തിയും
കാസര്‍കോട്: ഊണിലും ഉറക്കിലും ഗോവിന്ദ വാര്യര്‍ക്ക് ഒരേ ഒരു ചിന്തയേ ഉണ്ടായിരുന്നുള്ളു. തനിക്കും ഭാര്യ ജയന്തിക്കും തയലചായ്ക്കാന്‍ സ്വന്തമായി ഒരുപിടിമണ്ണ് വേണം. ഇത്തവണ ഗോവിന്ദന്റെ സ്വപ്നം പൂവണിഞ്ഞു.
പട്ടയമേളയില്‍ പള്ളിക്കര പഞ്ചായത്തിലെ തോക്കാനംമൊട്ട എന്ന സ്ഥലത്ത് ഒന്‍പത് സെന്റ് ഭൂമി ഇവര്‍ക്കായി അനുവദിച്ചു. ആറ് വര്‍ഷത്തിലേറെയുള്ള ശ്രമത്തിന്റെ ഫലമായിട്ടാണ് ഭൂമി അനുവദിച്ച് കിട്ടിയത്. സ്വന്തമായി ഒരു പിടി മണ്ണെന്ന ഏറെ നാളത്തെ സ്വപ്നസാക്ഷാത്കാരത്തിന്റെ നിറവിലാണ് ഈ അറുപത്തിരണ്ടുകാരന്‍. പനയാല്‍ മഹാലിംഗേശ്വര ക്ഷേത്രത്തില്‍ നിവേദ്യപാത്രം കഴുകലും ദേവന് പൂമാല കെട്ടലുമാണ് ഗോവിന്ദന്റെ ജോലി. ക്ഷേത്രത്തിന്റെ വകയായി സൗജന്യമായി അനുവദിച്ച മുറിയിലാണ് ഇരുവരും താമസിക്കുന്നത്.
ഹൃദ്‌രോഗിയായ ഗോവിന്ദന് ഡോക്ടര്‍ ഓപ്പറേഷന്‍ വേണമെന്ന് നിര്‍ദ്ദേശിച്ചതാണ്. പണമില്ലാത്തതിനാല്‍ ഇത് വരെ ഓപ്പറേഷന്‍ നടത്തിയിട്ടില്ല. മാസം ക്ഷേത്രത്തില്‍ നിന്ന് കിട്ടുന്ന 3700 രൂപയില്‍ 3000 രൂപയോളം മരുന്ന് വാങ്ങാന്‍ ചെലവാക്കണം. വാതരോഗിയായിട്ട് പോലും ഇദ്ദേഹത്തെ സഹായിക്കാന്‍ ഭാര്യ ക്ഷേത്രത്തില്‍ അടിച്ച് വാരാന്‍ പോകുന്നതിനാല്‍ മാസം 2000 രൂപയോളം കിട്ടുന്നത് കൊണ്ട് രണ്ട്‌പേരും ജീവിക്കുന്നു. ഇവരുടെ ഒരേ ഒരു മകളെ കല്യാണം കഴിപ്പിച്ച് വിട്ടെങ്കിലും ഭര്‍ത്താവ് മരിച്ചു. മകള്‍ക്ക് രണ്ട് പെണ്‍കുട്ടികളാണ്. മുമ്പ് ജോലി ചെയ്തിരുന്ന ക്ഷേത്രങ്ങളുടെ വകയായി ലഭിക്കുന്ന റൂമിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. പട്ടയഭൂമി ലഭിച്ചതോടെ ഇതിന് അറുതി വന്നിരിക്കയാണ്.
സങ്കടത്തിന്റെ നടുക്കടലില്‍ നില്‍ക്കുമ്പോഴും സ്വന്തമായി ഭൂമിക്ക് പട്ടയം കിട്ടിയ ആശ്വാസത്തിലാണ് ഗോവിന്ദനും ജയന്തിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."