ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുക്കണം: എം.കെ മുനീര്‍
കോഴിക്കോട്: ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും പ്രതിപക്ഷത്തെയും വിശ്വാസത്തിലെടുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍.
കേന്ദ്രസര്‍ക്കാരിനെയും സംസ്ഥാന സര്‍ക്കാരിനെയും ചേര്‍ത്ത് നിര്‍ത്തേണ്ടത് ഗവര്‍ണറാണ്. എന്നാല്‍ കേരള ഗവര്‍ണര്‍ സംസ്ഥാനം തന്റേതല്ലെന്നത് പോലെയാണ് ഇപ്പോള്‍ പെരുമാറുന്നത്. രാഷ്ട്രീയ കാര്യങ്ങളില്‍ അമിതമായി ഇടപെടുകയാണ്. ഗവര്‍ണര്‍ സമന്വയത്തില്‍ നില്‍ക്കുകയാണ് വേണ്ടതെന്നും എം.കെ മുനീര്‍ പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി ഒരു രാഷ്ട്രീയ വിഷയമോ മതവിഷയമോ അല്ലാതായി മാറിയിരിക്കുന്നു.
ജനങ്ങള്‍ ആശങ്കാകുലരാണ്. അവര്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് വ്യത്യാസമില്ലാതെ സമരങ്ങളില്‍ പങ്കെടുക്കുകയാണ്.
സി.എ.എക്ക് മുന്‍പും എന്‍.ആര്‍.സിയും എന്‍.പി.ആറും നടപ്പാക്കിയിരുന്നു.
എന്നാല്‍ സി.എ.എക്ക് ശേഷം നടപ്പാക്കാന്‍ പോകുന്ന എന്‍.ആര്‍.സിയും എന്‍.പി.ആറും ജനങ്ങളെ വേര്‍തിരിക്കാനുള്ളതാണ്. ഇത് ഇടതുപക്ഷത്തോട് മത്സരിക്കാനുള്ള സമരമല്ല. മോദിക്കും അമിത്ഷായ്ക്കുമെതിരേയുള്ള സമരമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനുവരി 30ന് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ മനുഷ്യഭൂപടം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."