മെഡിക്കല്‍ കോളജ് ഉപേക്ഷിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം: യു.ഡി.എഫ്
കല്‍പ്പറ്റ: വയനാട് ജില്ലയുടെ സ്വപ്ന പദ്ധതിയായി വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ യു.ഡി.എഫ് യോഗം കുറ്റപ്പെടുത്തി. മെഡിക്കല്‍ കോളജിനായി നിര്‍ദേശിക്കപ്പെട്ട സ്ഥലത്ത് നിന്നും പാരിസ്ഥിതിക ആഘാതപ്രദേശമെന്ന ബന്ധപ്പെട്ടവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാറ്റിസ്ഥാപിക്കാനുള്ള നീക്കം അപലപനീയമാണ്. 9 ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന ജില്ലയില്‍ ഒരു മെഡിക്കല്‍ കോളജ് പോലുമില്ലാത്തതിന്റെ ദുരിതം ശക്തമായതോടെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് വയനാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചത്. ചന്ദ്രപ്രഭ ട്രസ്റ്റ് കല്‍പ്പറ്റ പുളിയാര്‍മലയില്‍ സൗജന്യമായി നല്‍കിയ 50 ഏക്കര്‍ ഭൂമി ഇതിനായി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് 2015 ജൂലൈ 12ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രിയുടെ തറക്കല്ലിടല്‍ നിര്‍വഹിച്ചു. സംസ്ഥാന ബജറ്റില്‍ 25 കോടി രൂപയും നബാര്‍ഡില്‍ നിന്ന് 41 കോടിയും ലഭ്യമാക്കാനും യു.ഡി.എഫ് സര്‍ക്കാരിനായി. എന്നാല്‍ തുടര്‍ന്ന് അധികാരത്തിലേറിയ എല്‍.ഡി.എഫ് സര്‍ക്കാര്‍ പദ്ധതി പാതിവഴിയുലുപേക്ഷിക്കുകയായിരുന്നു.
ഒരു കാരണവശാലും നിര്‍ദ്ദിഷ്ട സ്ഥലത്ത് നിന്നും മെഡിക്കല്‍ കോളജ് മാറ്റരുതെന്നും നിലവിലുള്ള പാരിസ്ഥിതിക റിപ്പോര്‍ട്ട് പുനഃപ്പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനുവരി 23ന് നടക്കുന്ന കലക്ടറേറ്റ് ഉപരോധം വന്‍വിജയമാക്കുന്നതിന് മൂന്ന് നിയോജകമണ്ഡലങ്ങളിലും വിപുലമായ യു.ഡി.എഫ് കണ്‍വന്‍ഷനുകള്‍ ചേരും. ബത്തേരിയില്‍ ജനുവരി 10നും കല്‍പ്പറ്റയില്‍ 14ന് 11 ണിക്കും മാനന്തവാടിയില്‍ അന്നേ ദിവസം മൂന്നിനും കണ്‍വന്‍ഷന്‍ നടക്കും. യോഗത്തില്‍ ചെയര്‍മാന്‍ പി.പി.എ കരീം അധ്യക്ഷനായി. കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ സ്വാഗതം പറഞ്ഞു. കെ.കെ അഹമ്മദ് ഹാജി, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.എല്‍ പൗലോസ്, സി.പി വര്‍ഗീസ്, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി, എന്‍.കെ റഷീദ്, കെ.സി റോസക്കുട്ടി ടീച്ചര്‍, കെ.വി പോക്കര്‍ ഹാജി, വി.എ മജീദ്, കെ.കെ അബ്രഹാം, റസാഖ് കല്‍പ്പറ്റ, എന്‍.കെ വര്‍ഗീസ്, പടയന്‍ മുഹമ്മദ്, പി.കെ അസ്മത്ത്, പി.പി ആലി, കെ.കെ ഗോപിനാഥന്‍ മാസ്റ്റര്‍, സി.എം. ബാബു, കെ.എം എബ്രഹാം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."