കാട്ടുതീ പ്രതിരോധം; മുതുമലയില്‍ 120 താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചു
ഗൂഡല്ലൂര്‍: മുതുമല കടുവാ സങ്കേതത്തില്‍ കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനത്തിനായി പുതുതായി 120 താല്‍ക്കാലിക ജീവനക്കാരെ വനം വകുപ്പ് നിയമിച്ചു. മുതുമലയിലെ ബഫര്‍ സോണ്‍ ഏരിയയില്‍ കാട്ടുതീ തടയാനായി ആദിവാസികള്‍ അടക്കമുള്ള ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. കൂടാതെ തെപ്പക്കാട്ടില്‍ വയര്‍ലസ് സംവിധാനത്തോട് കൂടിയ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്. 308 കി. മീറ്റര്‍ ചുറ്റളവുള്ള മുതുമല കടുവാ സങ്കേതത്തിന്റെ അതിര്‍ത്തികളില്‍ കാട്ടുതീ തടയാനുള്ള ഫയര്‍ ലൈന്‍ നിര്‍മാണവും പുരോഗമിക്കുകയാണ്. തണുപ്പ് ശക്തമായ നീലഗിരിയില്‍ രാത്രിയിലെ മഞ്ഞു വീഴ്ചയും പകലിലെ ചൂടും കാരണം വനത്തിലെ അടിക്കാടുകള്‍ ഉണങ്ങിയ നിലയിലാണ്. ഇത് കാട്ടുതീ സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് വനം വകുപ്പ് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."