ഇതു പ്രതിരോധമോ പോര്‍വിളിയോ
2015 ല്‍ മാത്രം ലോകരാജ്യങ്ങള്‍ തങ്ങളുടെ പ്രതിരോധാവശ്യങ്ങള്‍ക്കായി ചെലവാക്കിയ തുകയെത്രയെന്നോ. 1676 ബില്യന്‍ അമേരിക്കന്‍ ഡോളര്‍! തുകയുടെ വലുപ്പം ഒന്നുകൂടി ബോധ്യമാക്കാം. ഒരുകോടി പന്ത്രണ്ടുലക്ഷത്തി ഇരുപത്തിയൊമ്പതിനായിരത്തി ഇരുന്നൂറു കോടി രൂപ.
ഈ കണക്കാകട്ടെ പൂര്‍ണമല്ലതാനും. ലോകത്തെ 172 രാഷ്ട്രങ്ങളുടെ പ്രതിരോധച്ചെലവു മാത്രമേ ലഭ്യമായിട്ടുള്ളൂ. അതില്‍ത്തന്നെ പലതും യഥാര്‍ഥചെലവിനേക്കാള്‍ കുറച്ചു കാണിച്ചതുമാണ്. ഇവകൂടി പരിഗണിച്ചാല്‍ യഥാര്‍ഥപ്രതിരോധച്ചെലവു മേല്‍പ്പറഞ്ഞ ഔദ്യോഗികകണക്കിനും അപ്പുറമാകും.
സ്വീഡന്‍ ആസ്ഥാനമായ സ്റ്റോക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തങ്ങളുടെ 2016 ഏപ്രിലിലെ റിപ്പോര്‍ട്ടിലാണു മേല്‍പ്പറഞ്ഞ കണക്കു വിവരിച്ചിട്ടുള്ളത്. 2015 ലെ ആകെ ചെലവായ 1676 ബില്യണ്‍ എന്നത് തലേവര്‍ഷത്തേക്കാള്‍ ഒരു ശതമാനം കൂടുതലാണ്. ഇതു മൊത്ത ആഗോള ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.3 ശതമാനം വരും. പ്രതിരോധച്ചെലവില്‍ മുന്നില്‍ അമേരിക്ക തന്നെ. 596 ബില്യണ്‍ ഡോളര്‍. അതായത് 39 ലക്ഷം കോടി രൂപ. ലോകത്താകമാനമുള്ള പ്രതിരോധച്ചെലവിന്റെ 36 ശതമാനം.
അമേരിക്കയുടെ 2015 ലെ പ്രതിരോധച്ചെലവ് 2014 ലേതിനേക്കാള്‍ 2.4 ശതമാനം കുറവാണ്. പ്രതിരോധരംഗത്തെ ചെലവഴിക്കലില്‍ രണ്ടാംസ്ഥാനത്തു ചൈനയാണ്. 215 ബില്യണ്‍ ഡോളര്‍. അതായത് 14 ലക്ഷം കോടി രൂപ. അമേരിക്കയുടെ മൂന്നിലൊന്നുമാത്രമേ ചൈന സൈനികാവശ്യങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ളുവെങ്കിലും ഇതു ചൈനയുടെ കഴിഞ്ഞവര്‍ഷത്തെ ചെലവിനേക്കാള്‍ 7.4 ശതമാനം കൂടുതലാണ്.
മൂന്നാംസ്ഥാനത്തുള്ളത് താരതമ്യേന ചെറിയരാഷ്ട്രമായ സഊദി അറേബ്യയാണ്. 87.2 ബില്യണ്‍ ഡോളറാണ് സഊദിയുടെ പ്രതിരോധച്ചെലവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.7 ശതമാനം കൂടതല്‍. നാലാംസ്ഥാനത്തുള്ള റഷ്യ ചെലവിട്ടത് 66.4 ബില്യണ്‍ ഡോളറാണ്. ഇതും 2014 ലേതിനേക്കാള്‍ 7.5 ശതമാനം കൂടുതലാണ്. പിന്നാലെയുള്ളതു ബ്രിട്ടനാണ്. 55.5 ബില്യണ്‍.
ഇന്ത്യ ആറാമതുണ്ട്. 2015 ല്‍ ഇന്ത്യ ചെലവിട്ടത് 51.3 ബില്യണ്‍ ഡോളറാണ്. 3.3 ലക്ഷം കോടി രൂപ. ഇതും മുന്‍വര്‍ഷത്തേക്കാള്‍ കൂടുതലാണ്. മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.6 ശതമാനം വരുന്ന തുകയാണ് ഇന്ത്യ 2015 ല്‍ സൈനികാവശ്യങ്ങള്‍ക്കായി ചെലവിട്ടത്. ഫ്രാന്‍സ്, ജപ്പാന്‍, ജര്‍മനി, ദക്ഷിണകൊറിയ തുടങ്ങിയവരാണു ചെലവില്‍ മുന്നിട്ടുനില്‍ക്കുന്ന മറ്റു വമ്പന്മാര്‍. ആഗോളപ്രതിരോധച്ചെലവിന്റെ മുക്കാല്‍ഭാഗവും ചെലവിടുന്നതു മേല്‍പ്പറഞ്ഞ പത്തുരാജ്യങ്ങളാണ്.
1998 മുതല്‍ 2011 വരെ ആഗോളപ്രതിരോധച്ചെലവില്‍ ക്രമമായ വര്‍ധനവാണുണ്ടായത്. പിന്നീട്, 2014 വരെ നേരിയ കുറവുണ്ടായി. ഇപ്പോഴിതാ 2015 ല്‍ വീണ്ടും ചെലവ് പത്തുശതമാനം കൂടി. എന്നാല്‍, എല്ലാമേഖലയിലും രാജ്യങ്ങളിലും ഒരേപോലുള്ള വര്‍ധനവോ കുറവോ കാണുന്നില്ല. ചില മേഖലാരാഷ്ട്രങ്ങളില്‍ ചെലവുകൂടുമ്പോള്‍ ചിലയിടങ്ങളില്‍ കുറയുന്നു.
ആഫ്രിക്കയിലും പടിഞ്ഞാറന്‍ യൂറോപ്പിലും ലാറ്റിനമേരിക്കയിലും കരീബിയന്‍ ദ്വീപസമൂഹങ്ങളിലും എന്തിനേറെ അമേരിക്കയില്‍പ്പോലും പ്രതിരോധച്ചെലവില്‍ കുറവു രേഖപ്പെടുത്തുമ്പോള്‍ ഏഷ്യ, പസഫിക് രാജ്യങ്ങളിലും മധ്യ-കിഴക്കന്‍ യൂറോപ്പ് മേഖലയിലും മധ്യേഷ്യന്‍ രാജ്യങ്ങളിലും സൈനിക ചെലവുകൂടിവരികയാണ്. ഇവ രണ്ടിനും അതിന്റേതായ രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങളുണ്ട്.
അഫ്ഗാനിസ്ഥാനില്‍നിന്നും ഇറാഖില്‍നിന്നും അമേരിക്കന്‍സേന വലിയതോതില്‍ പിന്മാറിയതാണ് അമേരിക്കന്‍ സൈനികച്ചെലവു കുറയാന്‍ കാരണം. ബജറ്റ് കമ്മി കുറച്ചുകൊണ്ടുവരികയെന്ന ഒബാമയുടെ നയവും ഇതിനു പ്രേരിപ്പിച്ചു. ഒന്നാം ഒബാമ സര്‍ക്കാരിന്റെ അവസാനവര്‍ഷംമുതല്‍ ഇങ്ങോട്ട് രണ്ടാംസര്‍ക്കാരിന്റെ മുഴുവന്‍ കൊല്ലങ്ങളിലും അമേരിക്കന്‍ സൈനികച്ചെലവു നാമമാത്രമായെങ്കിലും ക്രമമായി കുറഞ്ഞുവരികയാണ്.
അണുവായുധശേഖരം കുറച്ചുകൊണ്ടുവരുന്നതിലും കൂട്ടനശീകരണായുധങ്ങളുടെ എണ്ണം കുറയ്ക്കുന്നതിലും റഷ്യയുമായുണ്ടാക്കിയ സഹകരണവും അമേരിക്കയ്ക്കു തുണയായി. അമേരിക്കയിലെന്നപോലെ മധ്യപടിഞ്ഞാറന്‍ യൂറോപ്യന്‍രാജ്യങ്ങളിലും പ്രതിരോധച്ചെലവ് 2009 മുതല്‍ കുറഞ്ഞുവരികയാണ്. ആഗോളസാമ്പത്തികപ്രതിസന്ധിയാണ് ഇതിനുകാരണം.
സമ്പദ്‌വ്യവസ്ഥയില്‍ എണ്ണയ്ക്കു പ്രാധാന്യമുള്ള മേഖലാപ്രദേശങ്ങളിലും പ്രതിരോധനീക്കിയിരിപ്പു കുറയുകയുണ്ടായി. ലാറ്റിനമേരിക്കന്‍രാജ്യമായ വെനിസ്വേല 2015 ല്‍ മാത്രം നടത്തിയ പ്രതിരോധവെട്ടിച്ചുരുക്കല്‍ മുന്‍വര്‍ഷത്തെ ചെലവിന്റെ 64 ശതമാനമാണ്. ആഫ്രിക്കന്‍രാജ്യമായ അങ്കോള സൈനികച്ചെലവില്‍ വരുത്തിയ കുറവ് 42 ശതമാനമാണ.് ബഹറിന്‍, ബ്രൂണെ, ചാഡ്, ഇക്വഡോര്‍, ഖസാക്കിസ്ഥാന്‍, ഒമാന്‍, ദക്ഷിണ സുഡാന്‍ തുടങ്ങിയ എണ്ണ സമ്പദ്‌വ്യവസ്ഥാരാജ്യങ്ങളും തങ്ങളുടെ സൈനിക ബജറ്റ് വെട്ടിച്ചുരുക്കി.
ഏഷ്യാ-പെസഫിക് മേഖലാരാഷ്ട്രങ്ങളില്‍ പ്രതിരോധച്ചെലവ് 2015 ല്‍ 5.4 ശതമാനം കൂടി. പ്രധാനകാരണം ചൈനയുടെ വര്‍ധിച്ച സൈനികനീക്കിയിരിപ്പുതന്നെ. ചൈനയും അയല്‍രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ മേഖലയിലാകമാനമുള്ള രാഷ്ട്രങ്ങളെ തങ്ങളുടെ പ്രതിരോധബജറ്റ് വിഹിതം കൂട്ടാന്‍ നിര്‍ബന്ധിതരാക്കിയെന്നതാണു വാസ്തവം. ഇന്തോനേഷ്യയുടെയും ഫിലിഫൈന്‍സിന്റെയും വിയറ്റ്‌നാമിന്റെയും ഇന്ത്യയുടെയും വര്‍ദ്ധനവിന് ഇതുതന്നെ കാരണം. വര്‍ഷങ്ങളായി പ്രതിരോധച്ചെലവ് ക്രമമായി കുറച്ചുകൊണ്ടുവരുന്ന ജപ്പാനെ ഇപ്പോള്‍ പ്രതിരോധം കൂട്ടാന്‍ പ്രേരിപ്പിക്കുന്നതും ചൈനയുടെ ഈ നിലപാടുതന്നെ. മധ്യേഷ്യയുടെ പ്രതിരോധച്ചെലവിന്റെ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും 2006-2015 സമയത്ത് ഇറാഖിന്റെ പ്രതിരോധച്ചെലവില്‍ 536 ശതമാനം വര്‍ദ്ധനവുണ്ടായെന്നു റിപ്പോര്‍ട്ട് പറയുന്നു.
2010 മുതല്‍ 2014 വരെയുള്ള കാലത്ത് ഇന്ത്യയുടെ പ്രതിരോധച്ചെലവ് മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ശതമാനക്കണക്കില്‍ നോക്കിയാല്‍ കുറഞ്ഞുവരികയാണ്. എന്നാല്‍, തുകക്കണക്കു കൂടുകയാണ്. 2009 ല്‍ ജി.ഡി.പിയുടെ 2.9 ശതമാനം നീക്കിവച്ചപ്പോള്‍ 2014 ല്‍ ക്രമേണ കുറഞ്ഞ് 2.4 ശതമാനത്തിലെത്തി. എന്നാല്‍, 2015 ല്‍ ഇതു വീണ്ടും വര്‍ധിച്ച് 2.6 ശതമാനമായി.
'സിപ്രി'യുടെ കണക്കുപ്രകാരം കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ആയുധ ഇറക്കുമതി ആഗോള ഇറക്കുമതിയുടെ 15 ശതമാനമാണ്. ചൈന ഇറക്കുമതി ചെയ്യുന്ന ആയുധത്തിന്റെ മൂന്നിരട്ടിയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 2005 മുതല്‍ 2010 വരെ ആഗോള ആയുധ ഇറക്കുമതിയില്‍ ഇന്ത്യയുടെ പങ്ക് ഏഴുശതമാനം മാത്രമായിരുന്നുവെങ്കില്‍ തുടര്‍ന്നുള്ള അഞ്ചുവര്‍ഷംകൊണ്ട് ഇറക്കുമതി ഇരിട്ടിയിലധികമായി. ഇന്ത്യയുടേതിനേക്കാള്‍ കൂടുതല്‍ ആയുധ ഇറക്കുമതി ചെയ്യുന്ന ഒരു രാഷ്ട്രമേയുള്ളൂ ഭൂമുഖത്ത്, അതു സഊദി അറേബ്യയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."