ജലക്ഷാമം നേരിടാന്‍ രാജസ്ഥാന്‍ മാതൃക
ഇന്ത്യയുടെ മരുഭൂമിയാണ് രാജസ്ഥാന്‍. നേരത്തേ രജപുത്താന എന്നപേരില്‍ നാട്ടുരാജ്യമായിരുന്ന ഈ പ്രദേശം അറുപതുവര്‍ഷംമുമ്പാണ് സംസ്ഥാനമായി രൂപംകൊണ്ടത്. യുദ്ധവീരന്മാരായ രജപുത്രന്മാര്‍ നാടുവാണ ചരിത്രമുണ്ട് ഈ മധ്യേന്ത്യന്‍ സംസ്ഥാനത്തിന്. അജ്മീര്‍പോലുള്ള പുണ്യസ്ഥലങ്ങളും ഉയരംകൂടിയ കൊടുമുടികളിലൊന്നായ മൗണ്ട് ആബു പര്‍വതനിരയും പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന തലസ്ഥാനനഗരിയുമൊക്കെയായി ഏഴുകോടി ജനങ്ങളുടെ ജന്മഭൂമി.
ജോധ്പൂരും നാഗൂരും അല്‍വാറും ഝാര്‍മറും ബിക്കാനീറും ഗംഗാനഗറും ഉദയപൂരുമൊക്കെയായി 200 നിയമസഭാമണ്ഡലങ്ങളും 25 ലോക്‌സഭാമണ്ഡലങ്ങളുംകൊണ്ടു ധന്യമായ ഈ പ്രവിശ്യ പണ്ടുതൊട്ടേ അതിരൂക്ഷമായ ജലക്ഷാമം നേരിടുന്ന പ്രദേശമാണ്. ഗോസംരക്ഷണം കാര്യമായി നടക്കുന്നതിനാല്‍ ഒരു കുപ്പി പാല്‍ ചോദിച്ചാല്‍ രാജസ്ഥാനികള്‍ ഉടന്‍ എടുത്തുതരും. എന്നാല്‍, വേനല്‍ക്കാലത്ത് ഒരു ഗ്ലാസ് വെള്ളം ചോദിച്ചാല്‍ കിട്ടില്ല. എങ്കിലും, കേരളത്തിന്റെ ഇരട്ടി ജനസംഖ്യയും ഏഴിരട്ടിയോളം വിസ്തീര്‍ണവുമുള്ള ഈ സംസ്ഥാനം, വര്‍ഷത്തില്‍ മൂന്നുമാസം സമൃദ്ധമായി മഴലഭിക്കുന്ന കേരളത്തിന്, ജലസംഭരണത്തിന്റെ കാര്യത്തില്‍ മാതൃകയാകുകയാണ്.
ഇന്ത്യയുടെ ആകെ വിസ്തീര്‍ണത്തിന്റെ രണ്ടുശതമാനംപോലുമില്ലാത്ത സംസ്ഥാനമാണു കേരളം. ഇത്രയും കൊച്ചുപ്രദേശത്ത് 44 നദികളുമുണ്ട്. എന്നിട്ടും, ഇന്ത്യയില്‍ ജലക്ഷാമം നേരിടുന്ന ഏതാനും സംസ്ഥാനങ്ങളിലൊന്നാണു കേരളം. കബനിയും ഭവാനിയും പാമ്പാറുമൊഴികെ 41 നദികളിലെയും വെള്ളം അറബിക്കടലിലേയ്ക്ക് ഒഴുക്കിവിട്ടാണു നാം വരള്‍ച്ച ഏറ്റുവാങ്ങുന്നത്.
കാലവര്‍ഷം സമൃദ്ധമായി ലഭിക്കുന്നുണ്ടെങ്കിലും നമ്മുടെ നദികളും കായലുകളും കുളങ്ങളും കിണറുകളും ജലസംഭരണികളാക്കി നിലനിര്‍ത്താന്‍ നമുക്കാവുന്നില്ല. ശാസ്ത്രീയമായ ജലവിനിയോഗമല്ല ഇവിടെ നടക്കുന്നത്്, ജലധൂര്‍ത്താണ്. അതില്‍ നാമോരോരുത്തരും ഉത്തരവാദികളുമാണ്. വൈകിയാണെങ്കിലും ഒരു ജലാവബോധം കേരളീയരില്‍ ഉടലെടുത്തിട്ടുണ്ടെന്നതു മറക്കുന്നില്ല. ശൗചാലയങ്ങളില്‍പ്പോലും നാം ഉപയോഗിക്കുന്ന വെള്ളത്തിന്റെ തോതു കുറച്ചുകൊണ്ടുവരാന്‍ ഇതു പ്രയോജനപ്രദമായിട്ടുമുണ്ട്. എങ്കിലും, രാജസ്ഥാന്‍ എന്ന മരുപ്രദേശം നല്‍കുന്ന പാഠം നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്.
നാലുവര്‍ഷത്തിനകം അവിടുത്തെ 21,000 ഗ്രാമങ്ങളെയും വെള്ളത്തിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമാക്കാനുള്ള തീവ്രശ്രമമാണു രാജസ്ഥാന്‍ സര്‍ക്കാര്‍ തുടങ്ങിവച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഖജനാവില്‍നിന്നുള്ള വിഹിതത്തിനു പുറമേ പൊതുജനങ്ങളില്‍നിന്നു സംഭാവന സ്വീകരിച്ചും അവര്‍ ഒരു ജലനിധി ആരംഭിച്ചിരിക്കുന്നു. വ്യക്തികളും ജാതി,മത,സാമുദായിക,സാംസ്‌കാരിക സംഘടനകളൊക്കെ ഈ പദ്ധതിയുടെ ഭാഗമാണ്.
ഇതിനകം മുപ്പതുകോടിയോളം രൂപ പിരിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി ആറുമാസത്തെ ശമ്പളം പദ്ധതിക്കായി സംഭാവനചെയ്തു. മന്ത്രിമാര്‍ മൂന്നുമാസത്തെയും എം.എല്‍.എമാര്‍ കക്ഷിരാഷ്ട്രീയമില്ലാതെ ഒരോ മാസത്തെയും ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ ആദ്യഗഡുവായി ഒരു ദിവസത്തെ ശമ്പളവും നല്‍കും.
നിയോജകമണ്ഡലം അലവന്‍സ് 12000 രൂപയും ചുരുങ്ങിയ യാത്രാബത്ത 15000 രൂപയും ഒക്കെയായി കേരളത്തിലെ ഓരോ എം.എല്‍.എക്കും മാസംതോറും നാല്‍പ്പതിനായിരത്തോളം രൂപയാണു കിട്ടാന്‍പോകുന്നത്. 35,000 രൂപയുടെ പെന്‍ഷനുവരെ അവര്‍ക്ക് അര്‍ഹതയുമുണ്ട്.
സര്‍ക്കാരില്‍നിന്ന് അനുവദിക്കുന്ന നാട്ടുകാരന്റെ നികുതിപ്പണം മണ്ഡലത്തില്‍ ഇഷ്ടപ്പെട്ട ഇനങ്ങളില്‍ ചെലവാക്കി എം.എല്‍.എ ഫണ്ടില്‍നിന്നുള്ള സംഭാവനയായി ഫ്‌ളക്‌സ് ബോര്‍ഡു വയ്ക്കുന്ന രീതി നമുക്കു മാറ്റിയെടുക്കാം. പ്ലാസ്റ്റിക് മാലിന്യമുക്തമെന്നു പറഞ്ഞു നഗരങ്ങളിലെ ചണ്ടിക്കൊട്ടകളാകെ എടുത്തുമാറ്റി തെരുവായ തെരുവെല്ലാം ചണ്ടി വലിച്ചെറിയാനുള്ള കേന്ദ്രങ്ങളാക്കി മാറ്റിയവരാണു നാം. അതിലേയ്ക്ക് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെട്ടിയുയര്‍ത്തിയ പ്ലാസ്റ്റിക് ഷീറ്റുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും വന്നുകൊണ്ടേയിരിക്കുന്നു.
മഴകൊണ്ട് ഏറെ അനുഗ്രഹിക്കപ്പെട്ട കേരളത്തിനു ജലക്ഷാമത്തില്‍നിന്നു മുക്തിനേടാനെങ്കിലും പുതിയ നിയമസഭാസാമാജികര്‍ രാജസ്ഥാനെ മാതൃകയാക്കട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."