മന്ത്രവാദ ചികിത്സയ്ക്കിടെ മരണം; വ്യാജസിദ്ധന്മാര്‍ക്കെതിരേ ജനരോഷം
എടച്ചേരി: മന്ത്രവാദ ചികിത്സയ്ക്കിടയില്‍ യുവതി പൊള്ളലേറ്റ് മരിച്ചസംഭവത്തെതുടര്‍ന്ന് പുറമേരിയില്‍ ജനം ഭീതിയില്‍. ഇവിടെ വാടക വീട് കേന്ദ്രീകരിച്ച് നടന്നിരുന്ന ചികിത്സയുടെ വിവരം പരിസരവാസികള്‍ പോലും അറിയുന്നത് വൈകിയാണ്. കോഴിക്കോട്ട് പുതിയ കടവ് ലൈല മന്‍സിലിലെ ശമീന (29 ) എന്ന യുവതിക്ക് ചികിത്സയ്ക്കിടെ അതിദാരുണമായി പൊള്ളലേറ്റതോടെയാണ് മന്ത്രവാദ ചികിത്സയെ കുറിച്ച് പുറത്തറിയുന്നത്. മാസങ്ങളോളമായി ഇവിടെ കുറ്റ്യാടി അടുക്കത്ത് സ്വദേശിനിയായ തൂവാട്ട് പൊയില്‍ നജ്മ (37)എന്ന സ്ത്രീ ഇത്തരം ചികിത്സ നടത്തി വരികയായിരുന്നു. നജ്മക്കെതിരേ കുറ്റകരമായ നരഹത്യയ്ക്ക് പൊലിസ് കേസെടുത്തിട്ടുണ്ട്. കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ് നജ്മ. പുറമേരിയിലെ വാടക വീട്ടില്‍ ദൂരദിക്കുകളില്‍ നിന്ന് പോലും ചികിത്സ തേടി ആളുകള്‍ എത്തിയിരുന്നു. എന്നാല്‍ ചികിത്സയ്ക്കായി ആളുകള്‍ എത്തുന്നത് പരിസരവാസികളുടെ പോലും ശ്രദ്ധയില്‍പെടാതിരിക്കാന്‍ ഇവര്‍ ഏറെ ശ്രദ്ധിച്ചിരുന്നു. വീട്ടിലെത്തുന്നവരെ പുറകിലത്തെ വാതില്‍ വഴിയാണ് അകത്ത് പ്രവേശിപ്പിച്ചിരുന്നത്. മന്ത്രവാദത്തിനായി ഒരു മുറിയും ഇവിടെ പ്രത്യേകം സജ്ജീകരിച്ചിരുന്നു. മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നവരും വിവിധ കാര്യങ്ങള്‍ സാധിക്കുന്നതിനുമായാണ് ആളുകള്‍ എത്തിയിരുന്നത്. ഇവരില്‍ ഏറിയ പങ്കും സ്ത്രീകളായിരുന്നു.
കുറ്റ്യാടിയിലും പരിസരങ്ങളിലും മുന്‍പ് വീടുകളില്‍ ജോലി ചെയ്തിരുന്ന നജ്മ തനിക്ക് ജിന്ന് സേവയുള്ളതായി അവിടെയുള്ള നാട്ടുകാരായ സ്ത്രീകളോട് പറഞ്ഞിരുന്നു. കുറ്റ്യാടിയിലും ചില വീടുകള്‍ കേന്ദ്രീകരിച്ച് നേരത്തേ ചികിത്സ നടത്തിയിരുന്നു. പിന്നീടാണ് പുറമേരിയില്‍ എത്തുന്നത്. ഇത്തരം ചികിത്സകള്‍ കച്ചവടമായി കാണുന്ന ചില ഏജന്‍സികളുമായി ഇവര്‍ക്ക് ബന്ധമുളളതായും നാട്ടുകാര്‍ക്ക് സംശയമുണ്ട്. മരണപ്പെട്ട കോഴിക്കോട് വെള്ളയില്‍ സ്വദേശിനിയായ യുവതി മാഹിയിലുളള തന്റെ ബന്ധുക്കള്‍ മുഖേനയാണ് ഇവിടെ എത്തിയത്. എന്നാല്‍ അയല്‍ക്കാര്‍ക്കു പോലും കൃത്യമായി അറിവില്ലാത്ത ഇവരെകുറിച്ചുള്ള വിവരം പുറംനാട്ടുകാര്‍ക്ക് എങ്ങനെ ലഭിച്ചുവെന്നാണ് ജനങ്ങളെ അത്ഭുതപ്പെടുത്തുന്നത്.
ചികിത്സയ്ക്കിടെ യുവതി മരണപ്പെട്ടതോടെ ഇത്തരം മന്ത്രവാദങ്ങള്‍ക്കെതിരേ ഇവിടെ ശക്തമായ പൊതുജനരോഷം രൂപപ്പെട്ട് വരികയാണ്. മതത്തിന്റെ മറവില്‍ നടക്കുന്ന, ചൂഷണത്തില്‍ അധിഷ്ഠിതമായ ഇത്തരം ചികിത്സാരീതികളെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. പലപ്പോഴും ഇത്തരം ചികിത്സയ്ക്ക് പണം മുടക്കുന്നതിന് ആവശ്യക്കാര്‍ പിശുക്ക് കാണിക്കാറില്ല. പണത്തിന് പുറമെ സ്വര്‍ണവും പ്രതിഫലമായി നല്‍കുന്നവരുമുണ്ട്. ജനങ്ങളെ വിശ്വാസത്തിലൂടെ ചൂഷണം ചെയ്യുന്ന ഇത്തരം ചികിത്സാ കേന്ദ്രങ്ങളെ കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."