ഹോം നഴ്‌സിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
കൊച്ചി: ഹോം നഴ്‌സിന്റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. പാലാരിവട്ടം പല്ലിശേരി റോഡില്‍ വല്യാപറമ്പില്‍ വീട്ടില്‍ തോബിയാസ്(34) ആണ് വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ് കൊല്ലപ്പെട്ടത്. ഹോം നഴ്‌സ് തൃശൂര്‍ ഏരണാട്ട് ലോറന്‍സിനെ(54) സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 12 മണിക്കാണ് സംഭവം.
ഒരു വര്‍ഷം മുമ്പ് മയക്കുമരുന്നിനടിമയായ തോബിയാസിനെ ചികിത്സയ്ക്കു ശേഷം പരിചരിക്കാനാണ് ലോറന്‍സ് വീട്ടിലെത്തുന്നത്. തോബിയാസും 82കാരിയായ മാതാവ് സൂസന്നയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. തോബിയാസ് സൂസന്നയുടെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുമാറ്റിയെങ്കിലും പിന്തിരിയാതിരുന്നപ്പോഴാണ് കറിക്കത്തിയുപയോഗിച്ച് പിന്നില്‍ നിന്ന് കുത്തിയതെന്നും ലോറന്‍സ് പൊലിസിനോട് പറഞ്ഞു.
പുറത്ത് മൂന്ന് കുത്തുകളും വാരിയെല്ലിനും കൈക്കും ഓരോ കുത്തുകളുമാണ് തോബിയാസിന് ഏറ്റിരുന്നതെന്ന് ആശുപത്രി വൃത്തങ്ങളറിയിച്ചു. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ തോബിയാസിനെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുമണിയോടെ മരിക്കുകയായിരുന്നു. അടിയന്തര ചികിത്സ നല്‍കുന്നതിനിടെ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണം. പാലാരിവട്ടം എസ്.ഐയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. ജനറല്‍ ആശുപത്രിയില്‍ മൃതദേഹമെത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
അതേസമയം തോബിയാസ് രക്തം വാര്‍ന്ന് അമ്മ ഉറങ്ങി കിടന്നിരുന്ന മുറിയുടെ കതകില്‍ വന്നു മുട്ടുകയായിരുന്നെന്നും തുടര്‍ന്ന് അമ്മ ഫോണ്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് താനെത്തിയാണ് തോബിയാസിനെ ആശുപത്രിയിലെത്തിച്ചതെന്നും തോബിയാസിന്റെ സഹോദരി കാതറിന്‍ പറഞ്ഞു.
ലോറന്‍സാണ് തന്നെ കുത്തിയതെന്നും തോബിയാസ് ആശുപത്രിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. പലതവണ ലോറന്‍സുമായും സൂസന്നയുമായുംതോബിയാസ് വഴക്കുണ്ടാക്കിയിരുന്നതായും പൊലിസ് പറഞ്ഞു.
കഞ്ചാവുകേസില്‍ പ്രതിയായിരുന്നയാളാണ് തോബിയാസെന്നാണു പൊലിസ് നല്‍കുന്ന സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."