ശങ്കരാചാര്യരുടേത് മനുഷ്യവിരുദ്ധ നിലപാട്: കെ.എസ്.ഭഗവാന്‍
കോഴിക്കോട്: മനുഷ്യത്വത്തിനെതിരേ നിലപാടെടുത്ത വ്യക്തിയായിരുന്നു ശങ്കരാചാര്യരെന്നും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ സമൂഹം തിരസ്‌കരിക്കണമെന്നും കന്നഡ എഴുത്തുകാരന്‍ കെ.എസ്.ഭഗവാന്‍. ശങ്കരാചാര്യരുടെ ബ്രഹ്മസൂത്ര ആഖ്യാനത്തില്‍ ഫാസിസ്റ്റ് ചിന്തകളാണ് നിറഞ്ഞുനില്‍ക്കുന്നത്.
ശൂദ്രന് അറിവുനേടാന്‍ അവകാശമില്ലെന്നും അതിനു ശ്രമിച്ചാല്‍ കടുത്തശിക്ഷയ്ക്കു വിധേയമാക്കണമെന്നും ഇതില്‍ ശങ്കരാചാര്യര്‍ നിര്‍ദേശിക്കുന്നുണ്ട്. ഹിന്ദുമതമത്തെയല്ല ബ്രാഹ്മണാധിപത്യത്തെ സംരക്ഷിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും കെ.എസ്.ഭഗവാന്‍ പറഞ്ഞു.
ശ്രീരാമനും ശ്രീകൃഷ്ണനും ചാതുര്‍വര്‍ണ്യ സംവിധാനത്തിന്റെ വക്താക്കളായിരുന്നു. മരണത്തിനു കീഴ്‌പ്പെട്ട മനുഷ്യരായിരുന്നു ശ്രീരാമനും ശ്രീകൃഷ്ണനും. ദൈവങ്ങളല്ലാതിരുന്നിട്ടും അവര്‍ക്കുവേണ്ടി ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നത് ചാതുര്‍വര്‍ണ്യത്തിനുവേണ്ടി നിലകൊണ്ടതിന്റെ പേരിലാണ്.
തുല്യതയ്ക്കും മാനുഷികമൂല്യങ്ങള്‍ക്കും സ്ഥാനമില്ലാതെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലധിഷ്ഠിതമായിട്ടാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ നിലകൊള്ളുന്നത്. തീവ്ര ഹിന്ദുത്വം പ്രചരിപ്പിച്ച് ഫാസിസ്റ്റ് അജന്‍ഡ നടപ്പാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഫാസിസം ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയെയും ഭരണഘടനയെയും തകര്‍ക്കും. മനുസ്മൃതി ഇന്ത്യയുടെ ഭരണഘടനയാക്കാനുള്ള ഫാസിസ്റ്റുകളുടെ ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എസ്.എഫ്.ഐ ജില്ലാസമ്മേളനത്തോടനുബന്ധിച്ചു മുതലക്കുളം മൈതാനിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ ദേശീയപ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി.തോമസ്, എസ്.കെ.സജീഷ്, ലിന്റോ ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."