മരങ്ങള്‍ മുറിച്ചുമാറ്റി വിദ്യാലയങ്ങള്‍ ഹൈടെക് ആക്കേണ്ട
ചെറുവത്തൂര്‍: തണലും തണുപ്പുമേകുന്ന മരങ്ങള്‍ മുറിച്ചുമാറ്റിയുള്ള വിദ്യാലയങ്ങളിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം വരുന്നു. വിദ്യാലയങ്ങളിലെ ജൈവവൈവിധ്യങ്ങള്‍ നിലനിര്‍ത്തി മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകൂ.
സംസ്ഥാനത്തെ 2,000 വിദ്യാലയങ്ങളില്‍ ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ സ്ഥാപിക്കാനുള്ള നടപടികളുടെ ഭാഗമായി സര്‍വശിക്ഷാ അഭിയാന്‍ തയാറാക്കിയ മാര്‍ഗരേഖയിലാണ് സുപ്രധാനമായ നിര്‍ദേശമുള്ളത്. ഹൈടെക് വിദ്യാലയങ്ങള്‍ എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുമ്പോള്‍ കെട്ടിടനിര്‍മാണത്തിന്റെ ഭാഗമായി മരങ്ങള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്‍കൂട്ടി കാണുകയാണ് മാര്‍ഗരേഖ. പൂതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ മരങ്ങള്‍ മുറിക്കുന്നതിന്റെ ആവശ്യകത ഉപ ജില്ലാ സമിതികളുണ്ടാക്കി പരിശോധിക്കണം.
സ്‌കൂളില്‍ ജൈവവൈവിധ്യ രജിസ്റ്റര്‍ തയാറാക്കി മറ്റ് എല്ലാ രേഖകളേയും പോലെ പ്രാധാന്യത്തോടെ ജനകീയരേഖയായി പരിഗണിച്ച് സൂക്ഷിക്കണം എന്നിവയാണ് മറ്റു പ്രധാന നിര്‍ദേശങ്ങള്‍. സ്‌കൂളുകളില്‍ സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ നടത്തുന്ന പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനങ്ങളിലും ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ എന്ന് ഉറപ്പുവരുത്തണം. ഉപയോഗം കഴിഞ്ഞ വസ്ത്രങ്ങള്‍ കൊണ്ട് തുണിസഞ്ചികള്‍ വിദ്യാലയങ്ങളിലും പൊതു സമൂഹത്തിലും വ്യാപകമാക്കണമെന്നും മാര്‍ഗരേഖ നിഷ്‌കര്‍ഷിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാലയങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മുഖേനയും ആയിരം വിദ്യാലയങ്ങളില്‍ സര്‍വശിക്ഷാ അഭിയാന്‍ മുഖേനയും സാമ്പത്തികസഹായം അനുവദിച്ച് ഈ വര്‍ഷം തന്നെ ജൈവവൈവിധ്യ ഉദ്യാനങ്ങളുടെ പ്രവര്‍ത്തനം തുടങ്ങും.
ആവാസവ്യവസ്ഥയുടെ നാശം, പ്രകൃതി വിഭവങ്ങളുടെ ചൂഷണം, അന്യജനുസുകളുടെ അധിനിവേശം, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവ മൂലം പരിസ്ഥിതി സന്തുലിതാവസ്ഥ തകിടംമറിയും വിധത്തില്‍ ജൈവവൈവിധ്യം ശോഷിച്ചുവരുന്ന പശ്ചാത്തലത്തിലാണ് വിദ്യാലയങ്ങളില്‍ ഉദ്യാനം തയാറാക്കുന്നത്. സൂക്ഷ്മ ജീവികള്‍തൊട്ട് വന്‍മരങ്ങള്‍ വരെയുള്ള വൈവിധ്യത്തിലാണ് പ്രകൃതിയുടെ നിലനില്‍പ് എന്നും പ്രകൃതിക്ക് സംഭവിക്കുന്ന ഓരോ ആഘാതവും സര്‍വ നാശത്തിലേക്ക് വഴിയൊരുക്കുന്നുവെന്നും, ഉദ്യാനം കുട്ടികള്‍ക്ക് തിരിച്ചറിവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.
നിലവിലുള്ള ഭൂഭാഗദൃശ്യത്തില്‍ കാര്യമായ മാറ്റംവരുത്താതെയും ഇന്റര്‍ലോക്ക് കട്ടകള്‍, സിമെന്റ് ബെഞ്ചുകള്‍ തുടങ്ങിയവ പ്രോല്‍സാഹിപ്പിക്കാതെയും ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിയെ പരിഗണിച്ചു വേണം ഈ ഉദ്യാനം രൂപകല്‍പ്പന ചെയ്യേണ്ടത്. ഭക്ഷണപദാര്‍ഥങ്ങള്‍ പാഴാക്കിയുള്ള ബയോഗ്യാസ് ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കരുതെന്നും മാര്‍ഗനിര്‍ദേശരേഖയില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."