സെന്‍സസുമായി മുന്നോട്ടുപോകാനുള്ള തീരുമാനം ആശങ്കയുണ്ടാക്കുന്നു: ചെന്നിത്തല
ആലപ്പുഴ: സെന്‍സസ് നടപടികളുമായി മുന്നോട്ടുപോകാനുള്ള മന്ത്രിസഭാ തീരുമാനം ആശങ്കയുണ്ടാക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭയം നിലനില്‍ക്കുമ്പോള്‍ സെന്‍സസ് നടപടിയുമായി മുന്നോട്ടു പോകുന്നത് ഉചിതമാണോ എന്നു സര്‍ക്കാര്‍ ആലോചിക്കണം. ആശങ്ക പരിഹരിക്കാതെ മുന്നോട്ടു പോകുന്നതു ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെന്‍സസും ജനസംഖ്യാ റജിസ്റ്റര്‍ പുതുക്കലും രാജ്യത്തു വലിയ ഭയപ്പാടു സൃഷ്ടിച്ചിട്ടുണ്ട്. പൗരത്വ പട്ടിക പുതുക്കാനുള്ള കുറുക്കുവഴിയായാണു കേന്ദ്രം സെന്‍സസിനെയും ജനസംഖ്യാ റജിസ്റ്റര്‍ പുതുക്കലിനെയും കാണുന്നത് . സെന്‍സസ് അനിവാര്യമാണ്. പക്ഷേ, അതിനെ പൗരത്വ പട്ടികയുമായി ബന്ധിപ്പിച്ചതു ചതിക്കുഴിയാണ്. അതില്‍ വീഴരുത്. സംസ്ഥാന സര്‍ക്കാരിനെപ്പറ്റിയും സംശയമുണ്ട്. ജനസംഖ്യാ റജിസ്റ്റര്‍ നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചിട്ടു പിന്‍വാതിലിലൂടെ നടപ്പാക്കാന്‍ ശ്രമിച്ച സര്‍ക്കാരാണിത്. ഈ കള്ളക്കളി പ്രതിപക്ഷം കൈയോടെ പിടികൂടുകയായിരുന്നു.
ജനസംഖ്യാ റജിസ്റ്ററും സെന്‍സസും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സെന്‍സസിനൊപ്പം ജനസംഖ്യാ റജിസ്റ്റര്‍ പുതുക്കലും നടക്കുന്ന വിധമാണു കേന്ദ്രത്തിന്റെ നടപടികള്‍. ഒരേ എന്യൂമറേറ്റര്‍മാരാണ് ഒരേസമയം രണ്ടും ചെയ്യേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പൗരത്വ വിഷയത്തില്‍ സംയുക്ത സമരത്തിനു മുഖ്യമന്ത്രി പ്രതിപക്ഷത്തെ വീണ്ടും വീണ്ടും ക്ഷണിക്കുന്നതു ദുഷ്ടലാക്കോടെയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണത്. ചെറിയ മനസു കാരണമല്ല, മുഖ്യമന്ത്രിയുടെ ദുഷ്ടമനസു കാരണമാണ് ഒന്നിച്ചു സമരത്തിനിറങ്ങാത്തതെന്നും ചെന്നിത്തല പറഞ്ഞു. രാജ്യതാല്‍പര്യം നോക്കി ഒന്നിച്ചു നിന്നിട്ടുണ്ട്. എല്ലാ കാര്യത്തിലും ഒന്നിച്ചു സമരം ചെയ്യണമെന്നില്ല. ചെറിയ മനസുള്ളവരാണു യോജിച്ച സമരത്തെ എതിര്‍ക്കുന്നതെന്നു പറഞ്ഞ മുഖ്യമന്ത്രിക്കുള്ള മറുപടിയാണു കോഴിക്കോട്ടു നടന്ന മഹാറാലി.
പൗരത്വ നിയമത്തിനെതിരേ പ്രസംഗിക്കുകയും നിയമത്തിനെതിരേ പ്രക്ഷോഭം നടത്തുന്നവരെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ജാമ്യമില്ലാ വകുപ്പു ചേര്‍ത്ത് കേസെടുക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണു മുഖ്യമന്ത്രിയുടേതെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."