ഡല്‍ഹി നിയമസഭയില്‍ മേശപ്പുറത്ത് കയറി ബി.ജെ.പി എം.എല്‍.എയുടെ പ്രതിഷേധം
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ മേശപ്പുറത്ത് കയറി ബി.ജെ.പി എം.എല്‍.എ വിജേന്ദ്ര ഗുപ്തയുടെ അതിരുകടന്ന പ്രതിഷേധം. ടാങ്കര്‍ അഴിമതിയില്‍ പ്രതിഷേധിച്ചായിരുന്നു നാടകീയ രംഗങ്ങള്‍. സ്പീക്കറോട് ഏറെ സമയം ഇദ്ദേഹം കയര്‍ത്തു സംസാരിക്കുകയും ചെയ്തു. 70 അംഗ നിയമസഭയില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പിക്ക് ആകെ മൂന്നംഗങ്ങള്‍ മാത്രമാണുള്ളത്. സംഭവത്തില്‍ സ്പീക്കര്‍ രാംനിവാസ് എം.എല്‍.എയെ ശാസിക്കുകയും ഇതുവരെ ഇങ്ങനെയൊരു പ്രതിഷേധം താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കാന്‍ ആവശ്യപ്പെട്ട സ്പീക്കര്‍ താങ്കള്‍ പ്രതിപക്ഷ നേതാവുകൂടിയാണെന്ന് അദ്ദേഹത്തെ ഓര്‍മിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി കെജ്രിവാള് പ്രതിഷേധം നടക്കുമ്പോള്‍ സഭയിലുണ്ടായിരുന്നു. നിയമസഭയ്ക്കകത്ത് ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലുള്ള വാക്കുതര്‍ക്കം രൂക്ഷമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നുല്ലെന്ന് വിജേന്ദ്രഗുപ്ത ഉള്‍പ്പെടെയുള്ള ബി.ജെ.പി എം.എല്‍.എമാര്‍ ആരോപിച്ചിരുന്നു. നേരത്തെ ആം ആദ്മി എം.എല്‍.എക്കെതിരേ അപകീര്‍ത്തികരമായ പ്രസ്താവന നടത്തി വിജേന്ദ്രഗുപ്ത വിവാദമുണ്ടാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."