സുഭാഷ് വാസുവിനെ ബി.ഡി.ജെ.എസില്‍ നിന്ന് പുറത്താക്കി
ചേര്‍ത്തല: വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരേ ആരോപണവുമായി രംഗത്തു വന്ന സുഭാഷ് വാസുവിനെ ബി.ഡി.ജെ.എസില്‍ നിന്നും പുറത്താക്കി. ചേര്‍ത്തലയില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സുഭാഷ് വാസുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരിലാണ് നടപടി. സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നു നീക്കാന്‍ ബി.ജെ.പി നേതൃത്വത്തിനു കത്തുനല്‍കാനും തീരുമാനിച്ചതായി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
വ്യാജരേഖ ചമച്ചാണ് സുഭാഷ് വാസു സാമ്പത്തിക ക്രമക്കേട് നടത്തിയത്. കായംകുളം കട്ടച്ചിറ കോളജിന്റെ പേരില്‍ നടത്തിയത് വലിയ ക്രമക്കേടാണ്. വ്യാജ ഒപ്പിട്ട് ബാങ്കില്‍ നല്‍കുകയായിരുന്നു. തനിക്ക് പോലും ഒരു ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാക്കി. അഞ്ച് കോടിയോളം രൂപാ ബാങ്ക് വായ്പ എടുത്തത് തന്റെ കള്ള ഒപ്പിട്ടാണ്.
പാര്‍ട്ടി പ്രസിഡന്റ് താനാണ് എന്ന സുഭാഷ് വാസുവിന്റെ അവകാശ വാദം തെറ്റാണ്. ആദ്യ യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നു കാണിച്ചാണ് ഒപ്പിട്ടത്. ഏറ്റവും വലിയ തെറ്റാണ് സുഭാഷ് വാസുവിനെ പാര്‍ട്ടിയില്‍ കൊണ്ടുവന്നതെന്നും ബി.ജെ.പി കേന്ദ്രങ്ങളുടെ ഒരു പിന്തുണയും അദ്ദേഹത്തിന് ഇല്ലെന്നും തുഷാര്‍ പറഞ്ഞു. അപകട മരണങ്ങളില്‍ വെള്ളാപ്പള്ളി നടേശന്റെ പേര് സുഭാഷ് വാസു ഒരു അടിസ്ഥാനവും ഇല്ലാതെ വലിച്ച് ഇഴയ്ക്കുകയാണ്. സെന്‍കുമാറും സുഭാഷ് വാസുവും വാര്‍ത്താസമ്മേളനം നടത്തിയത് ഗുണ്ടകളെ കൂട്ടിയാണ്. എസ്.എന്‍ ട്രസ്റ്റ് കോളജുകളില്‍ നിയമനത്തിന് പണം വാങ്ങുന്നു എന്നുള്ളത് പഴയ ആരോപണമാണ്. അതിന് ഒരടിസ്ഥാനവുമില്ല. ഇത് സംബന്ധിച്ച് സെന്‍കുമാര്‍ ഡി.ജി.പി ആയി ഇരുന്ന കാലത്ത് അന്വേഷിക്കാമായിരുന്നുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. സുഭാഷ് വാസുവിന് പകരം പുതിയ രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു.
നടപടി അംഗീകരിക്കില്ല: സുഭാഷ് വാസു
ആലപ്പുഴ: ബി.ഡി.ജെ.എസില്‍ നിന്ന് പുറത്താക്കിയ നടപടി അംഗീകരിക്കില്ലെന്ന് സുഭാഷ് വാസു. 27ന് താന്‍ സംസ്ഥാന കമ്മിറ്റി വിളിച്ചിട്ടുണ്ട്. വ്യാജ ഒപ്പാണെങ്കില്‍ ഉത്തരവാദിത്തം ബാങ്കിനാണെന്നും ആരോപണം ഗൗരവമായെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ വിളിച്ചുകൂട്ടാനുള്ള അവകാശം തുഷാറിനില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."