ഗവര്‍ണര്‍ക്ക് രാജാവിനെക്കാള്‍ വലിയ രാജഭക്തി: ഉമ്മന്‍ചാണ്ടി
സ്വതന്ത്ര കര്‍ഷക സംഘം സത്യഗ്രഹം ആരംഭിച്ചു
തിരുവനന്തപുരം: ഗവര്‍ണര്‍ രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പൗരത്വ നിയമ ഭേദഗതിക്കെതിരേ സ്വതന്ത്ര കര്‍ഷക സംഘം രാജ്ഭവന് മുന്നില്‍ തുടങ്ങിയ 25 മണിക്കൂര്‍ സത്യഗ്രസമരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഗവര്‍ണര്‍ പ്രതിഷേധം ചോദിച്ചുവാങ്ങിയതാണ്. അമിത്ഷാ- മോദി സംഘത്തെ തൃപ്തിപ്പെടുത്താന്‍ അദ്ദേഹം ജനങ്ങളെ വെല്ലുവിളിക്കുകയാണ്.
നിയമസഭയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കാന്‍ പാടില്ലെന്ന് ആര്‍ക്കും പറയാനാവില്ല. സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് കേസ് കൊടുക്കാന്‍ ഗവര്‍ണറുടെ അനുമതി വേണ്ട. എന്നാല്‍, കേസ് കൊടുക്കുന്നത് സംബന്ധിച്ച് ഗവര്‍ണറെ അറിയിക്കണം. അത് ഒരുദിവസം താമസിച്ചുവെന്നത് വലിയ പ്രശ്‌നമല്ല. അമിത്ഷാ പറയുന്നത് സമരം ചെയ്താലും നിയമം നടപ്പാക്കുമെന്നാണ്. അത് ഏകാധിപതിയുടെ സ്വരമാണെന്നും അദ്ദേഹം പറഞ്ഞു.
സത്യഗ്രഹം മുസ്‌ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു.
കുട്ടി അഹമ്മദ് കുട്ടി, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, അഡ്വ.പിഎം.എ സലാം, കെ.എസ് ഹംസ, ബീമാപ്പള്ളി റഷീദ്, തോന്നക്കല്‍ ജമാല്‍, പൂക്കോടി മൊയ്തീന്‍, ടി.പി മമ്മു, മണ്‍വിള സൈനുദ്ദീന്‍, എന്‍.ഖാലിദ് രാജ, മനോജ് ശങ്കരനെല്ലൂര്‍, അഹമ്മദ് കാണിയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സത്യഗ്രഹം ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."