ഏകദിന ടീം: ബുംമ്ര പുറത്ത്, ധോണി തിരിച്ചെത്തി
സിഡ്നി: ആസ്ത്രേലിയയിലെ ചരിത്ര ടെസ്റ്റ് നേട്ടത്തിന് പിന്നാലെ ഏകദിനവും പിടിക്കാനൊരുങ്ങിയ ഇന്ത്യ ഏകദിന ക്രിക്കറ്റിനുള്ള ടീം പ്രഖ്യാപിച്ചു. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബൗളിങിലെ തുരുപ്പുചീട്ടായിരുന്ന ജസ്പ്രീത് ബുംമ്രയ്ക്കു ആസ്ത്രേലിയക്കെതിരേയും ന്യൂസിലന്ഡിനെതിരേയുമുള്ള രണ്ട് പരമ്പരകളില്‍ ഇന്ത്യ വിശ്രമം അനുവദിച്ചു. ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടണ്ടാണ് ബുംമ്രയ്ക്കു വിശ്രമം നല്കാന് ബി.സി.സി.ഐ തീരുമാനിച്ചത്.
ആസ്ത്രേലിയക്കെതിരേ നടക്കാനിരിക്കുന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയിലും തുടര്‍ന്നു ന്യൂസിലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തിലും ബുംമ്രയുണ്ടാവില്ല. ന്യൂസിലന്‍ഡില്‍ ഏകദിന, ട്വന്റി20 പരമ്പരകളിലാണ് ഇന്ത്യ കളിക്കുന്നത്.
ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ ബുംമ്രയ്ക്കു പകരമായി മുഹമ്മദ് സിറാജിനേയാണ് ടീമിലെത്തിച്ചിട്ടുള്ളത്. ന്യൂസിലന്‍ഡിനെതിരായ മൂന്നു മത്സരങ്ങളുടെ ടി20 പരമ്പരയ്ക്കുള്ള സംഘത്തില്‍ സിദ്ധാര്‍ഥ് കൗളിനെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യന്‍ ബൗളിങ്ങിലെ ഏറ്റവും മികച്ച താരമായ ബുംമ്ര പുറത്തിരുന്നാല്‍ അത് ഇന്ത്യന്‍ ബൗളിങ്ങിന് തിരിച്ചടിയാകും. ജോലി ഭാരം കുറക്കുന്നതിന്റെ ഭാഗമായിട്ടാണ് ബുംമ്രയെ അടുത്ത പരമ്പരകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നതെന്ന് ബി.സി.സി.ഐ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. സിറാജും സിദ്ധാര്‍ഥ് കൗളും രഞ്ജി ട്രോഫിയില്‍ നടത്തിയ മികച്ച പ്രകടനമാണ് ദേശീയ ടീമിലേക്കുള്ള വഴിതെളിച്ചത്. പഞ്ചാബിനെതിരായ അവസാന രഞ്ജി ട്രോഫി മത്സരത്തില്‍ സിറാജ് ഏഴു വിക്കറ്റെടുത്തിരുന്നു. ന്യൂസിലന്‍ഡ് എയ്ക്കെതിരേയും സിറാജ് തിളങ്ങി. അവസാന രണ്ട് രഞ്ജിയില്‍ 10 വിക്കറ്റ് നേട്ടം കൗള്‍ സ്വന്തമാക്കിയിരുന്നു. ന്യൂസിലന്‍ഡ് എയ്ക്കെതിരേ ഇന്ത്യ എയ്ക്കായി മൂന്നു കളികളില്‍നിന്ന് ഏഴു വിക്കറ്റും കൗള്‍ വീഴ്ത്തിയിരുന്നു.ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര ജനുവരി 12ന് ശനിയാഴ്ച തുടങ്ങും. ജനുവരി 23 മുതല്‍ ന്യൂസിലന്‍ഡ് പര്യടനത്തിന് തുടക്കമാകും. അഞ്ച് ഏകദിനങ്ങളും മൂന്നു ടി20കളുമുള്‍പ്പെട്ടതാണ് പരമ്പര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."