ഗുല്‍ബര്‍ഗ് കൂട്ടക്കൊല: വിധിപ്രസ്താവം വീണ്ടുംമാറ്റി
ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയ്ക്കിടെയുണ്ടായ ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിക്കുന്നത് വീണ്ടും നീട്ടി.
പ്രതികള്‍ക്കുള്ള ശിക്ഷയുടെ പരിധി സംബന്ധിച്ച വാദംകേള്‍ക്കല്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും വിധിപ്രഖ്യാപന ദിവസം തിങ്കളാഴ്ച അറിയിക്കുമെന്നും അഹ്മദാബാദിലെ പ്രത്യേക കോടതി ജഡ്ജി പി.ബി ദേശായി പറഞ്ഞു. കോണ്‍ഗ്രസിന്റെ മുന്‍ ലോക്‌സഭാംഗമായ ഇഹ്‌സാന്‍ ജാഫ്രിയടക്കം 69 പേര്‍ കൊല്ലപ്പെട്ട കേസില്‍ 24 പേര്‍ കുറ്റക്കാരാണെന്ന് അഹ്മദാബാദ് പ്രത്യേക കോടതി ഈ മാസം രണ്ടിന് ഉത്തരവിട്ടിരുന്നു. കേസില്‍ 36 പേരെ വെറുതെവിട്ടിരുന്നു.
കുറ്റക്കാര്‍ക്ക് എന്തു ശിക്ഷ നല്‍കണമെന്നതു സംബന്ധിച്ച് കൂടുതല്‍ വാദം നടക്കേണ്ടതുള്ളതിനാലാണ് വിധിപ്രഖ്യാപനം നീട്ടിയത്. ആക്രമണത്തില്‍ എല്ലാവര്‍ക്കും തുല്യപങ്കുള്ളതിനാല്‍ പ്രതികള്‍ക്കു വധശിക്ഷയോ മരണംവരെ തടവുശിക്ഷയോ നല്‍കണമെന്ന് പബ്ലിക് പ്രോസികൂട്ടര്‍ ആര്‍.സി കൊദേക്കര്‍ ഇന്നലെ വാദിച്ചു.
ആക്രമണം ഇന്ത്യയുടെ സംസ്‌കാരത്തിനും രാജ്യം ഇതുവരെ പുലര്‍ത്തിവന്ന ധര്‍മത്തിനും എതിരാണ്. പ്രതികള്‍ മോചിതരാകുന്നത് സാക്ഷികളുടെയും ഇരകളുടെ ബന്ധുക്കളുടെയും ജീവനു ഭീഷണിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തുവിടരുതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, പ്രതികളുടെ പ്രായവും സാമ്പത്തിക പശ്ചാത്തലങ്ങളും പരിഗണിച്ചു ശിക്ഷയുടെ കാഠിന്യം കുറയ്ക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഭയ് ഭരദ്വാജ് ആവശ്യപ്പെട്ടു.
2002 ഫെബ്രുവരി 28ന് നടന്ന കൂട്ടക്കൊലയില്‍ 24 പേരില്‍ 11 പേര്‍ക്കെതിരേ കൊലപാതകക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 13 പേര്‍ക്കെതിരേ നിയമവിരുദ്ധമായി സംഘംചേര്‍ന്നതുള്‍പ്പെടെയുള്ള ചെറിയ വകുപ്പുകളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."