സഊദി തീവ്രവാദിവേട്ടയില്‍ കുടുങ്ങിയത് 19 ഇന്ത്യക്കാര്‍
റിയാദ്: തീവ്രവാദ പ്രവര്‍ത്തനത്തിനെതിരേ ശക്തമായ നീക്കങ്ങളുമായി സഊദി അറേബ്യ. പഴുതടച്ച അന്വേഷണങ്ങള്‍ അടിസ്ഥാനമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധിപേരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് വെളിപ്പെടുത്തി. നിരവധി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുമുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും 29 പൗരന്മാരുമായി പാകിസ്ഥാനാണ് മുന്നില്‍. തൊട്ടുപിന്നിലായി 19 ഇന്ത്യക്കാരും ഉള്ളതായാണ് പുതിയ വെളിപ്പെടുത്തല്‍.
കൂടാതെ, എട്ട് അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ 823 വിദേശികള്‍ തീവ്രവാദി കേസുമായി ബന്ധപ്പെട്ട് ഇതുവരെ സഊദിയില്‍ പിടിയിലായിട്ടുണ്ട്. ഇവരെ കൂടാതെ മൂന്ന് യൂറോപ്പ് രാഷ്ട്രപൗരന്മാര്‍, രണ്ട് ഇന്തോനേഷ്യക്കാര്‍, ആറു ഫിലിപ്പിനോകള്‍, എതോപ്യ, എറിത്രിയ , നൈജീരിയ തുടങ്ങി 18 ആഫ്രിക്കക്കാര്‍ എന്നിവരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജയിലുകളില്‍ വിചാരണ നേരിട്ട് കഴിയുന്നത്.
സഊദി പൗരന്മാര്‍ അടക്കം തീവ്രവാദ കേസില്‍ ആകെ 4,409 പേരാണ് ജയിലില്‍ വിചാരണ നേരിടുന്നത്. ഇതില്‍ കുറച്ചുപേര്‍ മാത്രമാണ് ഇതിനകം കുറ്റം തെളിയിക്കപ്പെട്ടത്. ഭൂരിഭാഗം പേരും ഇപ്പോഴും വിചാരണ നേരിടുകയാണ് .
ഇന്ത്യക്കാരില്‍ 14 പേര്‍ ഇപ്പോഴും വിചാരണ നേരിടുന്നു. ഒരാള്‍ക്കെതിരേ ഇതിനകംതന്നെ തീവ്രവാദി കേസില്‍ കുറ്റം തെളിയിക്കപ്പെട്ടുകഴിഞ്ഞു. മറ്റൊരാള്‍ അപ്പീല്‍ നല്‍കി വിധികാത്തുകഴിയുകയാണെന്ന് രാജ്യത്തെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. പാകിസ്താന്‍ പൗരന്മാരില്‍ 21 പേര്‍ വിചാരണ നേരിടുകയാണ്. ആഫ്രിക്കക്കാരില്‍ കുറ്റം ആരോപിക്കപ്പെട്ടവരുടെ പേരു വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് ആഫ്രിക്കന്‍ നയതന്ത്ര പ്രതിനിധി വെളിപ്പെടുത്തി. പിടിക്കപ്പെട്ട 823 പേരില്‍ ഏറിയ പങ്കും സഊദിയില്‍ വച്ചുതന്നെ തീവ്രവാദി പ്രവര്‍ത്തനത്തിന് പിടിയിലായവരാണ്.
അമേരിക്കക്കാരില്‍ ഒരാള്‍ ഒഴികെ ബാക്കിയുള്ളവര്‍ ഇപ്പോഴും വിചാരണ നേരിടുന്നവരാണ്. 11 എത്യോപ്യന്‍ പൗരന്മാര്‍, രണ്ടു എറിത്രിയന്‍ പൗരന്മാര്‍, അഞ്ചു നൈജീരിയക്കാര്‍, ഒരു അമേരിക്കന്‍ പൗരന്‍, ആറു അഫ്ഗാനിസ്താനികള്‍ എന്നിവര്‍ക്കെതിരേ കുറ്റം തെളിയിക്കപ്പെട്ടുകഴിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി . അതേസമയം, ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ തീവ്രവാദവുമായി ബന്ധമുള്ള 117 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.
വാഷിംഗ്ടണിലെ പത്ര പ്രവര്‍ത്തകരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദ ഗ്രൂപ്പുകള്‍ക്കും മറ്റുമായി പണം നല്‍കുന്നതായി ശ്രദ്ധയില്‍പെട്ട അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതിനകം 240 പേരെ തീവ്രവാദ പണമൊഴുക്കുമായി രാജ്യം പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ എല്ലാ ബാങ്ക് ഇടപാടുകളും ഇപ്പോള്‍ കര്‍ശന നിരീക്ഷണത്തിലാണ്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 26 തീവ്രവാദി ആക്രമണങ്ങള്‍ രാജ്യത്ത് ഉണ്ടായതായും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും തരത്തില്‍ സംശയമുയര്‍ന്നാല്‍ ബാങ്ക് ഇടപാടുകള്‍ മരവിപ്പിച്ച് ഉടനടി അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, മിക്ക രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥര്‍ക്കും തങ്ങളുടെ പൗരന്മാരുടെ ഇത്തരത്തിലുള്ള വിവരങ്ങള്‍ കൈവശമില്ലെന്നതാണ് വസ്തുത. അമേരിക്കന്‍ എംബസിയോട ് ഇതേകുറിച്ച് ചോദിച്ചപ്പോള്‍ വളരെ രഹസ്യമായ കാര്യമായതിനാല്‍ തങ്ങള്‍ക്ക് ഇതേകുറിച്ച് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മറുപടി നല്‍കിയത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏഷ്യന്‍ രാജ്യങ്ങളിലെ എംബസികളുമായി ബന്ധപ്പെട്ടെങ്കിലും തങ്ങള്‍ക്ക് ഇതേകുറിച്ച് കൂടുതലൊന്നും അറിയില്ലെന്നായിരുന്നു മറുപടിയെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രം റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."