കേരളം മികച്ച നിലയില്‍
ധര്‍മശാല: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം പൊരുതുന്നു. ഹിമാചല്‍ പ്രദേശ് ഉയര്‍ത്തിയ 297 റണ്‍സ് പിന്തുടര്‍ന്ന കേരളം രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് നേടിയത്. 78 റണ്‍സ് പിറകിലാണ് കേരളം. 103 റണ്‍സുമായി ഓപ്പണര്‍ രാഹുല്‍ പി, 32 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് എന്നിവരാണ് ക്രീസില്‍.
സെഞ്ചുറി നേടിയ രാഹുലാണ് കേരളത്തെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. 195 പന്തുകള്‍ നേരിട്ട രാഹുല്‍ 13 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് സെഞ്ചുറി നേടിയത്. ഒരു ഘട്ടത്തില്‍ 50 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട കേരളത്തെ രാഹുലും മുഹമ്മദ് അസ്ഹറുദ്ദീനും ചേര്‍ന്ന് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. 37 പന്ത് നേരിട്ട അസ്ഹറുദ്ദീന് ഏഴ് ഫോറും ഒരു സിക്സും സഹിതം 40 റണ്‍സ് നേടിയാണ് മടങ്ങിയത്. തൊട്ടു പിന്നാലെയായി ക്യാപ്റ്റന്‍ സച്ചിന് ബേബിയും (3) വിഷ്ണു വിനോദും (1) മടങ്ങിയതോടെ കേരളം വീണ്ടും പരുങ്ങലിലായി. തുടര്‍ന്നാണ് സഞ്ജു സാംസണെ കൂട്ടുപിടിച്ച് രാഹുല്‍ റണ്‍സ് ഉയര്‍ത്തിയത്. കേരളത്തിന്റെ വി.എ ജഗദീഷ് (5), സിജോമോന്‍ ജോസഫ് (16) എന്നിവരും പുറത്തായി. ഹിമാചലിന് വേണ്ടി അര്പിത് എന്‍ ഗുലേരിയ രണ്ടും പങ്കജ് ജെയ്സ്വാള്‍, ഋഷി ധവാന്, ദാഗര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടര്‍ന്ന ഹിമാചല്‍ 297 റണ്‍സിന് പുറത്തായി. ആറ് വിക്കറ്റ് വീഴ്ത്തിയ നിഥീഷ് എം.ഡിയാണ് ഹിമാചലിനെ തകര്‍ത്തത്. ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സെഞ്ചുറി നേടിയ അങ്കിത് കല്‍സിയും (101) അര്‍ധ സെഞ്ചുറി നേടിയ ഋഷി ധവാനുമാണ് ഹിമാചല്‍ നിരയില്‍ തിളങ്ങിയത്. പങ്കജ് ജെയ്സ്വാള്‍ (28), നിഖില്‍ ഗങ്ട (28), പ്രശാന്ത് ചോപ്ര (23), അമിത് കുമാര്‍ എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."