ചൈനയില്‍ കിമ്മിന്റെ അപ്രതീക്ഷിത സന്ദര്‍ശനം
ബെയ്ജിങ്: ചൈനയില്‍ ഉത്തര കൊറിയന്‍ ഭരണാധികാരിയുടെ അപ്രതീക്ഷിത സന്ദര്‍ശനം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരമാണ് കിം ജോങ് ഉന്‍ ബെയ്ജിങ്ങിലെത്തിയത്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കിമ്മും തമ്മില്‍ രണ്ടാം കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണു സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.
ഇന്നലെ രാവിലെയാണ് ഭാര്യ റി സോല്‍ ജുവിനൊപ്പം കിം ചൈനീസ് തലസ്ഥാനത്തെത്തിയത്. വ്യാഴാഴ്ചവരെ അദ്ദേഹം ചൈനയില്‍ തുടരുമെന്നാണു വിവരം.
നേരത്തെ ഉ.കൊറിയന്‍ ട്രെയിന്‍ അതിര്‍ത്തി കടന്നതായുള്ള വാര്‍ത്ത ദ.കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ യോന്‍ഹാപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിര്‍ത്തി നഗരമായ ഡാന്‍ഹോങ്ങില്‍ ട്രെയിന്‍ കടന്നുപോകുന്ന ഭാഗങ്ങളിലെ പൊതുനിരത്തുകളെല്ലാം നൂറുകണക്കിനു സുരക്ഷാ വാഹനങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്നു തടഞ്ഞിരുന്നു. നഗരത്തിലെ ഹോട്ടലുകളില്‍ തങ്ങുന്ന അതിഥികളെ അതിര്‍ത്തിയോടു ചേര്‍ന്ന മുറികളില്‍ പ്രവേശനം അനുവദിക്കുകയും ചെയ്തിരുന്നില്ല. ഇതോടെയാണ് കിം ചൈന സന്ദര്‍ശിക്കുന്നതായുള്ള വാര്‍ത്ത മാധ്യമങ്ങള്‍ പരന്നത്.
ചൊവ്വാഴ്ച രാവിലെയാണ് കിമ്മിന്റെ സന്ദര്‍ശനം ദ.കൊറിയയും ചൈനയും സ്ഥിരീകരിച്ചത്. ഇതിനുശേഷമാണ് പച്ചയും മഞ്ഞയും നിറത്തിലുള്ള കിമ്മിന്റെ ട്രെയിന്‍ ബെയ്ജിങ് സ്റ്റേഷനിലെത്തിയത്. കഴിഞ്ഞ തവണ ചൈനീസ് സന്ദര്‍ശനത്തിന് കിം ഉപയോഗിച്ച ട്രെയിനില്‍ തന്നെയാണ് ഇത്തവണയും അദ്ദേഹമെത്തിയത്.
2011ല്‍ കിമ്മിന്റെ പിതാവ് കിം ജോങ് ഇല്ലും സമാനമായ ട്രെയിനിലായിരുന്നു ചൈന സന്ദര്‍ശിച്ചത്. തുടര്‍ന്ന് മോട്ടോര്‍ വാഹനങ്ങളുടെ അകമ്പടിയോടെ അദ്ദേഹം പ്രത്യേകം സജ്ജീകരിച്ച വസതിയിലെത്തി. സന്ദര്‍ശനത്തിന്റെ വിശദവിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
12 മാസത്തിനിടെ ഇതു നാലാമത്തെ ചൈനീസ് സന്ദര്‍ശനമാണ് കിം നടത്തുന്നത്. അദ്ദേഹത്തിന്റെ 35-ാമത് ജന്മദിനം കൂടിയാണെന്ന സവിശേഷതയും ഇന്നലത്തെ സന്ദര്‍ശനത്തിനുണ്ട്. ഭരണം തുടങ്ങി ആദ്യ ആറു വര്‍ഷം കിം ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുകയോ ചൈന സന്ദര്‍ശിക്കുകയോ ചെയ്തിരുന്നില്ല.
എന്നാല്‍, കഴിഞ്ഞ വര്‍ഷം മാത്രം മൂന്നുതവണയാണ് അദ്ദേഹം ചൈനയിലെത്തി ജിന്‍പിങ്ങിനെ കണ്ടത്. മൂന്നു തവണയും മുന്‍കൂട്ടി വിവരം പുറത്തുവിടാതെയായിരുന്നു സന്ദര്‍ശനം.ട്രംപുമായുള്ള രണ്ടാം കൂടിക്കാഴ്ചയുടെ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണു വിവരം. എന്നാല്‍ ചൈനീസ് സന്ദര്‍ശനം കൂടിക്കാഴ്ചയെ എത്തരത്തില്‍ ബാധിക്കുമെന്ന കാര്യവും വ്യക്തമല്ല. ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ. ഇന്നുമായും ഉടന്‍ സന്ദര്‍ശനമുണ്ടായേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."