മംഗളൂരു തൊക്കോട്ട് സി.പി.എം ഓഫിസിന് തീയിട്ടു
മംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവില്‍ എത്തുന്നതിന് മുമ്പേ തന്നെ അക്രമം. ഉള്ളാള്‍ തൊക്കോട്ട് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിന് ഒരുസംഘം ആളുകള്‍ തീയിട്ടു. അക്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു. കഴിഞ്ഞദിവസം അര്‍ധരാത്രിയാണ് ഉള്ളാള്‍ തൊക്കോട്ട് സിറ്റിയിലുള്ള ഓഫിസിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറി അക്രമികള്‍ തീയിട്ടത്.
പുസ്തകങ്ങളും ഫയലുകളും അലമാരയടക്കമുള്ള ഫര്‍ണിച്ചറുകള്‍, ടി.വി, പ്രചാരണ ബോര്‍ഡുകള്‍ എന്നിവ കത്തി നശിച്ചു. റാലിക്ക് തയാറാക്കിവച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും കത്തിനശിച്ചവയിലുണ്ട്. ഇന്നലെ രാവിലെ സമീപത്തെ കടക്കാരന്‍ എത്തിയപ്പോഴാണ് പാര്‍ട്ടി ഓഫിസിന്റെ വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. ഓഫിസില്‍ നിന്ന് പുക ഉയരുന്നതു കണ്ട് നേതാക്കളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. തലേദിവസം രാത്രി ഒമ്പതു മണി വരെ പ്രവര്‍ത്തകരോടൊപ്പം ഓഫിസില്‍ ഉണ്ടായിരുന്നതായി ജില്ലാ സെക്രട്ടേറിയറ്റംഗം കൃഷ്ണപ്പ സാലിയാന്‍ പറഞ്ഞു. എഴുപതിലേറെ വര്‍ഷമായി ഈ കെട്ടിടത്തിലാണ് സി.പി.എമ്മിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. നാളെ സി.പി.എം നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മത സൗഹാര്‍ദ റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്നുണ്ട്. അതിനുള്ള ഒരുക്കത്തിനിടയിലാണ് അക്രമം. നാളെ മംഗളൂരുവില്‍ നടക്കുന്ന പരിപാടി തടസപ്പെടുത്താന്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ആര്‍.എസ്.എസ് പിണറായി വിജയനെ തടയുമെന്നും അറിയിച്ചിരുന്നു. ഉള്ളാള്‍ പൊലിസ് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."