ജാവ.... തിരിച്ചെത്തുന്നു
എം. നിഷാദ്#
1950-70 കാലഘട്ടങ്ങളില്‍ യുവാക്കളുടെയും മുതിര്‍ന്നവരുടെയും ഹരമായി മാറുകയും ഇന്ത്യന്‍ നിരത്തുകളില്‍ സജീവമാകുകയും ചെയ്ത ജാവാ ബൈക്കുകള്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായ ക്ലാസിക്ക് ലെജന്റ്‌സാണ് പഴയ മോഡല്‍ ജാവാ ബൈക്കുകളുടെ രൂപത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് വീണ്ടും ജാവാ ബൈക്കുകള്‍ വിപണിയിലെത്തിക്കുന്നത്.
ജാവ, ജാവ 42, പെരാക് എന്നീ മൂന്ന് ബൈക്കുകളാണ് ജാവ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതില്‍ ജാവ, ജാവ 42 എന്നീ രണ്ട് ബൈക്കുകളാണ് ഇപ്പോള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. പെരാക് ഉടന്‍ തന്നെ വിപണിയിലെത്തുമെന്നാണ് അധീകൃതര്‍ പറയുന്നത്.
ജാവക്കും ജാവാ 42വിനും ഒരേ എന്‍ജിന്‍ തന്നെയാണ്. 300 സി.സി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക് എന്‍ജിന്‍, രണ്ട് ഓവര്‍ഹെഡ് ക്യാം, നാല് വാള്‍വുകള്‍ എന്നിവയുണ്ട്. ട്യൂബ്‌ലെസ് ടയറാണ് ഇതിന് വരുന്നത്. 170 കിലോയാണ് രണ്ടിന്റെയും ഭാരം. രണ്ടിനും മുന്‍പില്‍ എ.ബി.എസ് ഡിസ്‌ക് ബ്രേക്കും പിന്നില്‍ ഡ്രം ബ്രേക്കുമാണുള്ളത്. വീല്‍ ബേസ് 1369 എം.എം ആണ്. സീറ്റ് ഹൈറ്റ് 765 എം.എം. പെട്രോള്‍ ടാങ്ക് 14 ലിറ്ററാണ്.
ഇരട്ട സൈലന്‍സറുകളും, പുതുതലമുറ ഏറെ ഇഷ്ടപ്പെടുന്ന ഉയരം കുറഞ്ഞ രീതിയിലുമാണ് ഇത് രൂപകല്‍പന ചെയ്തിട്ടുള്ളത്. വീതികൂടിയ സീറ്റ്, ആറു ഗിയറുകള്‍ എന്നിവയും ഇതിനുണ്ട്. പഴയ ജാവക്കുണ്ടായിരുന്ന കിക്കര്‍ വിത്ത് ഗിയര്‍ എന്നതില്‍ നിന്നു മാറി കിക്കറില്ലാതെയാണ് പുതിയ ജാവയുടെ നിര്‍മിതി.
ലിക്വിഡ് കൂളിങ് സിസ്റ്റമാണ് ഇതിനുള്ളത് എന്നതിനാല്‍ എത്ര ദൂരം സഞ്ചരിച്ചാലും എന്‍ജിന്‍ ചൂടാകുമെന്ന പേടിവേണ്ട. പഴയ തനിമ നിലനിര്‍ത്താന്‍ ഹാലജന്‍ ലൈറ്റ് തന്നെയാണ് ഇതിന് ഉള്ളത് എന്നതും ശ്രദ്ധേയമാണ്. 38കി.മീ മൈലേജാണ് കമ്പനി നല്‍കുന്നത്. ആകര്‍ഷകമായ ശബ്ദവും ഇതിന്റെ പ്രത്യേകതയാണ്.
സൈലന്‍സറില്‍ സൗണ്ട് കുട്ടുവാനും കുറയ്ക്കുവാനുമുള്ള സിസ്റ്റവും ഉണ്ട്. ജാവയുടെ മീറ്റര്‍ സ്വിസ്സ് വാച്ച് രൂപത്തിലാണ് രുപകല്‍പന ചെയ്തിട്ടുള്ളത്.
ജാവ- മെറൂണ്‍, ഗ്രേ, ബ്ലാക്ക് എന്നീ ക്ലാസിക്ക് നിറങ്ങളിലും, ജാവ 42- ഗലാക്ടിക് ഗ്രീന്‍, ഹാല്ലീസ് ഗ്രീന്‍, ലുമോസ് ലൈം, സ്റ്റാര്‍ ലൈറ്റ് ബ്ലൂ, കോമെറ്റ് റെഡ്, നെബുലാ ബ്ലൂ എന്നീ നിറങ്ങളിലുമാണ് ലഭിക്കുന്നത്. ജാവ-1,64,000, ജാവ 42-1,55,000, പെരാക്-1,89,000 എന്നിങ്ങനെയാണ് വില. സിറ്റി റൈഡിനും ഹില്‍ റൈഡിനും ഇത് കൂടുതല്‍ ഉപകരിക്കും.
തികച്ചും പുതുതലമുറയെ ആകര്‍ഷിക്കുന്ന രൂപത്തിലാണ് ജാവയുടെ തിരിച്ചുവരവ്. നൂറ്റാണ്ടുകളായി വിപണിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിനെ ജാവയുടെ തിരിച്ചുവരവ് കാര്യമായി ബാധിക്കുമെന്നത് തീര്‍ച്ച. പഴമയിലേക്ക് തിരിച്ചു പോകാനുളള മലയാളികളുടെ ആഗ്രഹങ്ങളും പൂവണിയുന്നതോടെ ജാവക്ക് വിപണി കൊഴുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."