പാവറട്ടി ഇരട്ടക്കൊലപാതകം: പ്രതിക്ക് ജീവപര്യന്തം കഠിന തടവും പത്ത് വര്‍ഷം അധിക കഠിന തടവും പിഴയും
തൃശൂര്‍: പാവറട്ടിയില്‍ വീട്ടിനകത്ത് കിടന്നുറങ്ങിയിരുന്ന ഉമ്മയെയും മകളെയും പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പത്ത് വര്‍ഷം അധിക കഠിന തടവും പിഴയും ശിക്ഷ. പശ്ചിമ ബംഗാള്‍ സ്വദേശി സോജിബുള്‍ അലി മണ്ഡലിനെയാണ് തൃശൂര്‍ അഡിഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജി നിസാര്‍ അഹമ്മദ്് ശിക്ഷിച്ചത്. വീടിന് തീവെച്ചതിനാണ് പത്ത് വര്‍ഷം കഠിന തടവു കൂടി പ്രതിക്ക് ലഭിച്ചത്. ഈ കേസില്‍ അമ്പതിനായിരം രൂപ പിഴയടക്കണം. കൊലപാതക കേസില്‍ ജീവപര്യന്തം കഠിന തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയുമുണ്ട്. പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കഠിന തടവ് കൂടി അനുഭവിക്കണം. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 36 സാക്ഷികളുടെ മൊഴികളും ഹാജരാക്കിയ രേഖകളും പരിശോധിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 2015 ഏപ്രില്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം. വെങ്കിടങ്ങ് കോഴിപ്പറമ്പ് ദേശത്ത് പുതുവച്ചോലയില്‍ വീട്ടില്‍ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തുവും (55 ) മകള്‍ സീനയുമാണ് (17) ദാരുണമായി കൊല്ലപ്പെട്ടത്. അയല്‍പക്കത്ത് വീടുപണിക്കു വന്ന പ്രതിക്ക് സീനയെ വിവാഹം ചെയ്തു കൊടുക്കണമെന്ന ആവശ്യം നിരസിച്ചതിലുള്ള വൈരാഗ്യം മൂലം പുലര്‍ച്ചെ വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിപ്പാത്തുവിന്റെയും സീനയുടെയും ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. കുഞ്ഞിപ്പാത്തുവിന്റെ ദേഹം കത്തിക്കരിഞ്ഞു പോയിരുന്നു. സീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. വീട് പൂര്‍ണമായും കത്തിനശിച്ചു. സംഭവം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ സീനയുടെ മരണ മൊഴി പൊലിസ് രേഖപ്പെടുത്തിയത് നിര്‍ണായകമായി. മരണ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് മണിക്കൂറിനകം സ്വദേശമായ ബംഗാളിലേക്ക് രക്ഷപ്പെടാന്‍ ഒരുങ്ങിയ പ്രതിയെ അന്നത്തെ പാവറട്ടി എസ്.ഐ ആയിരുന്ന എം.കെ രമേഷ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലിസ് രേഖപ്പെടുത്തിയ മരണ മൊഴി കൂടാതെ മജിസ്‌ട്രേറ്റും സീനയുടെ മരണ മൊഴി രേഖപ്പെടുത്തിയിരുന്നു. ഗുരുവായൂര്‍ സി.ഐ ആയിരുന്ന കോഴിക്കോട് അസി. പൊലിസ് കമ്മിഷണര്‍ സുദര്‍ശന്‍ ആണ് കേസിന്റെ അന്വേഷണം നടത്തിയത്. സി.ഐആയിരുന്ന കെ.കെ സജീവ് ആണ് ആദ്യം മരണ മൊഴി രേഖപ്പെടുത്തിയത്. എസ്.ഐ അനീഷ് കരീം, എ.എസ്.ഐമാരായ സുകുമാരന്‍, ശ്രീകുമാര്‍, അനില്‍കുമാര്‍, സി.പി.ഒമാരായ പി.ജെ സാജന്‍, പ്രശാന്ത് തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. സുനില്‍, അഭിഭാഷകരായ റാംസിന്‍, അമീര്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."