സോണിയാഗാന്ധിക്കെതിരേ നല്‍കിയ കേസ് ഒത്തുതീര്‍ത്തു
തിരുവനന്തപുരം: നെയ്യാര്‍ഡാമിലെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ നിര്‍മാണത്തുകയുടെ കുടിശിക വരുത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരേ നല്‍കിയ കേസ് ഒത്തുതീര്‍ത്തു. കോടതിക്കു പുറത്താണ് കേസ് ഒത്തുതീര്‍ത്തത്.
സോണിയയെ ഒന്നാം പ്രതിയാക്കിയും ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഹൈദര്‍ മുഹമ്മദ് എന്നിവരെ രണ്ടു മുതല്‍ അഞ്ചു വരെ പ്രതികളാക്കിയാണ് തിരുവനന്തപുരം സബ്‌കോടതിയില്‍ കരാറുകാരായ ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് കേസ് ഫയല്‍ ചെയ്തത്.
രമേശ് ചെന്നിത്തല പ്രസിഡന്റ് ആയിരിക്കെയാണ് കെ.പി.സി.സിക്കു കീഴില്‍ പഠന, ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നെയ്യാര്‍ഡാമില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. ഹീതര്‍ കണ്‍സ്ട്രക്ഷനെയാണു കരാര്‍ ഏല്‍പ്പിച്ചിരുന്നത്. 2005 ല്‍ സോണിയാഗാന്ധിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
2013-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം സോണിയാഗാന്ധി തന്നെയാണ് തുറന്നുകൊടുത്തതും. നിര്‍മാണം പൂര്‍ത്തിയാക്കിയശേഷം ബാക്കി തുകയായ രണ്ടുകോടി എണ്‍പതു ലക്ഷം രൂപം നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനി കെ.പി.സി.സിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കെ.പി.സി.സിക്കും, സോണിയാഗാന്ധിക്കും വക്കീല്‍നോട്ടീസ് അയച്ചിരുന്നു.
കുടിശിക നല്‍കാന്‍ സോണിയാഗാന്ധി കെ.പി.സി.സിക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും തുക നല്‍കാന്‍ കെ.പി.സി.സി തയാറാകാത്തതിനെതുടര്‍ന്നാണ് ഹീതര്‍ കണ്‍സ്ട്രക്ഷന്‍സ് കേസ് നല്‍കിയത്. ഈ മാസം 23-ന് കോടതി കേസ് പരിഗണിക്കാനിരിക്കവെയാണ് കോടതിക്കുപുറത്ത് കേസ് ഒത്തുതീര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."