ഹൈഡ്രോളിക് സംവിധാനം തകരാറിലായി; വിമാനം എമര്‍ജന്‍സി ലാന്റിങ് നടത്തി
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയിലിറങ്ങാന്‍ മിനിറ്റുകള്‍മാത്രം ബാക്കിനില്‍ക്കെ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടര്‍ന്ന് എമര്‍ജന്‍സി ലാന്റിങ് നടത്തി. ഇന്നലെ പുലര്‍ച്ചെ 4.45ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങേണ്ട കുവൈത്ത് എയര്‍വെയ്സ് വിമാനമാണ് തകരാറിലായത്.
വിമാനം ഇറങ്ങാന്‍ പോകുന്നുവെന്ന സന്ദേശം നല്‍കിയശേഷമാണ് ഹൈഡ്രോളിക് സംവിധാനം തകരാറിലാണെന്ന് പൈലറ്റ് മനസിലാക്കുന്നത്. ഇതേത്തുടര്‍ന്ന് അടിയന്തര ലാന്റിങ് നടത്തുന്നതായി പൈലറ്റ് എയര്‍ ട്രാഫിക് കണ്ട്രോള് റൂമിലേക്ക് സന്ദേശം കൈമാറുകയായിരുന്നു.
ഉടനെ വിമാനത്താവളത്തില്‍ അടിയന്തരമായി എല്ലാവിധ സുരക്ഷാസന്നാഹങ്ങളും ക്രമീകരിച്ചു. ഏതു പ്രതികൂല സാഹചര്യവും നേരിടാനുള്ള സന്ദേശവും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് നല്കി.
എല്ലാ സുരക്ഷാസന്നാഹങ്ങള്ക്കുമിടയില് അഞ്ചോടെ വിമാനം സുരക്ഷിതമായി നിലത്തിറങ്ങി. കുവൈത്തില്‍നിന്നുള്ള 258 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 5.45നു തിരികെ കുവൈത്തിലേക്ക് മടങ്ങേണ്ട വിമാനം 10.45നാണ് നെടുമ്പാശ്ശേരിയില്‍നിന്നു മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."