കോണ്‍ഗ്രസ് നേതാവ് കെ. വെളുത്തമ്പു അന്തരിച്ചു
തൃക്കരിപ്പൂര്‍: പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ കെ.വെളുത്തമ്പു(79) അന്തരിച്ചു. ഇന്നലെ പുലര്‍ച്ചെ 1.30നു മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കെ.പി.സി.സി നിര്‍വാഹകസമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക് വൈസ്പ്രസിഡന്റ്, കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഫ് ഇന്ത്യ ഡയറക്ടര്‍, തൃക്കരിപ്പൂര്‍ ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ്, തൃക്കരിപ്പൂര്‍ ചക്രപാണി ക്ഷേത്രം കലശ മഹോത്സവസമിതി രക്ഷാധികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
അവിഭക്ത കണ്ണൂര്‍ ജില്ലാ ഡി.സി.സി ട്രഷററും എട്ടുവര്‍ഷത്തോളം കാസര്‍കോട് ഡി.സി.സി പ്രസിഡന്റുമായിരുന്നു. ഏറെക്കാലം ഡി.സി.സി വൈസ്പ്രസിഡന്റായും ട്രഷററായും പ്രവര്‍ത്തിച്ചു. മംഗലൂരു ആശുപത്രിയില്‍ നിന്നു രാവിലെ 10നു കാസര്‍കോട് എത്തിച്ച മൃതദേഹം ഡി.സി.സി ഓഫിസിലും സ്വദേശമായ തൃക്കരിപ്പൂരിലെ കോണ്‍ഗ്രസ് ഓഫിസായ പ്രിയദര്‍ശിനി മന്ദിരത്തിലും സ്വവസതിയിലും പൊതുദര്‍ശനത്തിനു വച്ചശേഷം വൈകിട്ട് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഭാര്യ: എന്‍ കൗസല്ല്യ (റിട്ട. പ്രധാന അധ്യാപിക), മക്കള്‍: വത്സരാജന്‍ (മാനേജര്‍ ഫെഡറല്‍ ബാങ്ക് കാഞ്ഞങ്ങാട്), ഉഷ (അധ്യാപിക ഉദിനൂര്‍ സെക്കന്‍ഡറി സ്‌കൂള്‍), വിനയരാജ് (എന്‍ജിനിയര്‍). മരുമക്കള്‍: കെ രവീന്ദ്രന്‍ (റിട്ട.ഫെഡറല്‍ ബാങ്ക്),ടി ബിന്ദു, കെ.വി രമ്യ. സഹോദരങ്ങള്‍: നാരായണന്‍ (മൃഗസംരക്ഷണ വകുപ്പ് റിട്ട. ഫീല്‍ഡ് ഓഫിസര്‍), കുഞ്ഞിരാമന്‍ (റിട്ട. എന്‍ജിനിയര്‍ കരസേന), ജാനകി, പരേതരായ ചിരി, കണ്ണന്‍, അമ്പു, കോരന്‍, രാഘവന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍, തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയവര്‍ അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."