നേപ്പാളില്‍ മലയാളികളുടെ മരണം: മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ നടപടി
തിരുവനന്തപുരം: നേപ്പാളില്‍ റിസോര്‍ട്ട് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എട്ടു മലയാളികളുടെ മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം നോര്‍ക്ക അധികൃതര്‍ നേപ്പാളിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം ഉടന്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. ദാരുണമായ സംഭവത്തില്‍ മുഖ്യമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ നേപ്പാള്‍ പൊലിസ് മേധാവിയുമായി ഫോണില്‍ സംസാരിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കാമെന്ന് നേപ്പാള്‍ പൊലിസ് അറിയിച്ചതായി ഡി.ജി.പി ഓഫിസ് വ്യക്തമാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിര്‍ദേശപ്രകാരമായിരുന്നു ഡി.ജി.പിയുടെ ഇടപെടല്‍. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടെന്നും നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ അവര്‍ ശ്രമിച്ചുവരികയാണെന്നും ഡി.ജി.പി അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ഫോണില്‍ സംസാരിച്ചതായും ആവശ്യമായ ഇടപെടലുകള്‍ നടത്തിയതായി അദ്ദേഹം പറഞ്ഞതായും മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ദുരന്തത്തിന് ഇരകളായവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."