മഴ കനത്തു; മരണം മൂന്നായി
തിരുവനന്തപുരം: മണ്‍സൂണ്‍ മഴ ശക്തമായതോടെ സംസ്ഥാനത്ത് മൂന്നു മരണം. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഇടുക്കിയില്‍ രണ്ടും മലപ്പുറത്ത് ഒരാളുമാണ് മരിച്ചത്. മലപ്പുറത്ത് ഒരാള്‍ക്ക് സാരമായി പരുക്കേറ്റു. മഴക്കെടുതിയില്‍ വീടുകളില്‍ വെള്ളം കയറിയതും കടല്‍ക്ഷോഭത്തെയും തുടര്‍ന്ന് സംസ്ഥാനത്ത് 12 ദുരിതാശ്വാസ ക്യാംപുകള്‍ പുതുതായി തുറന്നിട്ടുണ്ട്.
കൊല്ലത്ത് മൂന്നും ആലപ്പുഴയില്‍ ഒന്‍പതും ക്യാംപുകളാണ് ആരംഭിച്ചത്. തിരുവനന്തപുരത്ത് നേരത്തേ പ്രവര്‍ത്തിക്കുന്ന ക്യാംപ് തുടരുകയാണ്. കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങളിലുള്ളവരെ ഈ ക്യാംപില്‍ പാര്‍പ്പിക്കുകയാണ്.
മഴക്കെടുതിയില്‍ കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടം കണക്കാക്കിയിട്ടില്ല. 107 വീടുകള്‍ നശിച്ചിട്ടുണ്ട്. ഇതില്‍ 100 വീടുകള്‍ ഭാഗികമായും, ഏഴുവീടുകള്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്.
എറണാകുളത്ത് മൂന്നുവീടുകളും, കൊല്ലം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോ വീടുകളും പൂര്‍ണമായി നശിച്ചു. തിരുവനന്തപുരത്ത് മൂന്നുവീടുകള്‍ ഭാഗികമായി നശിച്ചിട്ടുണ്ട്.
കൊല്ലത്ത് 12, ആലപ്പുഴ 17, കോട്ടയം 11, പത്തനംതിട്ട ഏഴ്, എറണാകുളം നാല്, തൃശ്ശൂര്‍ അഞ്ച്, കാസര്‍കോട് 10, കണ്ണൂര്‍ 18, മലപ്പുറത്ത് 13 വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."