മണ്ണാര്‍ക്കാട് മേഖല രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്ക്: വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്നത് മലിന ജലം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖല രൂക്ഷമായ കുടിവെളള ക്ഷാമത്തിലേക്ക്. പ്രധാന പുഴകളായ കുന്തിപ്പുഴ, നെല്ലിപ്പുഴ, ചൂരിയോട് പുഴ, വെളളിയാര്‍പ്പുഴ എന്നിവയില്‍ നീരൊഴുക്ക് നിലച്ചതോടെയാണ് മേഖല കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്നത്. പുഴകളില്‍ നിന്ന് അനിയന്ത്രിതമായി പമ്പുയോഗിച്ചുളള കൃഷിയിടം നക്കലും, പുഴയില്‍ വിഷം കലര്‍ത്തി മീന്‍പിടിത്തവും ജലത്തെ ഇല്ലാതാക്കുന്നതോടൊപ്പം മലിനമാക്കുകയും ചെയ്യുന്നു. അധികൃതരുടെ മൗനമാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്.
മണ്ണാര്‍ക്കാട്, കുമരംപുത്തൂര്‍, തെങ്കര, കരിമ്പുഴ തുടങ്ങിയ പഞ്ചായത്തുകള്‍ പ്രധാനമായും കുടിവെളള വിതരണത്തിന് ആശ്രയിക്കുന്ന കുന്തിപ്പുഴയും, നിരവധി ചെറുകിട ശുദ്ധജല വിതരണ പദ്ധതികള്‍ക്ക് ആശ്രയിക്കുന്ന നെല്ലിപ്പുഴയും, തച്ചമ്പാറ, കാരാകുര്‍ശ്ശി പഞ്ചായത്തുകള്‍ പ്രധാനമായും ആശ്രയിക്കുന്ന ചൂരിയോട് പുഴയും നീര്‍ച്ചാലായി മാറിയതോടെ കുടിവെളള വിതരണം താളം തെറ്റിയ അവസ്ഥയിലാണ്. മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി, തെങ്കര പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങഴില്‍ ആഴ്ചകളോളമാണ് കുടിവെളള വിതരണം മുടങ്ങുന്നത്. വറ്റാത്ത കിണറുകള്‍ പോലും വരണ്ടുതുടങ്ങിയ കനത്ത വേനലില്‍ ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രധാനമായും കുടിവെളളത്തിന് ആശ്രയിക്കുന്ന വാട്ടര്‍ അതോറിറ്റിയുടെ ഗാര്‍ഹിക കണക്ഷനുകളെയാണ്. കൂടാതെ ഹോട്ടലുകളും, കൂള്‍ബാറുകളുമുള്‍പ്പെടെയുളള വ്യാപാര സ്ഥാപനങ്ങളും വാട്ടര്‍ അതോറിറ്റിയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെളളം മാലിന്യം കലര്‍ന്നതാണെന്നാണ് യാഥാര്‍ത്ഥ്യം. ശുദ്ധീകരണ പ്ലാന്റില്ലാതെ കുന്തിപ്പുഴയിലെ കിണറില്‍ നിന്നും നേരിട്ട് ടാങ്കിലെത്തിച്ച് അവിടെ നിന്നും വിതരണം ചെയ്യുന്ന സംവിധാനമാണ് നിവിലുളളത്. വാട്ടര്‍ അതോറ്റിയുടെ കിണറിന് തൊട്ടുമുകളിലായി ദേശീയ പാതയോരത്ത് നിരവധി വര്‍ക്ക് ഷോപ്പുകളും മറ്റും പ്രവര്‍ത്തിക്കുന്ന മേഖലയാണ്. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെളളത്തില്‍ മാലിന്യം കലരുന്നത് നിരവധി പ്രതിഷേധ സമരങ്ങള്‍ക്കിടയാക്കിയിരുന്നു.
വെളളത്തില്‍ ഇ കോളി, കോളി ഫോം ബാക്റ്റീരിയകളുടെ അമിതമായ സാനിദ്ധ്യവും, ഇരുമ്പിന്റെ അമിതമായ അളവും കലരുന്നതായും ആക്ഷേപമുണ്ട്. ഇത് നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും. പുതുതായി മണ്ണാര്‍ക്കാട് കേന്ദ്രീകരിച്ച് ആരംഭിക്കാന്‍ ഉദ്ദ്യേശിക്കുന്ന ശുദ്ധീകരണ പ്ലാന്റോടുകൂടിയ ജലവിതരണ പദ്ധതി പ്രവര്‍ത്തികള്‍ നിശ്ചലാവസ്ഥയിലാണ്. നഗരത്തോട് ചേര്‍ന്നുളള പൊതുകിണറുകള്‍ പരിപാലനമില്ലാതെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറുന്നതും പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയോട് ചേര്‍ന്നുളള വലകുകനാല്‍ കനാല്‍ ബണ്ട് തകര്‍ന്നതോടെ കാഞ്ഞിരപ്പുഴ മുതല്‍ ഒറ്റപ്പാലം വരെയുളള വിവിധ പഞ്ചായത്തുകളുടെ 16ഓളം കുടിവെളള പദ്ധതികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഡാമിനോട് ചേര്‍ന്നുളള പമ്പിങ് സ്റ്റേഷനും, പമ്പും തകര്‍ന്നതോടെ കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്തുകളുടെ സമ്പൂര്‍ണ്ണ കുടിവെളള പദ്ധതിയും നിലച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."