കോടതി നിര്‍ദേശിക്കാത്ത നമ്പറുകളുടെകൂടി േഫാണ്‍ വിശദാംശങ്ങള്‍ ശേഖരിക്കപ്പെട്ടെന്ന് സോളാറില്‍ മൊഴി
കൊച്ചി: ഹൈക്കോടതി നിര്‍ദേശിക്കാത്ത നാലുനമ്പറുകളുടെകൂടി ഫോണ്‍ വിശദാംശങ്ങള്‍ (സി.ഡി.ആര്‍) മുന്‍ ഡി.ജി.പി ടി. പി സെന്‍കുമാറിന്റെ നിര്‍ദേശപ്രകാരം ശേഖരിക്കപ്പെട്ടെന്ന് സോളാര്‍ കമ്മീഷനു മൊഴി. സോളാര്‍ തട്ടിപ്പുകേസുകളിലെ പ്രതി സരിത എസ് നായരുടെ മൂന്നുനമ്പരുകള്‍, കേരള പൊലിസ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍ ബിജു, ട്രഷറര്‍ സി.ടി ബാബുരാജ് എന്നിവരുടെ രണ്ടു വീതം നമ്പരുകള്‍ എന്നിവയടക്കം ഏഴു നമ്പരുകളുടെ സി.ഡി.ആര്‍ എടുക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്. അതിനുപുറമേ മറ്റ് നാലുനമ്പരുകള്‍കൂടി ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ശേഖരിക്കപ്പെട്ടുവെന്ന് കേരള പൊലിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി.ആര്‍ അജിതിനെ ക്രോസ് വിസ്താരം ചെയ്യുന്നതിനിടയില്‍ സോളാര്‍ കമ്മിഷന്‍ അഭിഭാഷകന്‍ അഡ്വ.സി ഹരികുമാറും കമ്മിഷനില്‍ കക്ഷിചേര്‍ന്ന ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്റെ സംസ്ഥാന സെക്രട്ടറി അഡ്വ.ബി രാജേന്ദ്രനും കമ്മിഷനെ അറിയിച്ചു. സംസ്ഥാന പൊലിസ് മേധാവി സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മിഷനില്‍ സമര്‍പ്പിച്ച സിഡിആര്‍ രേഖകളിലാണ് ഈ നാലുനമ്പരുകളുടെ കൂടി വിശദാംശങ്ങളുള്ളത്. ഇതാരുടെ നമ്പരുകളാണെന്നറിയില്ലെന്ന് ജി.ആര്‍ അജിത് പറഞ്ഞു. താന്‍ പരാതിപ്പെട്ടതനുസരിച്ചല്ല ഈ നമ്പരുകളുടെ വിശദാംശങ്ങളെടുത്തിട്ടുള്ളത്. സരിത കമ്മിഷനില്‍ തനിക്കെതിരെ നല്‍കിയ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ടി പി സെന്‍കുമാറിന് ഫെബ്രുവരി അഞ്ചിന് പരാതി നല്‍കിയിരുന്നു. അതെക്കുറിച്ചന്വേഷിക്കാന്‍ ഇന്റലിജന്റ്‌സ് വിഭാഗം ഡിവൈഎസ്പി മുഹമ്മദ്ഷാഫിയെ ചുമതലപ്പെടുത്തിയതനുസരിച്ച് അദ്ദേഹം തന്റെ മൊഴിയെടുത്തു. ഈ സമയം ലോയേഴ്‌സ് യൂണിയന്‍ സെക്രട്ടറി അഡ്വ. ബി രാജേന്ദ്രനും ആംഡ് സെക്യൂരിറ്റി വിഭാഗം എഎസ്‌ഐ ജോര്‍ജ്ജ്കുട്ടിയ്ക്കുമെതിരെ മുഹമ്മദ് ഷാഫിയോട് പറയുകയും നമ്പര്‍ കൈമാറുകയും ചെയ്തു. ഇതനുസരിച്ചാകാം ഇവരുടെ സി.ഡി.ആര്‍ ശേഖരിച്ചത്. എന്നാല്‍ സരിതയുടെ അഭിഭാഷകന്‍ സി.ഡി ജോണിയുടെ സി.ഡി.ആര്‍ ശേഖരിച്ച് തന്റെ പരാതിപ്രകാരമല്ല. കോടതി ഉത്തരവില്ലാതെയോ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാത്തവരെക്കുറിച്ച് അവരുടെ അറിവില്ലാതെയോ സി.ഡി.ആര്‍ ശേഖരിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്ന് തനിക്കറിയാമെന്നും ജി.ആര്‍ അജിത് പറഞ്ഞു.
സരിത അജിതിനെതിരെ ഉന്നയിച്ച ആരോപണം ശരിയല്ലെന്ന് എ.ഡി.ജി.പി എ ഹേമചന്ദ്രന്റെ റിപ്പോട്ടില്‍ പറഞ്ഞിട്ടുണ്ടെന്ന അജിതിന്റെ വാദം തെറ്റാണെന്ന് ഹേമചന്ദ്രന്‍ കമ്മിഷനില്‍ ഹാജരാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി അഡ്വ രാജേന്ദ്രന്‍ പറഞ്ഞു. സരിതയുടെ ആരോപണം ലഭ്യമായ തെളിവുകള്‍വച്ച് ശരിവയ്ക്കാനാവില്ലെന്ന് മാത്രമാണ് റിപ്പോര്‍ട്ടിലുള്ളതെന്ന് അജിത് പിന്നീട് സമ്മതിച്ചു. സരിതയെ താന്‍ ക്ലിഫ്ഹൗസിലും സെക്രട്ടേറിയറ്റിലുംവച്ച് തന്നെ കണ്ടിട്ടുണ്ടെന്ന വാദം തെറ്റാണ്. ടെന്നി ജോപ്പനെ ഫോണിലൂടെ ബന്ധപ്പെട്ടത് മുഖ്യമന്ത്രിയെ കാണുന്നതിനായാണ്.
ഇ മെയില്‍ ഇടപാടുകള്‍ നടത്തിയിട്ടില്ല. എന്നാല്‍ ആര്‍കെയെ നേരിട്ടു വിളിക്കുമായിരുന്നു. കമ്മിഷനെ എതിര്‍കക്ഷിയാക്കി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത് തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായാണ്. കമ്മിഷനെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ അഭിഭാഷകന്‍ തയ്യാറാക്കിയത് തന്റെ അറിവോടെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."