ആര്‍.എസ്.എസുകാര്‍ അടിച്ചുതകര്‍ത്ത പെട്ടിക്കട പുനര്‍നിര്‍മിക്കാന്‍ സഹായം നല്‍കി
കരുനാഗപ്പള്ളി: അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ ആര്‍.എസ്.എസ് സംഘം അടിച്ചു തകര്‍ത്ത പെട്ടിക്കട പുനര്‍നിര്‍മിക്കാന്‍ സഹായഹസ്തവുമായി സി.പി.എം പ്രവര്‍ത്തകര്‍. കരുനാഗപ്പള്ളി ടൗണില്‍ മഹാദേവ ക്ഷേത്രത്തിന് തെക്കുഭാഗത്തായി നാരങ്ങാവെള്ളം കച്ചവടം ചെയ്യുന്ന പടനായര്‍കുളങ്ങര തെക്ക് വലിയപറമ്പില്‍ സമദിന്റെ കടയാണ് ശബരിമല യുവതി പ്രവേശന വിഷയത്തിന്റെ മറവില്‍ കഴിഞ്ഞ രണ്ടിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. ശബരിമല വിഷയത്തിന്റെ പേരില്‍ ഉച്ചയോടെ അപ്രഖ്യാപിത ഹര്‍ത്താലുമായി രംഗത്തിറങ്ങിയ ആര്‍.എസ്.എസ് സംഘം ടൗണിലെ ഒരു വിഭാഗം വ്യാപാരികളുടെ കടകള്‍ തെരഞ്ഞുപിടിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഭവമറിഞ്ഞ് കടയടച്ച് സമദ് പോവുകയും ചെയ്തു. എന്നാല്‍ സ്ഥലത്തെത്തിയ അക്രമകാരികള്‍ അടച്ചിട്ട കട അടിച്ചുതകര്‍ക്കുകയായിരുന്നു.
രോഗിയായ സമദ് മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം പോറ്റുന്നത് ഈ കച്ചവടത്തിലൂടെയാണ്. ജീവിതമാര്‍ഗം ഇല്ലാതെയായി പ്രതിസന്ധിയിലായ സമദിന് കട പുനര്‍നിര്‍മിക്കാനുള്ള ധനസഹായമാണ് സി.പി.എം കരുനാഗപ്പള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ച് നല്‍കിയത്. കരുനാഗപ്പള്ളി ടൗണില്‍ നടന്ന ചടങ്ങില്‍ സി.പി.എം കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി പി.കെ ബാലചന്ദ്രന്‍ ധനസഹായം കൈമാറി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം. ശോഭന അധ്യക്ഷയായി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബി. സജീവന്‍, ജി. സുനില്‍, കോട്ടയില്‍ രാജു, മുരളീധരന്‍പിള്ള, ശശികുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."