കാരണം കാണിക്കല്‍ നോട്ടിസ് നല്കി സര്‍ക്കാര്‍
തിരുവനന്തപുരം: ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങളുമായുള്ള ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് ചെയര്മാന് സ്ഥാനത്തുനിന്ന് ഡോ. അജിത്ത് ഹരിദാസ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് നല്‍കിയെങ്കിലും സ്വീകരിച്ചില്ല.
പകരണം അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ് സര്‍ക്കാര്‍. നിലവിലെ സാഹചര്യങ്ങളും ബോര്‍ഡ് പാസാക്കിയ പ്രമേയവും ചൂണ്ടിക്കാട്ടിയാണ് കാരണം കാണിക്കല്‍ നോട്ടീസ്.
ചെയര്‍മാനെതിരേ ശക്തമായ നീക്കമാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ അംഗങ്ങള്‍ നടത്തിയത്. കഴിഞ്ഞ ദിവസം ചെയര്‍മാനെതിരേ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി സര്‍ക്കാരിനെ അറിയിച്ചിരുന്നു. അംഗങ്ങള്‍ ഒറ്റക്കെട്ടായി നടത്തുന്ന ആക്രമണത്തെ ചെറുക്കാനാകാതെയാണ് ഡോ. അജിത്ത് മുഖ്യമന്ത്രിയെ കണ്ടത്.
ചെയര്‍മാനെന്ന നിലയില്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.
അംഗങ്ങളുടെ താല്പര്യങ്ങള്ക്കനുസരിച്ച് തെറ്റായ കാര്യങ്ങള്‍ അംഗീകരിച്ച് മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. പക്ഷേ അംഗങ്ങളെടുക്കുന്ന കൂട്ടായ തീരുമാനം അംഗീകരിച്ചു പോകണമെന്ന നിര്‍ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്. അതിനു കഴിയില്ലെന്നു പറഞ്ഞാണ് ഡോ.അജിത്ത് രാജിക്കത്ത് നല്‍കിയത്. പക്ഷേ രാജി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. പകരം അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം വി.കെ.മധുവാണ് ഡോ.അജിത്തിനെതിരേ പ്രമേയം അവതരിപ്പിച്ചത്. ഇത് അംഗങ്ങള്‍ ഒറ്റക്കെട്ടായി പാസാക്കുകയും ചെയ്തു. ചെയര്‍മാന്റെ പ്രവര്‍ത്തനങ്ങള്‍ ഏകാധിപത്യപരമാണെന്ന വിമര്‍ശനമുയര്‍ത്തിയായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."