കെ.പി.സി.സി പുനഃസംഘടന: വെട്ടിയും തിരുത്തിയും നേതാക്കള്‍ വീണ്ടും ഡല്‍ഹിയില്‍
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ ജംബോ പട്ടിക വീണ്ടും ചുരുക്കണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് വെട്ടിയും തിരുത്തിയും അന്തിമപട്ടിക തയാറാക്കാന്‍ നേതാക്കള്‍ വീണ്ടും ഡല്‍ഹിക്ക്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഡല്‍ഹിക്ക് പുറപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്കുമായും കെ.സി വേണുഗോപാലുമായും ചര്‍ച്ചകള്‍ നടത്തി. സോണിയാ ഗാന്ധി ചികിത്സാര്‍ഥം വിദേശത്തേക്ക് പോകുന്നതിനാല്‍ അടിയന്തിരമായി അന്തിമപട്ടികക്ക് രൂപംനല്‍കാനാണ് നീക്കം. നൂറോളം പേരുള്‍പ്പെട്ട ഭാരവാഹി പട്ടിക 75 ആക്കി ചുരുക്കാന്‍ കഴിയുമോയെന്നാണ് ശ്രമിക്കുന്നത്.
എ ഗ്രൂപ്പും ഐ ഗ്രൂപ്പും ജനറല്‍ സെക്രട്ടറി പദവിയിലേക്ക് 14 പേരുടെ പട്ടിക വീതമാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ മൂന്ന് പേരെയെങ്കിലും മാറ്റി പകരം ഗ്രൂപ്പു പട്ടികയില്‍ ഇല്ലാത്തവരെ ഉള്‍പ്പെടുത്തണമെന്നാണ് മുല്ലപ്പള്ളി ആഗ്രഹിക്കുന്നത്. ട്രഷറര്‍ കൂടാതെ അഞ്ചു വര്‍ക്കിങ് പ്രസിഡന്റുമാരും ആറ് വൈസ് പ്രസിഡന്റുമാരും 24 ജനറല്‍ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും ഉള്ള പട്ടികയാണ് തയാറാക്കുന്നതെന്നതാണ് സൂചന. ഇത് നൂറിനടത്ത് വരുമെന്നതിനാല്‍ പട്ടിക വീണ്ടും ചുരുക്കാന്‍ പറ്റുമോയെന്നാണ് നേതാക്കള്‍ നോക്കുന്നത്. ഇരട്ടപദവിയിലുള്ളവരെ ഒഴിവാക്കണമെന്ന് മുല്ലപ്പള്ളിക്ക് ആഗ്രഹമുണ്ടെങ്കിലും എല്ലാവരെയും ഒഴിവാക്കാന്‍ പറ്റില്ലെന്ന നിലപാടിലാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും.
പുന:സംഘടന വൈകിയതിനാല്‍ എല്ലാ വിഭാഗങ്ങള്‍ക്കും പരിഗണന നല്‍കികൊണ്ടുവേണം പട്ടിക എന്നതാണ് നേതാക്കള്‍ക്ക് മുന്നിലുള്ള വെല്ലുവിളി. ആരെ ഒഴിവാക്കും എന്നത് ഗ്രൂപ്പ് നേതാക്കള്‍ക്ക് മുന്നില്‍ വലിയൊരു കീറാമുട്ടിയാണ്. ജംബോ പട്ടിക വേണ്ടെന്ന് വെച്ചാല്‍ പലരുടെയും പേരുകള്‍ പട്ടികയില്‍നിന്ന് പുറത്തേക്കുപോകും. ഇത് ഒഴിവാക്കാനാണ് വീണ്ടും കൂടിയോലോചനകള്‍ക്കായി നേതാക്കള്‍ ഒരുവട്ടം കൂടി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."