1,805 കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം, 807 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
തിരുവനന്തപുരം: കേരള പുനര്‍നിര്‍മാണ പദ്ധതിയായ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന് 1,805 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കി. ഇതില്‍ 807 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു.
പൊതുമരാമത്ത് റോഡുകളുടെ പുനര്‍നിര്‍മാണത്തിനായി 300 കോടി, എട്ടുജില്ലകളില്‍ 603 കിലോമീറ്റര്‍ പ്രാദേശിക റോഡുകളുടെ പുനര്‍നിര്‍മ്മാണത്തിന് 488 കോടി, ബ്രഹ്മപുരത്ത് കടമ്പ്രയാര്‍ പുഴയ്ക്കു മീതെ പാലം നിര്‍മാണത്തിന് 30 കോടി, ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ഡിവൈസ് ടെക്‌നോളജിയും പ്രയോജനപ്പെടുത്താന്‍ 20.8 കോടി, വനങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും കണ്ടല്‍കാടുകളുടെ സംരക്ഷണത്തിനും വനാതിര്‍ത്തിക്കകത്തു വരുന്ന സ്വകാര്യ എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതിനും 130 കോടി, കുടുംബശ്രീ മുഖേന ജീവനോപാധി പരിപാടികള്‍ നടപ്പാക്കുന്നതിന് 250 കോടി, വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനും പമ്പ്‌സെറ്റുകള്‍ മാറ്റിവയ്ക്കുന്നതിനും 350 കോടി, ഇടുക്കിക്കും വയനാടിനും പ്രത്യേക പരിഗണന നല്‍കി സംയോജിത കൃഷിയിലൂടെ ജീവനോപാധി മെച്ചപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള കൃഷിവികസന പദ്ധതികള്‍ക്ക് 182.76 കോടി, ജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയാറാക്കുന്ന മാപ്പത്തോണ്‍ പദ്ധതിക്ക് 4.24 കോടി, 70 വില്ലേജ് ഓഫിസുകളുടെ പുനര്‍നിര്‍മാണത്തിനും 40 ഓഫിസുകളുടെ അറ്റകുറ്റപ്പണിക്കും 35 കോടി, ഫിഷറീസ് മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് 5.8 കോടി, ജൈവവൈവിധ്യ സംരക്ഷണ പദ്ധതികള്‍ക്ക് അഞ്ചു കോടി, എറണാകുളത്തും കണ്ണൂരിലും മൊബൈല്‍ ടെലിവെറ്ററിനറി യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് 2.21 കോടി എന്നിവയ്ക്കാണ് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപദേശക സമിതിയോഗം റീബില്‍ഡ് കേരളയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എല്ലാ പദ്ധതികളും കൂടുതല്‍ ജനകീയമാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ വകുപ്പുകളും കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി മാറണം. പുനര്‍നിര്‍മാണ പദ്ധതിക്ക് ലോകബാങ്കില്‍ നിന്ന് ആദ്യഗഡുവായി 1,780 കോടി വായ്പയായി ലഭിച്ചിട്ടുണ്ട്. റോഡ് പുനര്‍നിര്‍മാണത്തിന് ജര്‍മന്‍ ബാങ്കും വായ്പ നല്‍കാന്‍ തയാറായിട്ടുണ്ട്. ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള കേരളം നിര്‍മിക്കുക എന്ന ലക്ഷ്യമാണ് കേരള പുനര്‍നിര്‍മാണ വികസന പരിപാടി (ആര്‍.കെ.ഡി.പി) മുന്നോട്ടുവയ്ക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിവിധ മേഖലകളില്‍ പരിഷ്‌കരണം നടപ്പാക്കാനുള്ള കരട് നിര്‍ദേശങ്ങള്‍ ആര്‍.കെ.ഐ തയാറാക്കിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ഉപദേശക സമിതി ചര്‍ച്ച ചെയ്തു.
കൃഷി, ഭൂവിനിയോഗം എന്നിവ ഉള്‍പ്പെടെ 12 മേഖലകളാണ് പരിഷ്‌കരണത്തിനായി ഇപ്പോള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. വിശദമായ പഠനം നടത്തുകയും വിവിധ വകുപ്പുകളുടെ നിര്‍ദേശങ്ങള്‍ പരിഗണിക്കുകയും ചെയ് ശേഷം മേഖലാ പരിഷ്‌കരണം സംബന്ധിച്ച കരട് നിര്‍ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."