പണിമുടക്കില്‍ സ്തംഭിച്ച് തലസ്ഥാനം
തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂനിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്കില്‍ സ്തംഭിച്ച് തലസ്ഥാനം.
നഗരത്തിലെ ഭൂരിഭാഗം കടകളും അടഞ്ഞുകിടക്കുകയാണ്. നിര്‍ബന്ധിച്ച് കടകള്‍ അടപ്പിക്കില്ലെന്ന് സമരാനുകൂലികള്‍ അറിയിച്ചിട്ടുണ്ടെങ്കിലും പൊലിസ് കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ട്. നാളെ അര്‍ധരാത്രി വരെ നീളുന്ന പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലിന്റെ അന്തരീക്ഷമാണ് സംജാതമാക്കിയിട്ടുള്ളത്. എന്‍.ജി.ഒ അസോസിയേഷനും യൂനിയനും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജീവനക്കാരില്ല. കെ.എസ്.ആര്‍.ടി.സിയുടെ പമ്പ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന പരശുറാം, വേണാട്, രപ്തി സാഗര്‍, ജനശതാബ്ദി ട്രെയിനുകള്‍ സമരക്കാര്‍ തടഞ്ഞു. ഇത് കാരണം പിന്നാലെയുള്ള ട്രെയിനുകള്‍ എല്ലാം പുറപ്പെടാന്‍ മണിക്കൂറുകളോളം വൈകി. തിരുവനന്തപുരത്ത് പുലര്‍ച്ചെ എത്തിച്ചേരേണ്ട അമൃത, മാവേലി, ചെന്നൈ സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയവ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. സെക്രട്ടേറിയറ്റും കലക്ടറേറ്റുമുള്‍പ്പെടെ നഗരത്തെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയെല്ലാം പ്രവര്‍ത്തനം പണിമുടക്കില്‍ സ്തംഭിച്ചു. പണിമുടക്കിന് മുന്നോടിയായി തമ്പാനൂരില്‍ അര്‍ധരാത്രിയില്‍ സംയുക്ത തൊഴിലാളി പ്രകടനം നടന്നു. വിവിധ ജില്ലാ കേന്ദ്രങ്ങളിലും പണിമുടക്ക് വിളംബരം ചെയ്ത് തൊഴിലാളി പ്രകടനം നടന്നു.
ഓട്ടോറിക്ഷകളും, ടാക്‌സികളും, സ്വകാര്യ ബസുകളുമെല്ലാം തിങ്കളാഴ്ച രാത്രി സര്‍വിസ് നിര്‍ത്തി. എന്നാല്‍ നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങളെ തടസപ്പെടുത്തില്ലെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ടാക്‌സികള്‍ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും ചാര്‍ജ്ജ് മൂന്നിരട്ടിയോളം ഈടാക്കുന്നുണ്ടെന്ന് യാത്രക്കാര്‍ പരാതി പറഞ്ഞു. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരില്‍ പലരും ജോലിക്കെത്തിയില്ല. സ്‌കൂളുകള്‍ പലതും പ്രവര്‍ത്തിച്ചില്ല. മറ്റ് ഓഫിസുകളിലും ഹാജര്‍ നില നന്നേ കുറവാണ്.
വെമ്പായം, വെഞ്ഞാറമൂട് മേഖലകളില്‍ പണിമുടക്ക് പൂര്‍ണം
വെഞ്ഞാറമൂട്: തൊഴിളാളി യൂനിയനുകളുടെ പണിമുടക്ക് വെമ്പായം, വെഞ്ഞാറമൂട് മേഖലകലില്‍ പൂര്‍ണമായിരുന്നു.
കെ.എസ്.ആര്‍.ടി.സി വെഞ്ഞാറമൂട് ഡിപ്പോയില്‍ നിന്നുള്ള മുഴുവന്‍ ഡ്രിപ്പുകും മുടങ്ങി. സ്വകാര്യബസുകളും ഓടിയില്ല. ഓട്ടോ,ടാക്‌സി തൊഴിലാളികളും പണിമുടക്കി. വെഞ്ഞാറമൂട്, വെമ്പായം മേഖലയിലെ വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ഇവിടങ്ങളിലെ പെട്ടിക്കടകളുും മറ്റും തുറന്ന് പ്രവര്‍ത്തിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."