തസ്തിക രൂപീകരിക്കാതെ പ്രമോഷന്‍ നല്‍കി മൂന്ന് ഡി.ജി.പിമാര്‍ക്ക് നിയമനം നല്‍കാനാവാതെ സര്‍ക്കാര്‍
തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് തസ്തിക നിര്‍ണയിക്കാതെ നാലു എ.ഡി.ജി.പിമാര്‍ക്ക് ഡി.ജി.പിയായി പ്രമോഷന്‍ നല്‍കിയതിനാല്‍ മൂന്നു ഡി.ജി.പിമാര്‍ക്ക് നിയമനം നല്‍കാനാവാതെ സര്‍ക്കാര്‍.
കഴിഞ്ഞ ഫെബ്രുവരിയില്‍ അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നല്‍കിയ റിപ്പോര്‍ട്ടിനെ അവഗണിച്ചാണ് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നാലു എ.ഡി.ജി.പിമാര്‍ക്ക് ഡി.ജി.പിയായി പ്രമോഷന്‍ നല്‍കിയത്. ഇന്റലിജന്‍സ് മേധാവിയായിരുന്ന എ. ഹേമചന്ദ്രന്‍, വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍റെഡ്ഡി, പൊലിസ് ട്രെയിനിങ് കോളജ് മേധാവി രാജേഷ്ദിവാന്‍, തീരദേശ സുരക്ഷാ വിഭാഗം മേധാവി മുഹമ്മദ് യാസീന്‍ എന്നിവര്‍ക്കാണ് തസ്തിക നിര്‍ണയിക്കാതെ ഡി.ജി.പിമാരായി പ്രമോഷന്‍ നല്‍കിയത്.
1986 ബാച്ചുകാരായ ഇവര്‍ 30 വര്‍ഷത്തെ സര്‍വിസ് പൂര്‍ത്തിയാക്കിയെന്നും അതിനാല്‍ പ്രമോഷന് അര്‍ഹതയുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ കണ്ടെത്തല്‍.
89 ഐ.പി.എസ് തസ്തികകളാണ് കേരളത്തില്‍ അനുവദിച്ചിട്ടുള്ളത്. ഈ കണക്കില്‍ കേന്ദ്രം അനുവദിച്ചിട്ടുളളത് രണ്ടു എക്‌സ് കേഡര്‍ ഡി.ജി.പിയും രണ്ടു കേഡര്‍ ഡി.ജി.പി തസ്തികകളാണ്. അതില്‍ നാലു പേര്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അതിനാല്‍ ഇവര്‍ക്ക് ഡി.ജി.പി കേഡറിലുള്ള ശമ്പളം നല്‍കാന്‍ കഴിയില്ലെന്നും കേന്ദ്രത്തില്‍ നിന്നു സ്‌പെഷ്യല്‍ ഓര്‍ഡര്‍ ലഭിച്ചാലേ ഡി.ജി.പി തസ്തികയിലുള്ള ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയൂവെന്ന്് അന്നു ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് കഴിഞ്ഞ സര്‍ക്കാര്‍ പ്രമോഷന്‍ നല്‍കി. ഇതുവരെയും ഇവര്‍ക്ക് ഡി.ജി.പി തസ്തികയിലുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുമില്ല.
പുതിയ സര്‍ക്കാര്‍ പൊലിസില്‍ അഴിച്ചുപണി നടത്തിയപ്പോള്‍ ഇന്റലിജന്‍സ് മേധാവി സ്ഥാനത്തുനിന്നു നീക്കിയ എ.ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കിയും, വിജിലന്‍സ് ഡയറക്ടറായിരുന്ന എന്‍.ശങ്കര്‍റെഡ്ഡിയെ സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോ മേധാവിയായും, പൊലിസ് ട്രെയിനിങ് കോളജ് മേധാവിയായിരുന്ന രാജേഷ്ദിവാനെ പൊലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കും പരിഗണിക്കുകയും ഉത്തരവിറക്കാന്‍ ചീഫ് സെക്രട്ടറിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഇവരുടെ നിയമന ഉത്തരവ് ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ കുരുങ്ങി. ഇവര്‍ ഇപ്പോള്‍ ഡി.ജി.പിമാരാണെങ്കിലും എ.ഡി.ജി.പി തസ്തികയില്‍ മാത്രമേ നിയമിക്കാന്‍ കഴിയൂ. എ.ഡി.ജി.പിയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ മാത്രമേ ലഭിക്കുകയുമുള്ളൂ. ഇവരുടെ തസ്തിക തീരുമാനിക്കാതെ പ്രമോഷന്‍ നല്‍കിയതിലാണ് ഈ കുരുക്കില്‍ പെട്ടത്. തസ്തിക പുനഃക്രമീകരിക്കാന്‍ ഇനി സര്‍ക്കാര്‍ കേന്ദ്രത്തിനെ സമീപിക്കണം. പ്രശ്‌നം പരിഹരിച്ച് എന്ന് ഉത്തരവിറക്കാന്‍ കഴിയുമെന്നു ചീഫ്. സെക്രട്ടറിയൂടെ ഓഫിസിനു തന്നെ അറിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."