ധര്‍മ്മശാലയില്‍ വന്‍ കഞ്ചാവ് വേട്ട; 16 കിലോ കഞ്ചാവുമായി രണ്ടുപേരെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തു
തളിപ്പറമ്പ്: ധര്‍മ്മശാലയില്‍ വന്‍ കഞ്ചാവ് വേട്ട. എന്‍ജിനീയറിങ് കോളജ് മുന്‍വശത്ത് നിന്ന് 16 കി.ഗ്രാം കഞ്ചാവുമായാണ് രണ്ടുപേരെ തളിപ്പറമ്പ് പൊലിസ് ഇന്നലെ രാവിലെ 9.30ന് പിടികൂടിയത്. കാറിന്റെ സീറ്റുകളുടെ അടിയില്‍ തലയണ രൂപത്തിലാക്കി പ്രസ് ചെയ്ത് ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കുറുമാത്തൂര്‍ സ്വദേശിയും ചുഴലിയില്‍ താമസക്കാരനുമായ സി. ജാഫര്‍, ചപ്പാരപ്പടവ് സ്വദേശിയും ഇപ്പോള്‍ തളിപ്പറമ്പ് കാര്യാമ്പലത്ത് താമസക്കാരനുമായ അലി അക്ബര്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ വാടകയ്ക്കെടുത്ത കാറില്‍ കഞ്ചാവുമായി ധര്‍മ്മശാലയില്‍ നിന്ന് പറശ്ശിനി ഭാഗത്തേക്ക് പോവുകയായിരുന്നു. ആന്ദ്രയിലെ വിശാഖപട്ടണം നര്സിയില് നിന്നും വന്‍തോതില്‍ കഞ്ചാവ് കൊണ്ടുവരുന്നതായി തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
തളിപ്പറമ്പില്‍ കഞ്ചാവ് ചില്ലറ വില്പന നടത്തുന്നവര്‍ക്ക് എത്തിക്കുന്നവരാണ് പിടിയിലായതെന്ന് പൊലിസ് പറഞ്ഞു. കഴിഞ്ഞ ഡിസംബറില്‍ കണ്ണൂരില്‍ 20 കിലോ, കണ്ണപുരം 14, വളപ്പട്ടണം 12 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. ആദ്യമായാണ് ഇത്രയധികം കഞ്ചാവ് തളിപ്പറമ്പ് പൊലിസ് പിടികൂടുന്നത്. പിടിയിലായവര്‍ കഞ്ചാവ് കടത്തുസംഘത്തിലെ പ്രധാനികളാണെന്നും ആവശ്യക്കാരിലേക്ക് കഞ്ചാവെത്തിക്കുന്ന ചെറു സംഘങ്ങളെകുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും പൊലിസ് പറഞ്ഞു. പിടിയിലായ ജാഫറിന്റെ പേരില്‍ കോഴിക്കോട് മാഹി മദ്യം കൈവശം വച്ച കേസും കൊയിലാണ്ടിയില്‍ കളവ് ചെയ്ത മൊബൈല്‍ ഫോണ്‍ വാങ്ങിയ കേസും അലി അക്ബറിന്റെ പേരില്‍ ചെറുപുഴയിലെ തങ്കമ്മ കൊലക്കേസിലെ സ്വര്‍ണം വിറ്റ കേസും 12 കളവ് കേസുമുണ്ട്. ജാഫര്‍ കുറുമാത്തൂരില്‍ റോഷ്നി എല്‍.ഇ.ഡി ഷോപ്പ് ഉടമയാണ്. തളിപ്പറമ്പ് സി.ഐ കെ.ജെ വിനോയ്, എസ്.ഐ കെ. ദിനേശന്, എ.എസ്.ഐ മാരായ ശാര്ങ്ദ്ധരന്, മാത്യു, സീനിയര്‍ സി.പി.ഒ അബ്ദുല്‍ മുത്തലിബ്, സി.പി.ഒമാരായ നിഷാല്‍, രമേശന്, എസ്.പിയുടെ സ്ക്വാഡിലെ അജിത്ത്, മഹേഷ്, മിഥുന്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."