കട്ടുപ്പാറ തടയണയില്‍ ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞു
പെരിന്തല്‍മണ്ണ: മുനിസിപ്പാലിറ്റിയിലും അങ്ങാടിപ്പുറം, പുലാമന്തോള്‍, ഏലംകുളം എന്നീ പഞ്ചായത്തുകളിലും കുടിവെള്ളത്തിനുള്ള പ്രധാന ജല സ്രോതസായ കട്ടുപ്പാറ തടയണയിലെ ജലനിരപ്പ് അപകടകരമാം വിധത്തില്‍ താഴ്ന്നു തുടങ്ങി.
നിലവിലെ സാഹചര്യത്തില്‍ മഴ ലഭിച്ചില്ലെങ്കില്‍ 15 ദിവസം കൂടി മാത്രമെ വെള്ളം ലഭിക്കുകയുള്ളൂ. ദിനംപ്രതി 14 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിനായി ആവശ്യമായി വരുന്നത്. തൂതപ്പുഴയിലെ നീരൊഴുക്ക് ഏറെ കാലത്തിന് ശേഷം വളരെ നേരത്തെ തന്നെ നിലച്ചിരിക്കുകയാണ്. അതുകൊണ്ട് തടയണയില്‍ സംഭരിച്ച വെള്ളം മാത്രമാണ് ഉപയോഗിക്കാനാവുക. ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്ന സമയങ്ങളില്‍ കാഞ്ഞിരപ്പുഴ ഡാം തുറന്ന് പുഴയിലേക്ക് വെള്ളമെത്തിക്കാറുണ്ട്.
എന്നാല്‍ ഇത്തവണ കാഞ്ഞിരപ്പുഴ ഡാമിലും ജലനിരപ്പ് വളരെ താഴെയാണ്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ചെറുതും വലുതുമായ തടയണകള്‍ പുഴയുടെ വിവിധ പ്രദേശങ്ങളിലായി നിര്‍മിച്ചിട്ടുണ്ട്.
അതിനാല്‍ ഡാം തുറന്നാല്‍ തന്നെ മറ്റു ഡാമുകള്‍ നിറഞ്ഞ ശേഷം കട്ടുപ്പാറ തടയണയില്‍ വെള്ളമെത്താനുള്ള സാധ്യത വിദൂരമാണ്. കട്ടുപാറ തടയണയില്‍ നിന്നു തന്നെ വെള്ളമെടുക്കുന്ന ഇറിഗേഷന്‍ പദ്ധതി ഇത്തരം സാഹചര്യങ്ങളില്‍ നിര്‍ത്തിവയ്ക്കാറുണ്ട്. എന്നാല്‍ വാട്ടര്‍ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ആര്‍.ഡി.ഒ നടപടിയെടുത്തിട്ടില്ല. വാട്ടര്‍ അതോറിറ്റി ഉപയോഗിക്കുന്നതിനേക്കാള്‍ ഇരട്ടിയിലധികം വെള്ളമാണ് ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉപയോഗപ്പെടുത്തുന്നത്. ആര്‍.ഡി.ഒയുടെ ഉത്തരവ് വന്നാലും കഴിഞ്ഞ കാലങ്ങളിലെ പോലെ ജനങ്ങള്‍ ആവശ്യമുന്നയിച്ചാല്‍ ആഴ്ചയില്‍ ഒരു തവണയെന്ന തോതിലെങ്കിലും ജലസേചനവകുപ്പ് വെള്ളമെടുക്കാന്‍ നിര്‍ബന്ധിതതരാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."