കോര്‍പറേഷന്‍, ബോര്‍ഡുകള്‍ പിരിച്ചുവിടും
തിരുവനന്തപുരം: സംസ്ഥാനത്തെ കോര്‍പറേഷനുകളിലും ബോര്‍ഡുകളിലും നടത്തിയ എല്ലാ രാഷ്ട്രീയനിയമനങ്ങളും റദാക്കാന്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ കഴിഞ്ഞസര്‍ക്കാര്‍ നിയമിച്ച ചെയര്‍മാന്‍മാര്‍, ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് എന്നിവര്‍ക്കു പുറമെ വിവിധ തസ്്തികകളില്‍ രാഷ്ട്രീയ സ്വാധീനത്താല്‍ ജോലിയില്‍ പ്രവേശിപ്പിച്ച താല്‍ക്കാലികക്കാരും പുറത്താകും.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടാഴ്ചയായിട്ടും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചവര്‍ ബോര്‍ഡിന്റെയും കോര്‍പറേഷന്റെയും തലപ്പത്ത് തുടരുന്നതിനാലാണ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പിരിച്ചു വിട്ടുകൊണ്ടുള്ള ഉത്തരവ് അയക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയതായി അറിയുന്നു. കൂടാതെ അഴിമതി ആരോപണമുണ്ടായിരുന്ന എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഫയലുകള്‍ വിളിച്ചുവരുത്താനും ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമായാല്‍ ആ ഫയല്‍ വിജിലന്‍സിനു കൈമാറാനും തീരുമാനിച്ചു. കോര്‍പറേഷനുകളിലും ബോര്‍ഡുകളിലും കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ നിയമനങ്ങളും നിര്‍ണായക തീരുമാനങ്ങളും വിശദമായി പരിശോധിക്കാനും അഴിമതി കണ്ടെത്തിയാല്‍ വിജിലന്‍സിനു കൈമാറാനും അതാത് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കി.
കൂടാതെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും രാഷ്ട്രീയ സ്വീധീനത്തില്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാനും തീരുമാനിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ അപ്രഖ്യാപിത നിയമനനിരോധനം കൊണ്ടുവന്നതിനു ശേഷം കോഴവാങ്ങി നിരവധി പേരെ നിയമിച്ചിട്ടുണ്ടെന്ന ആക്ഷേപമുണ്ടായിരുന്നു. സംസ്ഥാനത്ത് എല്ലാ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമായി ഏതാണ്ട് പതിനായിരത്തിലധികം പേര്‍ താല്‍ക്കാലിക ജീവനക്കാരായി ജോലിനോക്കുന്നുണ്ട്. പല വകുപ്പുകളും ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയാതെ രാഷ്ട്രീയ ഇടപെടല്‍മൂലം താല്‍ക്കാലിക ജീവനക്കാരെ തിരുകിക്കയറ്റുകയായിരുന്നു. 156 പൊതുമേഖലാ സ്ഥാപനങ്ങളിലായി പല ഒഴിവുകളിലും കഴിഞ്ഞ സര്‍ക്കാരിന്റെ നോമിനികള്‍ നിരവധി നിയമനങ്ങള്‍ നടത്തിയിട്ടുണ്ട്. ഈ നിയമനങ്ങളുടെ പൂര്‍ണവിവരം ശേഖരിക്കാന്‍ ചീഫ് സെക്രട്ടറിക്കു മന്ത്രിസഭായോഗം നിര്‍ദേശം നല്‍കി. ചീഫ് സെക്രട്ടറി അതതു വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും മേധാവികളില്‍ നിന്നാണ് റിപ്പോര്‍ട്ട് ശേഖരിക്കേണ്ടത്. ഇവിടെയെല്ലാം പി.എസ്.സി വഴി നിയമനം നല്‍കാന്‍ കഴിയുമോ എന്നു നോക്കണമെന്നും അല്ലെങ്കില്‍ എംപ്ലോയ്‌മെന്റില്‍ നിന്നു നിയമനം നടത്താനും വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കാനും മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. കൂടാതെ അടുത്ത ആറുമാസത്തിനുള്ളില്‍ ഉണ്ടാകുന്ന ഒഴിവുകളും ലീവ് വേക്കന്‍സിയില്‍ വരുന്ന ഒഴിവുകളും ഉടന്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയണമെന്നും സര്‍ക്കാര്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കാനും തീരുമാനിച്ചു. കഴിഞ്ഞ ശമ്പള കമ്മിഷന്‍ മുപ്പതിനായിരത്തിലധികം ജീവനക്കാര്‍ വിവിധ വകുപ്പുകളിലായി അധികമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതു വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും അറിയുന്നു. അതിനിടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരോപണമുണ്ടായതും അനധികൃത നിയമനങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ചില പൊതുമേഖലാ സ്ഥാപനങ്ങളിലെ മേധാവികളുടെ പേരില്‍ നടപടി സ്വീകരിച്ചു തുടങ്ങി. ചിലരെ സ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."