വെഞ്ചാലി കാപ്പിലെ വെള്ളവും വറ്റി; മീന്‍ പിടിത്തക്കാര്‍ക്ക് ചാകര
തിരൂരങ്ങാടി: പ്രതീക്ഷയുടെ നീരുറവയും വറ്റി. മീന്‍പിടുത്തക്കാര്‍ക്ക് ചാകര. വെഞ്ചാലി വയലില്‍ കൃഷിയിറക്കിയ കര്‍ഷകരുടെ അവസാന പ്രതീക്ഷയായിരുന്ന വെഞ്ചാലി കാപ്പിലെ വെള്ളമാണ് പ്രതീക്ഷകള്‍ തെറ്റിച്ച് ഇത്തവണ വറ്റിയത്. സാധാരണ കൃഷി കൊയ്‌തെടുത്തതിന് ശേഷം വറ്റാറുള്ള കാപ്പില്‍ ഇത്തവണ നേരത്തേ വരള്‍ച്ച അനുഭവപ്പെടുകായായിരുന്നു. തുലാമഴകുറഞ്ഞത് വരള്‍ച്ചയ്ക്ക് ആക്കം കൂട്ടി. കാപ്പിലെയും വെഞ്ചാലിയിലെയും വെള്ളം തടഞ്ഞുനിര്‍ത്താന്‍ ന്യൂകട്ട് പാറയിലെ താല്‍ക്കാലിക തടയണയുടെ നിര്‍മാണം വൈകിയതും കനത്ത തിരിച്ചടിയായി. തടയണ നിര്‍മിക്കാന്‍ കര്‍ഷകര്‍ മുറവിളി കൂട്ടിയിരുന്നെങ്കിലും അധികൃതര്‍ ഗൗനിച്ചിരുന്നില്ല. ഇതോടെ വെഞ്ചാലിയിലെ വെള്ളം പൂരപ്പുഴവഴി കടലിലേക്ക് ഒഴുക്കിപ്പോവുകയാണുണ്ടായത്.
വെഞ്ചാലി, കൊടിഞ്ഞി, കുണ്ടൂര്‍ കൃഷി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഏക്കര്‍കണക്കിന് ഭൂമിയില്‍ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണ് വെഞ്ചാലികാപ്പ്. പില്‍ക്കാലത്ത് തിരൂരങ്ങാടി പഞ്ചായത്ത് സൈഡ്ഭിത്തി കെട്ടി ആറടിയോളം താഴ്ചയുള്ള കാപ്പിലെ വെള്ളം സംരക്ഷിച്ചു വരികയായിരുന്നു. സൈഡ് ഭിത്തി പലഭാഗത്തും തകര്‍ന്നിട്ടുണ്ട്. വെള്ളം വറ്റിയതോടെ ജില്ലയുടെ പലഭാഗങ്ങളില്‍നിന്നും ആളുകള്‍ മീന്‍ പിടിക്കാനെത്തി. ബ്രാല്‍,കടു, മൊശു തുടങ്ങി പതിനായിരക്കണക്കിന് രൂപയുടെ മത്സ്യങ്ങളാണ് ഇന്നലെ വലയും ഒറ്റിലും ഉപയോഗിച്ച് പിടിച്ചു കയറ്റിയത്. പത്തുവര്‍ഷത്തോളമായി കാപ്പില്‍ മത്സ്യബന്ധനം നടത്തിയിട്ട്. അതേസമയം കാപ്പില്‍ അവശേഷിക്കുന്ന വെള്ളം അടിച്ചു വാര്‍ത്തുള്ള മീന്‍പിടുത്തം ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. രണ്ടുദിവസമെങ്കിലും നെല്‍കൃഷിക്ക് ഉപയോഗിക്കേണ്ട വെള്ളമാണ് നശിപ്പിച്ചതെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."