പ്രകൃതിദുരന്തങ്ങളൊഴിവാക്കാം: സ്‌കൂളുകളില്‍ സുരക്ഷാപദ്ധതി നടപ്പാക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: ഇനിയൊരു കുട്ടിയും വിദ്യാലയത്തിലോ യാത്രക്കിടയിലോ പ്രകൃതിദുരന്തത്തിനിരയാകാതിരിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയുടെ കരുതല്‍.
പ്രകൃതി ദുരന്തങ്ങളില്‍ നിന്നു കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ സ്‌കൂളുകളില്‍ സുരക്ഷാപദ്ധതി നടപ്പാക്കണമെന്ന് അതോറിറ്റി നിര്‍ദേശം നല്‍കി. ആദ്യമായി വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ സമ്പൂര്‍ണ സുരക്ഷാപരിശോധന നടത്തണം. ഇതിന്റെയടിസ്ഥാനത്തില്‍ ഓരോ സ്‌കൂളുകളും സ്വന്തമായി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കണം. ഇതോടൊപ്പം എല്ലാ സ്‌കൂളുകളിലും ദുരന്തസാധ്യതാ അപഗ്രഥനം നടത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
സ്‌കൂളുകളിലെത്തുന്ന കുട്ടികള്‍ സുരക്ഷിതരായിരിക്കാനുള്ള മുന്‍കരുതലുകളോ, മാര്‍ഗങ്ങളോ അധികൃതര്‍ മുന്‍കൂട്ടി തയാറാക്കേണ്ടതാണ്. ഇതിനായിട്ടാണ് സ്‌കൂളുകളില്‍ ദുരന്തസാധ്യതാ അപഗ്രഥനം നടത്തേണ്ടത്.
സ്‌കൂളിലും യാത്രാമധ്യേയും എന്തൊക്കെ അപകടങ്ങള്‍ക്കാണ് സാധ്യതയെന്ന് കണ്ടെത്തണം. അവ വിലയിരുത്തി നടപടിയെടുക്കണം. സമ്പൂര്‍ണ സുരക്ഷാ ഓഡിറ്റ് നടത്തുന്നതിലൂടെ ഓരോ സന്ദര്‍ഭത്തിലും കുട്ടികള്‍ക്കുണ്ടാകാനിടയുള്ള ദുരന്ത സാധ്യതകള്‍ നിര്‍ണയിച്ച് പ്രതിരോധിക്കാന്‍ കഴിയണം. ദുരന്തആഘാതത്തെ പ്രതിരോധിക്കാനും ആഘാത ലഘൂകരണത്തിനുമുള്ള നടപടികള്‍ സ്വീകരിക്കണം.
അടിയന്തരഘട്ടത്തില്‍ പ്രതികരിക്കുന്നതിന് സ്‌കൂള്‍ അധ്യാപകര്‍, പി.ടി.എ, സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, എന്‍.സി.സി, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍, സാമൂഹ്യ സേവന രംഗത്തുള്ളവര്‍, സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ കക്ഷികള്‍ തുടങ്ങിയവര്‍ സജ്ജമായിരിക്കണം. അതിനായി സ്‌കൂളുകള്‍ക്ക് വ്യക്തമായ ഡിസാസ്റ്റര്‍ മാനേജ്മന്റ് പ്ലാന്‍ ഉണ്ടായിരിക്കണം.
പ്ലാന്‍ സംബന്ധിച്ചുള്ള അറിവ് സ്‌കൂള്‍ അധികാരികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉണ്ടായിരിക്കണം.
അപകടസാധ്യതയെക്കുറിച്ചും സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ചുമുള്ള പരിശീലനം അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും നല്‍കണം. സ്‌കൂളില്‍ സുരക്ഷാ സമിതി പ്രവര്‍ത്തിക്കണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ ഇക്കാര്യങ്ങള്‍ നിര്‍വഹിക്കണം.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പരിശീലന കേന്ദ്രമായ ഐ.എല്‍.ഡി.എമ്മിന് ഈ രംഗത്ത് സേവനം നല്‍കാന്‍ കഴിയും.
സ്‌കൂള്‍ സുരക്ഷാപദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകുമ്പോള്‍ വിവിധ വകുപ്പുകളുടെ ഏകോപനവും പ്രധാനമാണ്. വിദ്യാഭ്യാസ വകുപ്പ് ഇതിനു മുന്‍കൈയെടുക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു. പുതിയ അധ്യയനവര്‍ഷം ആരംഭിച്ച അന്നുതന്നെ കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തിന്റെ തൂണിടിഞ്ഞു വീണ് ഒരു കുട്ടി മരണപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം കോട്ടയത്ത് സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണു. കുട്ടികളാരും അപ്പോള്‍ അവിടെ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. കനത്തമഴയില്‍ ചെങ്ങന്നൂരില്‍ വനിതാ ഐ.ടി.ഐയുടെ മേല്‍ക്കൂര തകര്‍ന്നു വീണു. പന്ത്രണ്ടു വിദ്യാര്‍ഥിനികള്‍ക്കു പരുക്കേറ്റു.
സംസ്ഥാനത്തെ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഭാഗീകമായോ, ചിലത് പൂര്‍ണമായോ അപകടാവസ്ഥയിലാണ്. ഇത്തരം സ്‌കൂളുകളില്‍ പഠിക്കാനെത്തുന്ന കുട്ടികള്‍ അപകടമുനയിലാണെന്നും ദുരന്ത നിവാരണ അതോറിട്ടി അധികൃതര്‍ 'സുപ്രഭാത'ത്തോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."